മലപ്പുറം: കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇടുക്കി രാജാക്കാട് സ്വദേശി ജിൽജോ മാത്യു പിടിയിൽ. മലപ്പുറം എടവണ്ണ പൊലീസാണ് തിരുപ്പൂരിലെത്തി ഇയാളെ തന്ത്രപൂർവ്വം വലയിലാക്കിയത്. വ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ഇയാളും ഭാര്യയും ചേർന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഏലക്ക കയറ്റുമതിയിലും ഓൺലൈൻ വ്യാപാരത്തിലും പങ്കാളിത്തം നൽകാമെന്ന ജിൽജോ മാത്യുവിൻറെയും ഭാര്യ സൗമ്യയുടേയും വാഗ്ദാനത്തിൽ നിരവധിയാളുകളാണ് വീണു പോയത്. ആദ്യമാദ്യം അല്ലറ ചില്ലറ ലാഭം വന്നതോടെ കൂടുതൽ ആളുകൾ ഇവരുടെ പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ച് വന്നു. കോടികൾ കൈയിൽ വന്നതോടെയാണ് മലപ്പുറത്ത് നിന്നും 2019 ൽ ഇവർ മുങ്ങിയത്. തട്ടിപ്പിനിരയായ എടവണ്ണ സ്വദേശി നൽകിയ പരാതിയിൽ ജിൽജോയും ഭാര്യയും നേരത്തെ അറസ്റ്റിലായിരുന്നു.
43 ലക്ഷം രൂപയോളമാണ് ഇയാൾക്ക് നഷ്ടമായത്. ജാമ്യത്തിലിറങ്ങിയ ശേഷം ജിൽജോയും ഭാര്യയും മുങ്ങി. ജിൽജോ തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഒളിവിൽ കഴിയുന്ന വിവരം മനസിലാക്കിയാണ് എടവണ്ണ പൊലീസ് സ്ഥലത്തെത്തുന്നത്. പിന്നാലെ ഇയാളെ പിടികൂടി. ജിൽജോയുടെ ഭാര്യ സൗമ്യ ഇപ്പോഴും ഒളിവിലാണ്. പല സ്റ്റേഷനുകളിലും ഇവരുടെ പേരിൽ തട്ടിപ്പ് കേസുകളുണ്ട്. മലപ്പുറം ജില്ലയിൽ തന്നെ നിരവധിയാളുകൾ തട്ടിപ്പിരയായിട്ടുണ്ടെന്നാണ് വിവരം. പക്ഷേ പലരും പരാതി നൽകാൻ തയ്യാറായിട്ടില്ല.