ചാത്തന്നൂര്‍: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികളിലേക്ക് എത്താന്‍ നിര്‍ണായകമായത് കുട്ടിയില്‍ നിന്നു തന്നെ ലഭിച്ച ചില സൂചനകളായിരുന്നു. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടിയെ പാര്‍പ്പിച്ച വീട്ടില്‍ വെച്ച് കാര്‍ട്ടൂണ്‍ കാണിച്ചതായി കുട്ടി പിറ്റേ ദിവസം തന്നെ പറഞ്ഞിരുന്നു. ഇത് പൊലീസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ പരമാവധി ഉപയോഗിക്കാതെ പൊലീസിനെ കബളിപ്പിച്ച പ്രതികളിലേക്ക് എത്താന്‍ ഈ ഇന്റര്‍നെറ്റ് ഉപയോഗം പൊലീസിനെ സഹായിച്ചു.
തട്ടിക്കൊണ്ട് പോയ ദിവസം കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടില്‍ വെച്ച് ലാപ്ടോപ്പിലാണ് പ്രതികള്‍ കാര്‍ട്ടൂണ്‍ കാണിച്ചത് എന്നാണ് കുട്ടി പറഞ്ഞത്. ഏത് കാര്‍ട്ടൂണാണ് കണ്ടത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം വിശദമായി കുട്ടിയില്‍ നിന്ന് ചോദിച്ചറിഞ്ഞു. അതിനനുസരിച്ച് ഐ.പി അഡ്രസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു എന്നാണ് സൂചന. കുട്ടിയെ പാര്‍പ്പിച്ചിരുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നതില്‍ ഇതും നിര്‍ണായകമായാണ് അന്വേഷണ സംഘത്തില്‍ നിന്ന് കിട്ടുന്ന വിവരം. ഇതിന് പുറമെ താമസിച്ചിരുന്നത് വലിയ മുറികളുള്ള വീട്ടിലായിരുന്നുവെന്നും അവിടെ വലിയ ഹാളുണ്ടായിരുന്നുവെന്നും പട്ടികള്‍ ഉണ്ടായിരുന്നു എന്നുമൊക്കെ കുട്ടി പറഞ്ഞിരുന്നു. പത്മകുമാറിന്റെ വീട്ടിലായിരിക്കാം കുട്ടിയെ പാര്‍പ്പിച്ചത് എന്നതിനുള്ള സൂചനകളും ഈ കുട്ടിയുടെ മൊഴിയില്‍ നിന്ന് ലഭിച്ചു.
എന്നാല്‍ അന്വേഷണത്തില്‍ ഏറ്റവും നിര്‍ണായകമായത് പൊലീസ് തയ്യാറാക്കിയ രേഖാ ചിത്രം തന്നെയായിരുന്നു. ആര്‍ടിസ്റ്റുകളോട് കുട്ടി വളരെ വ്യക്തമായിത്തന്നെ ആളുകളെക്കുറിച്ച് പറയുകയും അവര്‍ അതിനനുസരിച്ച് ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രേഖാ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ പ്രതി ചാത്തന്നൂര്‍ ചിറക്കര സ്വദേശി പത്മകുമാറാണെന്ന ഏകദേശം സൂചനകള്‍ ലഭിച്ചു. ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താനുള്ള നീക്കങ്ങളായിരുന്നു പിന്നീട്.
കഴിഞ്ഞ ദിവസം രാവിലെയും പത്മകുമാര്‍ വീട്ടിലുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നുണ്ടായിരുന്നെങ്കിലും പൊലീസ് സംഘം അന്വേഷിച്ച് എത്തിയപ്പോഴൊന്നും ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിച്ചപ്പോഴാണ് തമിഴ്നാട്ടില്‍ പത്മകുമാറിന് ഫാം ഹൗസുണ്ടെന്ന നിര്‍ണായക വിവരം ലഭിച്ചത്. അവിടെ താമസിക്കാനുള്ള സൗകര്യം കൂടി ഉള്ളതിനാല്‍ അവിടേക്ക് പോകാനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് നീങ്ങിയത്.