മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളിലും തന്റെ പാര്‍ട്ടിയായ വഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ) മത്സരിക്കുമെന്ന് മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന് പ്രകാശ് അംബേദ്കര്‍ മുന്നറിയിപ്പു നല്കി. ശക്തമായ മത്സരം വന്നാല്‍ സംസ്ഥാനത്തെ ഏതാനും മണ്ഡലങ്ങളില്‍ വിജയം നിര്‍ണയിക്കാന്‍ ശക്തിയുള്ള നേതാവാണ് ഡോ. അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ്.
ഉദ്ധവ് താക്കറെ നേതൃത്വം നല്കുന്ന ശിവസേനയുമായി സഖ്യത്തിലാണ് പ്രകാശ് അംബേദ്കറുടെ പാര്‍ട്ടി. അതേസമയം, കോണ്‍ഗ്രസും എന്‍സിപി ശരദ് പവാര്‍ പക്ഷവും അവഗണിക്കുന്നതിനാല്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയില്‍ കയറിക്കൂടാനുള്ള പ്രകാശിന്റെ ശ്രമം വിജയിച്ചിരുന്നില്ല.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു തിരിച്ചടിയേറ്റിരിക്കെയാണ് ഒറ്റയ്ക്കു മത്സരിക്കുമെന്ന മുന്നറിയിപ്പുമായി പ്രകാശ് സമ്മര്‍ദം സൃഷ്ടിക്കുന്നത്. പാര്‍ട്ടി 48 സീറ്റുകളിലും മത്സരിച്ചാല്‍ ദളിത് വോട്ടുകള്‍ ചിതറുമെന്നും അതു തടയാനായി മഹാ വികാസ് അഘാഡിയും ഇന്ത്യ മുന്നണിയും തനിക്കു പരിഗണന നല്‍കണമെന്നുമാണ് പ്രകാശ് നല്കുന്ന സൂചന.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കറും അസദുദ്ദീന്‍ ഉവൈസിയും ചേര്‍ന്നുള്ള സഖ്യം സംസ്ഥാനത്തെ ഏഴു ലോക്സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന്റെ തോല്‍വിക്കു കാരണമായിരുന്നു. ദളിത്, ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപി ഇറക്കിയ ബി ടീമാണ് ഇവരുടേതെന്നായിരുന്നു കോണ്‍ഗ്രസും എന്‍സിപിയും ആരോപിച്ചിരുന്നത്.