കൊച്ചി: ജോലി എന്ന വലിയ സ്വപ്നം ബാക്കിയാക്കിയാണ് കുസാറ്റിലെ ഗാനസന്ധ്യക്കിടെയുണ്ടായ അപകടത്തിൽ മരിച്ച മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫ് യാത്രയായത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ആൽബിൻ, എറണാകുളത്ത് നഴ്സായി ജോലി ചെയ്യുന്ന സഹോദരിയുടെ അടുത്തെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് ഗാനസന്ധ്യ കാണാൻ വൈകിട്ട് കുസാറ്റിലെത്തിയത്. രാവിലെ തിരിച്ചെത്താമെന്ന് അമ്മയോട് യാത്രപറഞ്ഞാണ് ആൽബിൻ വീട്ടിൽ നിന്നിറങ്ങിയത്. സുഹൃത്തിനൊപ്പം കോങ്ങാടെത്തി. അവിടെ നിന്നും കുഴൽമന്ദത്തെ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്.
ഐടിഐയിൽ ഇലക്ട്രിക്കൽ കോഴ്സിന് ശേഷം നാട്ടിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു. മെച്ചപ്പെട്ടജോലിക്കായി എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ഫയർആൻറ് സേഫ്റ്റി കോഴ്സും പഠിച്ചു. ബംഗലൂരുവിൽ ജോലി നോക്കാനായിരുന്നു തീരുമാനം. കേരള ബാങ്കിൽ നിന്നും എടുത്ത ലോൺ അടച്ചു തീർക്കണം. മറ്റു കടങ്ങൾ വീട്ടണം. നല്ലൊരു വീട് വയ്ക്കണം. പക്ഷെ ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ബാക്കി വച്ചാണ് ആൽബിൻ പോയത്. അച്ഛന്റെ പ്രതീക്ഷകൾ കൂടിയായിരുന്നു ആൽബിൻ. നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവൻ. രാവിലെതിരിച്ചെതതാമെന്നായിരു കൂട്ടുകാരോടും അമ്മയോടും പറഞ്ഞത്. ഒരു വിളിപ്പാടകലെ ഓടി എത്തുന്ന പ്രിയപ്പെട്ടവൻ ഇനിയില്ലെന്ന് വിശ്വസിക്കാനാകാതെ നടുക്കത്തിലാണ് ആൽബിന്റെ കുടുംബവും നാട്ടുകാരും കൂട്ടുകാരും.