CrimeNEWS

വീടിന്റെ പെയിന്റ് പണിയുൾപ്പെടെ നടത്തി, വരന്റെ ബന്ധുക്കൾ ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ടു, വിവാഹം മുടങ്ങി; ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണം വിവാഹം മുടങ്ങിയതെന്ന് കുടുംബം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ മരണത്തിൽ ആരോപണവുമായി ഷഹനയുടെ കുടുംബം രം​ഗത്ത്. വിവാഹം മുടങ്ങിയതാണ് ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം പറയുന്നു. ഷഹന പിജി വിദ്യാർത്ഥിയായിരുന്ന സമയത്ത് വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കം മൂലം വിവാ​ഹം മുടങ്ങിയതായും ബന്ധുക്കൾ ആരോപിക്കുന്നു.

വീടിന്റെ പെയിന്റ് പണിയുൾപ്പെടെ നടത്തി വിവാഹത്തിന് സജ്ജമായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഈ സമയത്താണ് ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കളെത്തിയത്. എന്നാൽ ഇത് നൽകാൻ കഴിയുമായിരുന്നില്ല. അതിനാൽ വിവാഹം മുടങ്ങിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഷഹന. ഷഹനയ്ക്ക് ഡിപ്രഷനുൾപ്പെടെ വന്നിരുന്നുവെന്നും സഹോദരൻ പറയുന്നു. ഷഹനയുടെ മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പിലും സാമ്പത്തിക തർക്കങ്ങൾ എന്ന് സൂചിപ്പിച്ചിരുന്നു. ഇതും വിരൽ ചൂണ്ടുന്നത് വിവാഹം മുടങ്ങിയതിലേക്കാണ്. അതേസമയം, ഷഹനയുടെ മരണത്തെക്കുറിച്ച് ക്യാമറയ്ക്ക് മുന്നില്‍ പ്രതികരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോവുകയാണ്.

Signature-ad

അനസ്തേഷ്യ മരുന്ന് കുത്തിവച്ചാണ് ഷഹനി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്ലാറ്റ് മുറിയില്‍ അബോധാവസ്ഥയില്‍ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹ്നയെ കണ്ടെത്തിയത്. സഹപാഠികളാണ് അബോധവസ്ഥയിൽ ഷഹ്ന കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനു പിന്നാലെയാണ് ഫ്ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കുറിപ്പ് കണ്ടെത്തിയത്.

വെഞ്ഞാറമൂട് സ്വദേശിയായ ഷഹ്ന സർജറി വിഭാഗത്തിൽ പി ജി ചെയ്യുകയായിരുന്നു. വാപ്പയായിരുന്നു എല്ലാമെന്നും ആശ്രയമായ വാപ്പ മരിച്ചുവെന്നും ഇനി സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലെന്നുമാണ് കുറിപ്പില്‍ പറയുന്നത്. എല്ലാവര്‍ക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അനസ്തേഷ്യ മരുന്ന് കൂടുതലായി കുത്തിവച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഇനി സഹോദരന്‍ മാത്രമാണുള്ളതെന്നും വിവാഹത്തിന് ഉള്‍പ്പെടെ പണം ആവശ്യമാണെന്നും ഇനി ആര് നല്‍കാനാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.

Back to top button
error: