FoodLIFE

ഇറച്ചിക്ക് പകരമായി ഇറച്ചിയുടെ അതേ രുചിയില്‍ തയ്യാറാക്കി കഴിക്കാവുന്ന വെജ് വിഭങ്ങൾ

ചിലര്‍ ഇറച്ചിയോ മീനോ ഒന്നും കഴിക്കാത്തവര്‍ ആയിരിക്കും. അവരെ സംബന്ധിച്ച് ഇറച്ചിയുടെയോ മീനിന്‍റെയോ ഗുണങ്ങള്‍ക്ക് പകരം വയ്ക്കാവുന്ന വെജ് വിഭവങ്ങളും കഴിക്കാവുന്നതാണ്. എന്നാല്‍ ഇറച്ചിയും മീനും കഴിക്കുന്നവര്‍ തന്നെ ചില കാരണങ്ങള്‍ കൊണ്ട് ഇവ കഴിക്കാൻ പറ്റാതിരിക്കുന്ന സമയങ്ങളില്‍ ഇതേ രുചിയുള്ള മറ്റ് വിഭവങ്ങള്‍ക്ക് ആഗ്രഹിക്കാറുണ്ട്.

ഇത്തരത്തില്‍ ഇറച്ചിക്ക് പകരമായി ഇറച്ചിയുടെ അതേ രുചിയില്‍ തയ്യാറാക്കി കഴിക്കാവുന്ന വെജ് വിഭങ്ങളുണ്ട്. ഇങ്ങനെ ഇറച്ചിയുടെ രുചിക്ക് പകരം വയ്ക്കാവുന്ന അഞ്ച് വെജ് വിഭവങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇത് മിക്കവര്‍ക്കും അറിയുന്നത് തന്നെയായിരിക്കും. എങ്കിലും അറിയാത്ത ചിലര്‍ക്കെങ്കിലും പുതിയ വിവരം ആയിരിക്കും.

Signature-ad

ടോഫു…

കാഴ്ചയില്‍ പനീര്‍ പോലെ തോന്നുമെങ്കിലും ടോഫു പനീര്‍ അല്ല. പനീര്‍ ചീസ് ആണ്. എന്നുവച്ചാല്‍ പാലിന്‍റെ ഉത്പന്നം. എന്നാല്‍ ടോഫു സോയ മില്‍ക്കില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇറച്ചിയുടെ രുചിയോട് ചേര്‍ന്ന് നില്‍ക്കുന്ന രുചിയാണ് ടോഫുവിനുള്ളത്. ഇത് ഇറച്ചി പാകം ചെയ്യുന്നത് പോലെയെല്ലാം പാകം ചെയ്ത് കഴിക്കാവുന്നതാണ്. ഇറച്ചിയുടെ പ്രധാന ഗുണമായ പ്രോട്ടീൻ ഇതില്‍ നിന്നും കിട്ടും. കാത്സ്യത്തിന്‍റെയും നല്ലൊരു ഉറവിടമാണ് ടോഫു.

പനീര്‍…

പനീര്‍ ഇറച്ചിക്ക് പകരമായി കഴിക്കുന്നതിനെ കുറിച്ച് മിക്കവാറും പേര്‍ക്കും അറിയാം. പനീര്‍ മുമ്പേ സൂചിപ്പിച്ചത് പോലെ പാലുത്പന്നമാണ്. വീട്ടില്‍ തന്നെ പാല്‍ വച്ച് തയ്യാറാക്കിയെടുക്കുകയോ അല്ലെങ്കില്‍ കടകളില്‍ നിന്ന് വാങ്ങിക്കുകയോ ചെയ്യാം. ഇറച്ചി ചെയ്യുന്നത് പോലെ തന്നെ ഫ്രൈ, മസാല കറി, റോസ്റ്റ് എന്നിങ്ങനെ പല രീതിയിലും പനീര്‍ തയ്യാറാക്കാം. പ്രോട്ടീനും കാത്സ്യവുമെല്ലാം പനീറില്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ ആരോഗ്യത്തിനും നല്ലതാണിത്.

കൂണ്‍…

ഇറച്ചിക്ക് പകരമായി ഉപയോഗിക്കാവുന്ന നല്ലൊരു വെജ്- അതേ സമയം തനിനാടൻ രുചിയാണ് കൂണ്‍. ഇറച്ചി വരട്ടുന്നത് പോലെയോ മസാലക്കറി വയ്ക്കും പോലെയോ എല്ലാം കൂണ്‍ തയ്യാറാക്കിയാല്‍ നല്ല രുചിയാണ്. കൂണും പ്രോട്ടീന്‍റെ നല്ലൊരു സ്രോതസാണ്. പ്രോട്ടീനിന് പുറമെ ഫൈബര്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിങ്ങനെ ശരീരത്തിന് പലവിധത്തില്‍ ഗുണകരമാകുന്ന പല പോഷകങ്ങളും കൂണില്‍ അടങ്ങിയിരിക്കുന്നു.

ചക്ക…

പലര്‍ക്കും അറിയാത്തൊരു കാര്യമാണിത്. ഇറച്ചിക്ക് പകരം ചക്കയും അതുപോലെ കറിയോ റോസ്റ്റോ എല്ലാം ആക്കിയെടുക്കാവുന്നതാണ്. എന്നാല്‍ ചില പ്രായമായവര്‍ക്കൊക്കെ ഈ വിവരം അറിയാവുന്നതായിരിക്കും. ചക്കയിലും വൈറ്റമിനുകള്‍, ധആതുക്കള്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിങ്ങനെ പലവിധഗുണങ്ങളും അടങ്ങിയിട്ടുള്ളതാണ്.

വഴുതനങ്ങ…

ഏറെ മാംസളമായതിനാല്‍ തന്നെ വഴുതനങ്ങയും ഇറച്ചി പാകം ചെയ്തെടുക്കുന്ന്ത പോലെ പാകം ചെയ്തെടുത്താല്‍ നല്ല രുചിയുമാണ് നോണ്‍-വെജ് കഴിച്ച അനുഭവവും ആയിരിക്കും. എന്നാല്‍ വഴുതനങ്ങക്ക് അധികം വേവില്ലാത്തതിനാല്‍ കുഴഞ്ഞുപോകാതെ നോക്കണം. വഴുതനങ്ങയാണെങ്കിലും ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ പകരുന്നൊരു വിഭവം തന്നെ.

Back to top button
error: