കൊല്ലം:ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇനിയും പ്രതിയെ പിടികൂടാനാവാതെ പോലീസ്.
ഓട്ടുമല കാറ്റാടി റജി ഭവനില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകള്‍ അബിഗേല്‍ സാറാ റജിയെയാണ് തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാല്‍ വണ്ടിയില്‍നിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു.
സംസ്ഥാനമൊട്ടാകെ അലർട്ട് പ്രഖ്യാപിച്ചാണ് പോലീസിന്റെ അന്വേഷണം.സംസ്ഥാനത്തിന്റെ അതിർത്തികളിലും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
നാടിന്റെ ഉള്‍പ്രദേശങ്ങളിലും വനമേഖലകളിലും പൊലീസ് സഹായത്തോടെ നാട്ടുകാരും യുവജന സംഘടനാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്.ഹൈവേകളിലും മറ്റും ഓരോ വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടേതെന്ന് സംശയിക്കുന്ന ഒരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലംതിരുവനന്തപുരം അതിര്‍ത്തിയിലെ പള്ളിക്കലില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. ഉപേക്ഷിച്ചു പോയ നിലയിലായിരുന്നു വാഹനം. ഇന്ധനം കഴിഞ്ഞുപോയതാണോ പൊലീസ് അന്വേഷണം ഭയന്ന് ഉപേക്ഷിച്ചതാണോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.
അതേസമയം ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ശ്രീകാര്യം പോലീസിന്‍റെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.തട്ടിക്കൊണ്ടു പോകലുമായി നേരിട്ട് ബന്ധമുള്ള ആളെയാണ് ശ്രീകാര്യത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.ഇവർക്ക് കേസുമായി ഏതുതരത്തിലാണ് ബന്ധമെന്ന് വ്യക്തമല്ല.