KeralaNEWS

ഫോണ്‍ സ്വിച്ച് ഓഫ്; ഹാദിയ തടവിലെന്നാരോപിച്ച് പിതാവ് ഹൈക്കോടതിയില്‍: വീണ്ടും വിവാഹിതയായെന്ന് ഹാദിയ

കൊച്ചി: മകള്‍ ഡോ.അഖിലയെന്ന ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു വൈക്കം സ്വദേശി കെ.എം.അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി 12 ന് പരിഗണിക്കും. മലപ്പുറം സ്വദേശി എ.എസ്.സൈനബ ഉള്‍പ്പെടെയുള്ളവരുടെ നിയമവിരുദ്ധ കസ്റ്റഡിയിലാണ് മകളെന്നാണു ഹര്‍ജിയിലെ ആരോപണം. മലപ്പുറത്ത് മകള്‍ ഹോമിയോ ക്ലിനിക് തുടങ്ങിയെന്ന് അശോകന്റെ ഹര്‍ജിയില്‍ പറയുന്നു.

താനും ഭാര്യയും മകളെ ഫോണില്‍ വിളിക്കുകയും ഇടയ്ക്കു ക്ലിനിക്കിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പലപ്പോഴും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മൂന്നിന് ക്ലിനിക്കില്‍ എത്തിയപ്പോള്‍ അടഞ്ഞുകിടക്കുകയായിരുന്നു. മകള്‍ എവിടെയാണെന്ന് അറിയില്ലെന്നാണു പരിസരത്തുള്ളവര്‍ പറഞ്ഞതെന്നും അറിയിച്ചു. വിവാഹം ചെയ്ത ഷഫിന്‍ ജഹാനുമായി ദാമ്പത്യ ബന്ധമില്ലെന്നും ഷഫീന്റെ വിവരങ്ങള്‍ അറിയില്ലെന്നും ഇതിനിടെ, മകള്‍ പറഞ്ഞിരുന്നെന്നും ഹര്‍ജിയില്‍ അറിയിച്ചു.

Signature-ad

അതിനിടെ ഷഫിനുമായി വിവാഹമോചിതയായെന്നും തന്റെ ഇഷ്ടപ്രകാരം മറ്റൊരാളെ വിവാഹം ചെയ്‌തെന്നും ഹാദിയ ഒരു വീഡിയോയില്‍ വെളിപ്പെടുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ”വിവാഹിതയാകാനും അതില്‍നിന്ന് പുറത്തുവരാനും ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഇത് സമൂഹത്തില്‍ സാധാരണ നടക്കുന്നതാണ്. എന്റെ കാര്യത്തില്‍ മാത്രം സമൂഹത്തിന് എന്താണ് ഇത്ര പ്രശ്‌നം എന്ന് മനസ്സിലാകുന്നില്ല. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തയായ ഒരു സ്ത്രീയാണ് ഞാന്‍. എനിക്ക് വിവാഹബന്ധവുമായി മുന്നോട്ടു പോകാന്‍ കഴിയാതെ വന്നപ്പോള്‍ ഞാന്‍ അതില്‍നിന്ന് പുറത്തുവന്നു. ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ള മറ്റൊരാളെ ഞാന്‍ വിവാഹം ചെയ്തു. ഒരു മുസ്‌ലിം ആയി ജീവിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ മാതാപിതാക്കള്‍ക്കും ഈ പുനര്‍വിവാഹത്തെ കുറിച്ച് അറിയാം.

ഞാന്‍ ഒളിവിലല്ല, എന്റെ ഫോണ്‍ സ്വിച്ച് ഓഫുമല്ല. തുടക്കം മുതല്‍ എന്റെ പിതാവ് എന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല. എന്റെ പിതാവ് എന്നും സംഘപരിവാറിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണ്.” ഹാദിയ വീഡിയോയില്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന അഖില ഇസ്ലാം മതം സ്വീകരിക്കുകയും കൊല്ലം സ്വദേശി ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഏറെ നിയമ നടപടികളുണ്ടായി. അവസാനം വിവാഹം സുപ്രീം കോടതി ശരിവച്ചു. ഹര്‍ജി ഇന്നലെ ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നെങ്കിലും ഹേബിയസ് കോര്‍പസ് ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റിസ് അനു ശിവരാമന്‍ അധ്യക്ഷയായ ബെഞ്ചിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

 

Back to top button
error: