കൊല്ലം: ഓയൂര്‍ കാറ്റാടി ഓട്ടുമല റെജി ഭവനില്‍ റെജിയുടെ മകള്‍ അബിഗേല്‍ റെജിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലം വേളമാനൂരിലൂടെ കാര്‍ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. വേളമാനൂരിലൂടെ വീടിന്റെ സിസിടിവി ക്യാമറയിലാണ് കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് 10 കിലോമീറ്റില്‍ അകലെയാണ് ഈ വീട്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് നാലംഗ സംഘം 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. കണ്ടെത്തനായി തിരച്ചില്‍ തുടരുകയാണ്. സ്‌കൂളില്‍നിന്നെത്തിയതിനുശേഷം അബിഗേലും ജ്യേഷ്ഠന്‍ നാലാം ക്ലാസുകാരന്‍ ജോനാഥനും വീട്ടില്‍നിന്ന് 100 മീറ്റര്‍ അപ്പുറത്തുള്ള വീട്ടിലേക്കു ട്യൂഷനു പോകുമ്പോഴാണു സംഭവം. കാറില്‍ എത്തിയവര്‍ ഒരു നോട്ടിസ് നല്‍കി, അത് അമ്മയെ ഏല്‍പിക്കണം എന്നു പറഞ്ഞു ജോനാഥന്റെ ശ്രദ്ധയകറ്റിയ ശേഷം അബിഗേലിനെ കയ്യില്‍ പിടിച്ചു കാറിലേക്കു വലിച്ചു കയറ്റുകയായിരുന്നു. ജോനാഥന്‍ കയ്യിലിരുന്ന വടിയെടുത്ത് തടയാന്‍ ശ്രമിച്ചു.
കാര്‍ നീങ്ങിയപ്പോള്‍ ജോനാഥന്‍ ഡോറില്‍ തൂങ്ങിക്കിടന്നു. കാറിലുള്ളവര്‍ ജോനാഥാന്റെ കൈ തട്ടിയകറ്റി. റോഡിലേക്കു വീണ ജോനാഥന്റെ മുട്ടിനു പരുക്കേറ്റു. അങ്കണവാടി അധ്യാപികയായ സുനു സോമരാജന്‍ ഇതുകണ്ട് ഓടിയെത്തിയപ്പോഴേക്കും കാര്‍ വിട്ടു പോയിരുന്നു. ജോനാഥന്റെ കരച്ചില്‍ കേട്ടു പുറത്തിറങ്ങിയ അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണു കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയെന്നു നാട്ടുകാര്‍ക്കു മനസ്സിലായത്.
കുട്ടിയെ വിട്ടുതരാന്‍ പണം ആവശ്യപ്പെട്ടു വീട്ടിലേക്കെത്തിയ ഫോണ്‍ വിളികള്‍ മാത്രമാണ് ഏക തുമ്പ്. ആദ്യം 5 ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും ആവശ്യപ്പെട്ടാണ് അബിഗേലിന്റെ അമ്മ സിജിയുടെ ഫോണില്‍ 2 തവണ കോള്‍ വന്നത്. ഒരു സ്ത്രീയും പുരുഷനുമാണു വിളിച്ചത്. കുട്ടി സുരക്ഷിതയാണെന്ന് വിളിച്ചവര്‍ പറഞ്ഞു. കാറിന്റെ നമ്പര്‍ വ്യാജമാണെന്നും അത് ഇരുചക്രവാഹനത്തിന്റേത് ആണെന്നുമാണ് വിവരം. വെളുത്ത കാറിലെത്തിയ സംഘത്തില്‍ ഒരു സ്ത്രീയുണ്ടായിരുന്നെന്നാണ് അബിഗേലിനൊപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥന്‍ പറയുന്നത്.