ദില്ലി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, നാലിടങ്ങളിൽ വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ടു മണി മുതൽ ആരംഭിക്കുന്ന വോട്ടെണ്ണലിൽ, ആദ്യ ഫലസൂചനകൾ പത്ത് മണിയോടെ അറിയാം. മധ്യപ്രദേശിൽ 230 സീറ്റുകളിലെയും രാജസ്ഥാനിൽ 199 സീറ്റുകളിലെയും ഛത്തീസ്ഗഡിൽ 90 സീറ്റുകളിലേയും തെലങ്കാനയിലെ 199 സീറ്റുകളിലെയും ജനവിധിയാണ് ഇന്ന് അറിയുക.
മിസോറാമിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. വോട്ടെണ്ണൽ തീയതി മാറ്റണമെന്ന ആവശ്യമുന്നയിച്ച് കമ്മീഷന് നിരവധി പേർ പരാതി നൽകിയിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മിസോറാമിൽ ഞായറാഴ്ച പ്രാർത്ഥനയടക്കമുള്ള ചടങ്ങുകൾ നടക്കാനുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യമുന്നയിച്ചത്. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസിനാണ് ഏക്‌സിറ്റ് പോളുകൾ മൂൻതൂക്കം നൽകുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഏക്‌സിറ്റ് പോളുകൾ ബിജെപിക്ക് മുൻതൂക്കം നൽകുന്നു.
എക്‌സിറ്റ് പോളുകൾ ഇങ്ങനെ: മധ്യപ്രദേശിൽ 140 മുതൽ 162 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ പോൾ പ്രവചനം. കോൺഗ്രസിന് 68 മുതൽ 90 സീറ്റു വരെ കിട്ടാം. മറ്റുള്ളവർ മൂന്നു സീറ്റുകളിലേക്ക് ഒതുങ്ങാം. ജൻ കി ബാത്ത്, ടുഡെയ്‌സ് ചാണക്യ തുടങ്ങിയവരുടെ എക്‌സിറ്റ് പോൾ പ്രവചനങ്ങളും ബിജെപി ഭരണം നിലനിർത്തുന്നതിന്റെ സൂചന നൽകുന്നു. അതേസമയം, ടിവി നയൻ ഭാരത് വർഷ് പോൾ സ്ട്രാറ്റ് എക്‌സിറ്റ് പോൾ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രവചിക്കുന്നു. 111 മുതൽ 128 സീറ്റ് വരെ കിട്ടാം. ദൈനിക് ഭാസ്‌കറിന്റെ പ്രവചനവും കോൺഗ്രസിന് അനുകൂലമാണ്. സ്ത്രീ വോട്ടർമാരുടെ നിലപാട് മധ്യപ്രദേശിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
രാജസ്ഥാനിൽ എബിപി സി വോട്ടർ, ജൻ കി ബാത്തടക്കം ഭൂരിപക്ഷം പ്രവചനങ്ങളും ബിജെപിക്ക് മുൻതൂക്കം നൽകുമ്പോൾ ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ 86 മുതൽ 106 വരെ സീറ്റുകൾ കോൺഗ്രസിനും, 80 മുതൽ 100 വരെ സീറ്റുകൾ ബിജെപിക്കും പ്രവചിക്കുകയാണ്. പാളയത്തിലെ പോര് ഇരു കൂട്ടർക്കും തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിൽ ജാതി വോട്ടുകളും രാജസ്ഥാനിലെ ഗതി നിർണ്ണയത്തിലെ പ്രധാന ഘടകമാകും. ഛത്തീസ്ഗഡിൽ ഭൂരിപക്ഷം സർവേകളും കോൺഗ്രസിന് മുൻതൂക്കം നൽകുന്നു. ബിജെപിക്ക് കുറച്ചൊക്കെ തിരിച്ചുവരാനായെന്നും സർവേകൾ പറയുന്നു. ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇൻഡ്യ തൂക്ക് സഭക്കുള്ള സാധ്യതയും തള്ളുന്നില്ല.
തെലങ്കാനയിൽ കോൺഗ്രസിന്റെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. കോൺഗ്രസ് 70 സീറ്റുകൾ വരെ നേടി അധികാരത്തിലെത്താനുള്ള സാധ്യതയാണ് പല സർവേകളും നൽകിയിരിക്കുന്നത്. മിസോറാമിൽ ചെറുപാർട്ടികളും കോൺഗ്രസിനും ഒപ്പം ചേർന്ന് സൊറാം പീപ്പിൾസ് മൂവ്‌മെന്റ് സർക്കാരുണ്ടാക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. മണിപ്പൂർ കലാപം മിസോറമിൽ ഭരണകക്ഷിയായ എൻഡിഎക്ക് തിരിച്ചടിയായേക്കുമെന്നും പ്രവചനങ്ങൾ വ്യക്തമാക്കുന്നു.