IndiaNEWS

തിരഞ്ഞെടുപ്പു പരാജയം ചര്‍ച്ചചെയ്ത് കോണ്‍ഗ്രസ്; സംസ്ഥാനങ്ങളില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന നേതാക്കളുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തി. വിജയിക്കുമെന്ന അമിത ആത്മവിശ്വാസമാണ് മധ്യപ്രദേശില്‍ പാര്‍ട്ടിക്കു വിനയായതെന്നു യോഗം വിലയിരുത്തി. സ്ത്രീകള്‍, ഒബിസി വിഭാഗങ്ങള്‍ എന്നിവര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചില്ല.

കമല്‍നാഥിനെ നേതൃത്വത്തില്‍ നിന്നു മാറ്റണമെന്ന ആവശ്യം സംസ്ഥാന ഘടകത്തില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം ബാക്കിനില്‍ക്കെ പുതിയൊരു നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് നേതൃത്വത്തെ അലട്ടുന്നുണ്ട്.

Signature-ad

രാജസ്ഥാനില്‍ അശോക് ഗെലോട്ടിനെ നേതൃസ്ഥാനത്തു നിന്നു മാറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘തിരഞ്ഞെടുപ്പിലെ പ്രകടനം മോശമല്ലല്ലോ, മാറ്റത്തിന്റെ ആവശ്യമെന്താണ്’ എന്നായിരുന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയുടെ ചോദ്യം. സച്ചിന്‍ പൈലറ്റിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഛത്തീസ്ഗഡില്‍ ഗോത്രവിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ അതിവേഗം ആരംഭിക്കണമെന്ന് നേതൃയോഗം നിര്‍ദേശിച്ചു. മിസോറമില്‍ അധികാരത്തിലേറിയ സെഡ്പിഎം ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയതായി കോണ്‍ഗ്രസ് സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Back to top button
error: