ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരു കുട്ടിയടക്കം എട്ട് യാത്രക്കാര്‍ വെന്തുമരിച്ചു. ശനിയാഴ്ച രാത്രി ബറേലിയില്‍ ഭോജിപുരയ്ക്ക് സമീപം നൈനിറ്റാള്‍ ഹൈവേയിലാണ് അപകടം സംഭവിച്ചത്. സെന്‍ട്രല്‍ ലോക്കായ കാറില്‍ കുടുങ്ങിയ ഏഴ് മുതിര്‍ന്നവരും ഒരു കുട്ടിയും മരിച്ചുവെന്ന് പോലീസ് പറഞ്ഞു.
ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ചയുടന്‍ വലിയ പൊട്ടിത്തെറി ഉണ്ടായി. സമീപത്ത് താമസിക്കുന്ന നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അപകടവിവരം ലഭിച്ചയുടന്‍ പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി തീയണച്ചു. സെന്‍ട്രല്‍ ലോക്ക് ചെയ്തിരുന്നതിനാല്‍ കാറില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് രക്ഷപ്പെടാനായില്ലെന്ന് പ്രാഥമിക വിലയിരുത്തല്‍ . ട്രക്കിലുണ്ടയിരുന്ന രണ്ട് പേര്‍ക്ക് ?ഗുരുതരമായി പരിക്കേറ്റു.
കാര്‍ എതിര്‍ പാതയിലേക്ക് മറിഞ്ഞ് ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് ബറേലി സീനിയര്‍ പോലീസ് സൂപ്രണ്ട് സുശീല്‍ ചന്ദ്ര ഭാന്‍ ധൂലെ പറഞ്ഞു. കാര്‍ സെന്‍ട്രല്‍ ലോക്ക് ആയിരുന്നതിനാല്‍ തീപിടിത്തത്തില്‍ വാഹനത്തിലുള്ളവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. കാര്‍ യാത്രികര്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.