തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ നവകേരള സദസുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേരള പര്യടനം നടത്തുമ്പോൾ സെക്രട്ടേറിയറ്റിൽ ഫയൽ കൂമ്പാരം. മൂന്ന് വർഷത്തിനിടെ പരിഗണനയ്ക്ക് വന്നതിൽ വെറും 11.6 ശതമാനം പരാതികൾ മാത്രമാണ് തീര്‍പ്പാക്കിയത്. പ്രതിമാസ അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിൽ പോലും വിവിധ വകുപ്പുകൾ വരുത്തിയത് വൻ വീഴ്ചയെന്ന് മാത്രമല്ല, ജൂലൈയ്ക്ക് ശേഷം കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്ക് പോലും എടുത്തിട്ടുമില്ല.
ഓരോ ഫയലും ഓരോ ജീവിതമെന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സര്‍ക്കാര്‍ ജീവനക്കാരോട് ഇടപെടാറുള്ളത്. എന്നാല്‍, അപ്പപ്പോൾ പരിഹാരം പോയിട്ട് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം കുറക്കാൻ പോലും നടപടി ഉണ്ടാകുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജൂലൈ മാസത്തിലെ പ്രതിമാസ പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടിൽ ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പുകളുടേയും സമീപനത്തിൽ ഇതിനെതിരെ കടുത്ത വിമര്‍ശനവുമുണ്ട്. 27 വകുപ്പുകളിലായി പരിഗണനയ്ക്ക് എത്തിയത് ആകെ 43645 ഫയലുകളാണ്. അതിൽ തീര്‍പ്പാക്കിയത് 5057 എണ്ണം മാത്രമാണ്. ഫയൽ തീര്‍പ്പാക്കൽ പുരോഗതി കണക്കാക്കിയാൽ സ്ഥിതി പരിതാപകരമാണ്. വെറും 11.6 ശതമാനം മാത്രം ഫയലുകളാണ് തീര്‍പ്പാക്കിയത്. ഇതിൽ തന്നെ ഒരു വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനും ഇടയിൽ പഴക്കമുള്ള 10667 ഫയലും രണ്ട് വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടക്കുള്ള 6500 ഫയലുമുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ മാത്രം സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലെത്തിയത് 8827 ഫയലുകലാണ്. ഇതില്‍ 4248 ഫയലുകളഅ മാത്രമാണ് തീര്‍പ്പാക്കിയത്. എത്തുന്ന ഫയലുകളുടെ എണ്ണവും പരിഹരിക്കുന്ന പരാതിയും സംബന്ധിച്ച സ്ഥിതി വിവരക്കണക്കുകൾ കൃത്യമാക്കാനാണ് പ്രതിമാസ അവലോകനം വച്ചത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് തൊട്ട് മുൻപത്തെ മാസത്തെ അവലോകനം തയ്യാറാക്കണമെന്ന സര്‍ക്കാര്‍ തിട്ടൂരവും ഉദ്യോസ്ഥര്‍ ഗൗനിച്ച മട്ടില്ല. വകുപ്പുകൾക്ക് കടുത്ത വിമര്‍ശനം രേഖപ്പെടുത്തിയ ജൂലൈയ്ക്ക് ശേഷം ഇതുവരെ അവലോകന റിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടില്ല. എത്തിയ ഫയലുകളുടെ കണക്കുമില്ല ഫയലുകളിൽ തീര്‍പ്പുമില്ല.