തിരുവനന്തപുരം: മാറനല്ലൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടും പതിനഞ്ചോളം വാഹനങ്ങളും അടിച്ചുതകര്‍ത്ത കേസില്‍ മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ റിമാന്‍ഡിലായി. മേലാരിയോട് ദിലീപ് ഭവനില്‍ പ്രദീപ്(37), മേലാരിയോട് ചാനല്‍ക്കര പുത്തന്‍വീട്ടില്‍ വിഷ്ണു(32), വണ്ടന്നൂര്‍ പാപ്പാകോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അഭിശക്ത്(29) എന്നിവരാണ് റിമാന്‍ഡിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടുകൂടിയാണ് കാറിലെത്തിയ മൂവര്‍സംഘം മദ്യലഹരിയില്‍ കോണ്‍ഗ്രസ് നേതാവ് മഞ്ഞറമൂല സ്വദേശി കുമാറിന്റെ വീടിന്റെ ജനല്‍ ഗ്ലാസ് തല്ലിത്തകര്‍ക്കുകയും വാളുകാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം മാറനല്ലൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പാതയോരത്തും വീടിനു മുന്നിലും പാര്‍ക്ക് ചെയ്തിരുന്ന കാറും ഓട്ടോയും ലോറിയും ഉള്‍പ്പെടെ പതിനഞ്ചോളം വാഹനങ്ങളും അടിച്ചുതകര്‍ത്തത്.
തിങ്കളാഴ്ചതന്നെ മൂന്ന് പ്രതികളെയും നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മാറനല്ലൂര്‍ പോലീസ് പിടികൂടിയിരുന്നു. ചൊവ്വാഴ്ച ആക്രമണം നടത്തിയ സ്ഥലങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. രാത്രിയോടുകൂടി ഇവരെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.
അതേസമയം, ലോക്കല്‍ കമ്മറ്റിയംഗവും മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറിയുമായ അഭിശക്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി സി.പി.എം. കാട്ടാക്കട ഏരിയാ സെക്രട്ടറി കെ.ഗിരി അറിയിച്ചു.സംഘര്‍ഷം ഇല്ലാത്ത പ്രദേശത്ത് പ്രകോപനമില്ലാതെ നടത്തിയ ആക്രമണം ന്യായീകരിക്കാന്‍ കഴിയുന്നതല്ല. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കാനേ ഉപകരിക്കൂവെന്നാണ് ഏരിയാ കമ്മിറ്റി വിലയിരുത്തിയത്.