ന്യൂഡല്‍ഹി: രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ബിജെപിയുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരാനിരിക്കെ, മുന്‍ രാജസ്ഥാന് മുഖ്യമന്ത്രിയും രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍നിരയിലുമുള്ള വസുന്ധര രാജെ ഡല്‍ഹിയിലെത്തി. കഴിഞ്ഞ ദിവസം രാത്രി ഡല്‍ഹിയിലെത്തിയ അവര്‍, ബിജെപിയുടെ യോഗത്തെക്കുറിച്ചോ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചോ ഉള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. ഇതു സംബന്ധിച്ച ചോദ്യത്തിന്, ‘ഞാന്‍ എന്റെ മരുമകളെ കാണാന്‍ വന്നതാണ്’ എന്നായിരുന്നു മറുപടി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട അറുപതോളം ബിജെപി എംഎല്‍എമാര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി വസുന്ധരയെ അവരുടെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. രണ്ടു തവണ മുഖ്യമന്ത്രിയായ വസുന്ധര രാജെ രാജസ്ഥാന്റെ ചരിത്രത്തിലെ ഏക വനിതാ മുഖ്യമന്ത്രിയാണ്. ജനസംഘത്തിന്റെയും ബി.ജെ.പിയുടെയും സ്ഥാപക നേതാക്കളിലൊരാളായിരുന്ന ഗ്വാളിയോര്‍ മഹാറാണി രാജമാതാ വിജയെരാജെ സിന്ധ്യയുടെ മകളാണ്.
199 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 115 സീറ്റുനേടിയാണ് ബിജെപി അധികാരത്തിലേറുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 69 സീറ്റുകള്‍ നേടി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി എംപിമാര്‍ ബുധനാഴ്ച എംപി സ്ഥാനം രാജിവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ മന്ത്രിസഭകളിലെത്തുമെന്ന് അഭ്യൂഹമുണ്ട്. എംപി സ്ഥാനം രാജിവച്ചവരില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യവര്‍ധന്‍ റാത്തോഡ്, കിരോഡി ലാല്‍ മീണ, ദിയ കുമാരി എന്നിവരും മധ്യപ്രദേശില്‍ നിന്നുള്ള നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, റിതി പഥ, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, എന്നിവരും ഉള്‍പ്പെടുന്നു.