KeralaNEWS

വന്ദേഭാരത് അല്ല, കൂടുതൽ മെമു സർവീസുകളാണ് കേരളത്തിന് വേണ്ടത് !

കൊല്ലം: കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തില്‍ ഓടുന്ന ട്രെയിനുകളിലെ യാത്രകള്‍ വളരെ ദുസഹമായി മാറിയിരിക്കുകയാണ്.മണിക്കൂറുകള്‍ നീണ്ട പിടിച്ചിടലുകളും തിക്കും തിരക്കും എല്ലാം കൂടിയാകുമ്ബോള്‍ പിന്നെ യാത്ര ചെയ്യാനേ തോന്നുകയില്ല.

കാലൊന്നു ശരിക്കും കുത്തിനില്‍ക്കാൻ പോലും പറ്റാതെ യാത്ര ചെയ്യേണ്ടി വന്ന അനുഭവവും പലര്‍ക്കും പറയാനുണ്ടാകും. അവധിയോ ആഴ്ചാവസാവമോ ആണെങ്കില്‍ കൂടുതലൊന്നും പറയേണ്ട.ശബരിമല സീസൺ ആയതോടെ തിരക്ക് പതിൻമടങ്ങ് വർധിക്കുകയും ചെയ്തു.

Signature-ad

വന്ദേ ഭാരത് അടക്കമുള്ള പുതിയ ട്രെയിനുകൾ കൃത്യ സമയത്ത് ഓടുന്നതിനായി കേരളത്തിലെ മറ്റ് പ്രധാന ട്രെയിനുകൾ റെയിൽവേ മനപൂർവം വൈകിപ്പിക്കുന്നതായാണ് യാത്രക്കാരുടെ ഇക്കാര്യത്തിലുള്ള പരാതി.ഇന്റർസിറ്റി, പാലരുവി, രാജധാനി, ഏറനാട് തുടങ്ങിയ ട്രെയിനുകൾ വന്ദേ ഭാരതിനായി 45 മിനിട്ടോളമാണ് വൈകിപ്പിക്കുന്നതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.ജനശതാബ്‌ദി, നാഗർകോവിൽ-കോട്ടയം പാസഞ്ചർ എന്നിവയും വൈകിയോടുന്ന ട്രെയിനുകളിൽ ഉൾപ്പെടുന്നു.തിരക്കു കാരണം യാത്രക്കാര്‍ ശ്വാസംമുട്ടി ട്രെയിനുകളിൽ കുഴഞ്ഞു വീഴുന്നതും പതിവ് കാഴ്ചയാണ്.

 യാത്രക്കാർ തിങ്ങിനിറഞ്ഞ് പോകുമ്പോഴും കേരളത്തിലോടിക്കുന്നത് ആകെ 12 മെമു തീവണ്ടികൾ മാത്രമാണ്. ഇവയിൽ എട്ടു വണ്ടികൾ ആഴ്ചയിൽ ഒരു ദിവസം ’അവധി’യുമാണ്. യാത്രത്തിരക്ക് കണക്കിലെടുത്താൽ മെമു സർവീസ് ഏറ്റവും കുറവ് കേരളത്തിലാണ്.

ആകെ 10 മെമു വണ്ടികൾ മാത്രമാണ് കേരളത്തിലോടുന്നത്.തിരുവനന്തപുരം ഡിവിഷനിൽ ഒൻപതും പാലക്കാട് ഡിവിഷനിൽ ഒരു വണ്ടിയും. ഇതിൽ അഞ്ച് വണ്ടികൾക്ക് 12 റേക്ക് (കാർ) ആണ്. അഞ്ചെണ്ണത്തിന് എട്ടു കോച്ചും.അറ്റകുറ്റപ്പണിക്ക് ഷെഡിൽ കയറുന്ന വണ്ടിക്ക് പകരം റേക്ക് ഇല്ലാത്തതാണ് ആഴ്ചയിൽ ഒരുദിവസത്തെ സർവീസ് മുടക്കലിന് പിന്നിൽ.  ത്രീ ഫെയ്‌സ് മെമുവിന്റെ വരവ് നിലച്ചതാണ് കേരളത്തിന് വൻ തിരിച്ചടിയായത്.തകരാറിലായ വണ്ടിക്ക് പകരം ഓടിക്കാൻ പോലും ഇപ്പോൾ റേക്കില്ല.

നിലവിൽ ഷൊർണൂർ-മംഗളൂരു 307 കിലോമീറ്റർ റൂട്ടിൽ മെമു സർവീസ് ഇല്ല. ഷൊർണൂരിൽ നിന്നുള്ള ഒരു മെമു കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നു. കണ്ണൂർ-മംഗളൂരു (132 കിലോമീറ്റർ) നേരത്തെ ഉണ്ടായിരുന്ന മെമു ഇപ്പോൾ ഓടിക്കുന്നില്ല. കേരളത്തിലെ ചെറു ദൂര യാത്രക്ക് ഏറ്റവും ആവശ്യം മെമു സർവീസ് ആണെന്ന് മെട്രോമാൻ ഇ. ശ്രീധരനടക്കം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും റെയിൽവേ കേട്ട മട്ടില്ല.

ഇതിനിടെ എറണാകുളം- കൊല്ലം മെമു സർവ്വീസ് റെയിൽവേ നിർ‌ത്തലാക്കുകയും ചെയ്തു.എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കൊല്ലത്തിനും അവിടെ നിന്ന് ആലപ്പുഴ വഴി എറണാകുളത്തിനും സർവീസ് നടത്തിയിരുന്ന ട്രെയിൻ നമ്പർ 06442 മെമു സർവീസാണ് നിർത്തിയത്.ആലപ്പുഴ മുതൽ കായംകുളം വരെ തീരദേശ പാതയിലെ സ്റ്റേഷനുകളിൽ വൈകുന്നേരവും രാത്രിയിലും യാത്രക്കാർക്കുള്ള ഏക മാർഗമാണ് ഇതോടെ ഇല്ലാതായത്.

 ഇതിന് പിന്നാലെയാണ് ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചു കൊണ്ടിരിക്കുന്ന റെയിൽവേ നടപടി. മുൻപ് 4 ജനറൽ കോച്ചുകൾ വരെയുണ്ടായിരുന്ന ട്രെയിനുകളിൽ ഇപ്പോൾ അത് മൂന്നും രണ്ടുമായി കുറഞ്ഞു.ചില ട്രെയിനുകളിൽ നിലവിൽ ജനറൽ കോച്ചുകളേ ഇല്ല. എസി കോച്ചുകളാണു ലാഭകരം എന്നുകണ്ട് സ്‌ലീപ്പറും ജനറൽ കോച്ചുകളും റെയിൽവേ വെട്ടിക്കുറയ്ക്കുകയായിരുന്നു.

ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലോടുന്ന ട്രെയിനുകളിലെ തിക്കും തിരക്കും ഒഴിവാക്കണമെങ്കിൽ കൂടുതൽ മെമു സർവീസുകൾ ആരംഭിക്കുക എന്നതുമാത്രമാണ് പോംവഴി.പാലക്കാട് നിന്ന് തൃശൂർ, എറണാകുളം,​ കോഴിക്കോട്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് മെമു സർവീസുകൾ ആരംഭിക്കണം.കോട്ടയത്തു നിന്നും തൃശൂർ, തിരുവനന്തപുരം ഭാഗങ്ങളിലേക്കും ഇത്തരത്തിൽ മെമു സർവീസുകൾ കൂടുതലായി ഓടിക്കണം.ആറ് പ്ലാറ്റ്ഫോം ഉൾപ്പെടെ വൻ വികസനമാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ അടുത്തിടെ നടന്നതെങ്കിലും ഒരു ട്രെയിൻ പോലും  ഇവിടെ അനുവദിച്ചിട്ടില്ല.

മെമു വണ്ടികളുടെ പരിപാലനത്തിന് കേരളത്തിൽ രണ്ടു മെമു ഷെഡുകളാണുള്ളത്. പാലക്കാടും കൊല്ലത്തും. പാലക്കാട്ടെ വിപുലീകരണം പാതിവഴിയിൽ നിന്നുവെങ്കിലും കൊല്ലം റെയിൽവേ സ്റ്റേഷനിൽ മെമു ഷെഡ് വികസനത്തിന് 24 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിവരുന്നത്.അതിനാൽതന്നെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി കൊല്ലത്തെ ആശ്രയിക്കാവുന്നതേയുള്ളൂ.

ഇതിന് പുറമേയാണ് ദീർഘദൂര ട്രെയിനുകളുടെ അഭാവം.ജോലി ആവശ്യങ്ങൾക്കും മറ്റും ഉത്തരേന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികളാണ് കേരളത്തിലേക്ക് വരുന്നത്.അതിനാൽ തന്നെ കൂടുതൽ ദീർഘദൂര സർവീസുകളും കേരളത്തിന് അനുവദിച്ചേ മതിയാകുകയുള്ളൂ.

Back to top button
error: