Social MediaTRENDING
ഇനിയും കണ്ടെത്താനാകാതെ 18 വർഷം മുൻപ് ആലപ്പുഴയിൽ നിന്ന് കാണാതായ രാഹുൽ എന്ന ഏഴുവയസ്സുകാരന്
News DeskNovember 28, 2023
ആലപ്പുഴ: കൺമുൻപിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി, കൂടെ ഉറക്കാൻ കിടത്തിയ കുട്ടി, കടയിൽ സാധനങ്ങൾ വാങ്ങാൻ പോയവൻ, ട്യൂഷന് പോയവർ , ഉത്സവങ്ങളിലും ആൾക്കൂട്ടത്തിലും കൈവിട്ടു പോയവർ, ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനുകളിലും വഴി മാറി പോയവർ .. എവിടെയാണ് ഇവർ ?
നൂറുകണക്കിന് ഹൃദയങ്ങളെ തകർത്തുകൊണ്ട്, ഉണങ്ങാത്ത കണ്ണുകളെ കാത്തിരിപ്പിന്റെ ശൂന്യതയിലേക്ക് തള്ളി വിട്ടുകൊണ്ട് അവർ എങ്ങോട്ടേക്കാണ് പോയത്.ആരാണ് ഇതിന് പിന്നിൽ?
പത്തും പതിനഞ്ചും എസ്കോർട്ട് വാഹനങ്ങളളുടെ അകമ്പടിയിൽ പാഞ്ഞു പോകുന്നവർ നൽകേണ്ട ഉത്തരമാണ് ഇത്.
മീൻ മേടിക്കാൻ പോകുമ്പോൾ, ജിമ്മിൽ പോകുമ്പോൾ, കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുമ്പോൾ.. എന്നുവേണ്ട എന്തിനും ഏതിനും ആയുധധാരികളായ പോലീസുകാരുടെ അകമ്പടി കിട്ടുന്നവർ… ഒരു സാധാരണക്കാരന്റെ ദുഃഖം മനസ്സിലാകാൻ തക്ക അനുഭവസമ്പത്ത് അവർക്ക് ഇക്കാര്യത്തിലെങ്കിലും ഉണ്ടാകാൻ വഴിയില്ല.അതിനാൽ തന്നെ അവർ ഇക്കാര്യത്തിൽ മറുപടിയും പറയുകയില്ല.
18 വർഷം മുൻപ് ആലപ്പുഴയിൽ നിന്ന് കാണാതായ രാഹുൽ എന്ന ഏഴുവയസ്സുകാരന് ഉയർത്തിയ ചോദ്യവും ഇതാണ്…. രാഹുൽ ഇപ്പോൾ എവിടെയാണ്?
ക്രിക്കറ്റ് കളിക്കിടെയാണ് ഏഴു വയസ്സുകാരനായ രാഹുലിനെ കാണാതായത്. രാഹുലിന്റെ തിരോധാനത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം ഫലംകണ്ടില്ല. തുടര്‍ന്ന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു
സി.ബി.ഐ.യുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ സംഘങ്ങള്‍ മാറിമാറി അന്വേഷിച്ചിട്ടും രാഹുലിനെപ്പറ്റി ഒരു സൂചനയും കിട്ടിയില്ല.
അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് 2015-ല്‍ സി.ബി.ഐ. കോടതിക്കു റിപ്പോര്‍ട്ടു നല്കി. ഇനിയൊന്നും ചെയ്യാനില്ലെന്ന സി.ബി.ഐ.യുടെ വാദം കോടതി അംഗീകരിച്ചു.
എങ്കിലും ഒരുനാള്‍ രാഹുല്‍ മടങ്ങിവരുമെന്ന പ്രതീക്ഷ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു.
രാഹുലിന്റെ പിതാവ് രാജു കുവൈത്തിലായിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളും മറ്റും പിടികൂടി. മകന്റെ തിരോധാനം അദ്ദേഹത്തെ ശാരീരികമായും മാനസികമായും തകര്‍ത്തു കഴിഞ്ഞവർഷം മേയിൽ 55 മത്തെ വയസിൽ അദ്ദേഹം വീടിനുള്ളില്‍ തൂങ്ങിമരിച്ചു .
”സിബിഐക്കും പൊലീസിനും എത്താൻ കഴിയാത്ത ഒരിടത്താണ് എന്റെ മോനുള്ളതെങ്കിൽ അവിടെ അവനെ അന്വേഷിച്ചു ചെല്ലാൻ എനിക്കു മാത്രമേ കഴിയൂ…’’ ഇതുപറഞ്ഞ് ആണ് എ.ആർ. രാജു ആത്മഹത്യ ചെയ്തത്.
‘‘ ഓരോ തവണ കോളിങ് ബെൽ അടിക്കുമ്പോഴും ഓടിവന്നു വാതിൽ തുറക്കുന്നത് അതെന്റെ മോനാവണമെന്ന കൊതിയോടെയാണ്. കുറച്ചു നേരം ആരും കോളിങ് ബെൽ അടിക്കാതിരുന്നാൽ പുറത്ത് അമ്മേയെന്നു വിളിക്കുന്നതായി തോന്നി ഞാനെന്നും വാതിൽ തുറന്നു നോക്കാറുണ്ട്…’’
ഇതു രാഹുലിന്റെ അമ്മ മിനിയുടെ വിശ്വാസമാണ്. അതാണ് അവരുടെ ആശ്വാസവും ധൈര്യവും.
രാഹുലിനെ കാണാതാകുന്ന കാലത്തു ശാസ്ത്രസാങ്കേതിക വിദ്യയും വാർത്താവിനിമയവും ഇത്രത്തോളം പുരോഗമിച്ചിട്ടില്ലാതിരുന്നതിനാ ൽ അന്വേഷണത്തിന് പരിമിതികളുണ്ടായിരുന്നു .
എന്നാൽ ഇന്നലെ കൊല്ലം ഓയൂരില്‍ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിക്കായി തിരച്ചിൽ നടത്തുമ്പോൾ പൊലീസിന് നല്ല ആത്മ വിശ്വാസമാണ് കുട്ടിയെ കണ്ടെത്താനാകുമെന്ന്. അതിനൊപ്പം കോടിക്കണക്കിനു ആളുകളുടെ പ്രാർത്ഥനയും തിരച്ചിലും കൂടിയാകുമ്പോൾ തീർച്ചയായും കുഞ്ഞിന് ഒരാപത്തും വരാതെ തിരികെകിട്ടും എന്ന ശുഭപ്രതീക്ഷയാണ് ജനങ്ങൾക്കും ഉള്ളത്.
ചില സമയങ്ങളിൽ പോലീസിന് അവരുടേതായ അന്വേഷണ രഹസ്യ സ്വഭാവങ്ങൾ ഉണ്ട്. അതിനെ ഇപ്പോൾ മാധ്യമങ്ങൾ തുരങ്കം വെക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതും.
ഒട്ടും ദയയില്ലാത്ത കശാപ്പുകാരന്റെ മനോഭാവത്തോടുകൂടി ആ മാതാപിതാക്കളോട് ഇടപെടുന്ന മാ പ്ര കൾ അടക്കമുള്ള സമൂഹത്തോട് ഒന്നേ പറയാനുള്ളൂ….
“ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കണ്ടു നിൽക്കാൻ രസമാണ്”
പ്രാർത്ഥനകൾക്ക് ഫലം ഉണ്ടെങ്കിൽ ആ പൊന്നു മോൾ ഒരു പോറൽ പോലും ഏൽക്കാതെ തിരിച്ചു വരും…..തീർച്ച !
അതുവരെ ആ മാതാപിതാക്കൾക്ക് സ്വസ്ഥമായി ഇരുന്നൊന്ന് പൊട്ടിക്കരയാനുള്ള അവസരമെങ്കിലും നിങ്ങൾ ദയവ് ചെയ്ത് നൽകണം.