KeralaNEWS

ആശങ്കയുടെ 20 മണിക്കൂർ… ഒടുവിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ…! അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേൽ സാറയെ കണ്ടെത്താൻ പരിശ്രമിച്ച എല്ലാവർക്കും നന്ദിപറഞ്ഞ് പൊലീസും കുട്ടിയുടെ മാതാപിതാക്കളും സഹോദരനും

തിരുവനന്തപുരം: ആശങ്കയുടെ 20 മണിക്കൂർ, ട്യൂഷൻ ക്ലാസിനായ വീട്ടിൽ നിന്നും സഹോദരനൊപ്പം പോയ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കേരളമൊട്ടാകെ കാത്തിരുന്ന ആ വാർത്ത വന്നു. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അബിഗേൽ സാറയെ കണ്ടെത്തി. അബിഗേലിനെ കണ്ടെത്താൻ പരിശ്രമിച്ച എല്ലാവർക്കും നന്ദിപറയുകയാണ് കേരള പൊലീസും കുട്ടിയുടെ മാതാപിതാക്കളും സഹോദരനും. കുട്ടിയെ കണ്ടെത്തിയത് വീണ്ടും ഒരു പൊൻതൂവൽ ആണെന്ന് കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.

കഠിന പരിശ്രമത്തിന് ശുഭാന്ത്യമായിരിക്കുകയാണ്. എല്ലാവരുടേയും സഹകരണത്തിന് നന്ദിയെന്ന് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ‘ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ, നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി’ ! കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു. തങ്ങളുടെ മകൾക്കായി ഇതുവരെ പ്രാർത്ഥിച്ച് കൂടെ നിന്നവർക്ക് കുട്ടിയുടെ അമ്മ സിജിയും സഹോദരൻ ജോനാഥനും നന്ദി അറിയിച്ചു.അബിഗേലിനെ രക്ഷിക്കാനായി പ്രാർത്ഥിക്കുകയും കൂടെ നിന്ന മാധ്യമപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും നാട്ടുകാരോടും നന്ദി പറയുന്നുവെന്ന് സിജി പറഞ്ഞു. സഹോദരിയെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും ‘താങ്ക്യു സോ മച്ച്’ എന്നായിരുന്നു ജോനാഥൻറെ വാക്കുകൾ.

Signature-ad

നവംബർ 27ന് തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടിൽനിന്ന് ട്യൂഷന് പോയ പൂയപ്പള്ളി കാറ്റാടി ഓട്ടുമലയിൽ റജി ജോണിന്റെയും സിജി റെജിയുടെയും മകൾ ആറുവയസ്സുകാരി അബിഗേൽ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും കാറിലെത്തിയവർ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. എന്നാൽ ജോനാഥൻ ചെറുത്ത് നിന്നതോടെ കുട്ടിയെ ഉപേക്ഷിച്ച് സംഘം സഹോദരിയുമായി കടന്നു.

വ്യാജ നമ്പർപ്ലേറ്റുള്ള കാറുമായെത്തിയ സംഘത്തിനായി കേരളമാകെ വലവിരിച്ച് പൊലീസും നാട്ടുകാരും ഒരുപോലെ അന്വേഷണം നടത്തുന്നതിനിടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ കുട്ടിയെ കണ്ടെത്തിയത്. ആശ്രാമം മൈതാനത്തെ ബെഞ്ചിലിരിക്കുന്ന കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞത് കൊല്ലം എസ്എൻ കോളേജിലെ വിദ്യാർത്ഥികളാണ്. നാട്ടുകാർ കുട്ടിയെ തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിപ്പിച്ചായിരുന്നു എത്തിച്ചത്. അബിഗേലിനൊപ്പമെത്തിയ സ്ത്രീ കുട്ടിയെ മൈതാനത്തിരുത്തി കടന്നുകളയുകയായിരുന്നു.

Back to top button
error: