രണ്ട് ശമ്പള പരിഷ്ക്കരണം നടത്തിയ സർക്കാരായിരുന്നു കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ. 2011 ൽഅച്ചുതാനന്ദൻ സർക്കാർ ഉത്തരവിട്ട ശമ്പള പരിഷ്ക്കരണം നടപ്പിലാക്കിയതും 2014 ജൂലായ് മുതലുള്ള ശമ്പള പരിഷ്ക്കരണം നടപ്പിലാക്കിയതും കഴിഞ്ഞ സർക്കാരായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
വീണ്ടും ഇടതു സർക്കാർ ശമ്പള പരിഷ്ക്കരണം അടുത്ത സർക്കാരിന്റെ മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കെ.പി.എസ്.ടി.എ. സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. രണ്ട് വർഷമായി ക്ഷാമബത്ത നൽകുന്നില്ല. സംസ്ഥാനത്തെ 954 പ്രൈമറി സ്കൂളുകളിൽ പ്രഥമാധ്യാപകരില്ല. ആയിരക്കണക്കിന് അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും കിട്ടുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാർ നടത്തിയ ചർച്ചയിൽ മുഴുവൻ അധ്യാപകർക്കും ഉടൻ അംഗീകാരവും ശമ്പളവും നൽകുമെന്ന് അറിയിച്ചതാണ്.
2016 മുതൽ നിയമിതരായ നാലായിരത്തോളം അധ്യാപകർ ശമ്പളമില്ലാതെ കഴിഞ്ഞ അഞ്ച് വർഷമായി ജോലി ചെയ്യുകയാണ്. പ്രീ-പ്രൈമറി ജീവനക്കാരുടെ കാര്യത്തിൽ സർക്കാർ അലംഭാവം കാട്ടുകയാണ്. അവരുടെ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. സർവീസിലുള്ള മുഴുവൻ അധ്യാപകരേയും കെ- ടെറ്റിൽ നിന്നും ഒഴിവാക്കുക, പൊതു വിദ്യാലയങ്ങളിലെ മുഴുവൻ ഒഴിവകളും നികത്തുക, നിയമന ഉത്തരവ് കിട്ടിയ അധ്യാപകർക്ക് സ്കൂളിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുക, പിൻവാതിൽ നിയമനങ്ങൾ ഉപേക്ഷിക്കുക, സറണ്ടർ തുക തിരിച്ചു പിടിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മതിയായ കുട്ടികളില്ലാത്ത വിദ്യാലയങ്ങളിലെ അധ്യാപകർക്ക്ശമ്പളം കൊടുക്കുക. തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ച് നടത്തിയത്.