കൊല്ലം: കൊല്ലത്ത് ഓഷ്യനേറിയം സ്ഥാപിക്കാൻ 10 കോടി രൂപ അനിവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കി. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും കൊല്ലത്തെ തീരദേശ മേഖലയുടെ സമ്ബന്നമായ ചരിത്രം വെളിവാക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു.
തങ്കശ്ശേരിക്ക് സമീപം തിരുമുല്ലവാരം തീരത്ത് നടപ്പാക്കുന്ന പദ്ധതി സന്ദര്‍ശകര്‍ക്ക് സമുദ്രത്തിന്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അതുല്യമായ അനുഭവം നല്കുന്നതായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ കീഴില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ഓഷ്യനേറിയത്തിന് പുറമേ ഒരു മറൈൻ ബയോളജിക്കല്‍ മ്യൂസിയവും ഉണ്ടാകും. പുരാതന വ്യാപാര കേന്ദ്രമെന്ന നിലയില്‍ കൊല്ലത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുന്ന തരത്തില്‍ മ്യൂസിയം പ്രവര്‍ത്തിക്കും. ചൈനീസ്, അറബ്, പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികളുമായുള്ള കൊല്ലത്തിന്റെ വ്യാപാര ബന്ധം മ്യൂസിയത്തില്‍ ചിത്രീകരിക്കപ്പെടും.
ഈ സംരംഭം കൊല്ലത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗണ്യമായി ഗുണം ചെയ്യുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.