KeralaNEWS

സംഘടനാ തിരഞ്ഞെടുപ്പിനിടെ എ ഗ്രൂപ്പിനുള്ളിലുണ്ടായ പോർ യൂത്ത് കോൺഗ്രസിന് പാരയായി; അന്വേഷണ സംഘത്തിനുള്ള എല്ലാ രഹസ്യ വിവരങ്ങളും കൈമാറിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ!

പത്തനംതിട്ട: സംഘടനാ തിരഞ്ഞെടുപ്പിനിടെ എ ഗ്രൂപ്പിനുള്ളിലുണ്ടായ പോരാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അന്വേഷണ സംഘത്തിനുള്ള എല്ലാ രഹസ്യ വിവരങ്ങളും കൈമാറിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ്. അറസ്റ്റിലായവര്‍ നിരപരാധികളാണെന്നും കേസെടുത്ത് വരുതിയിലാക്കാമെന്ന് കരുതേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിക്കുന്നത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച് സംസ്ഥാന വ്യാപകമായി പരാതി ഉയര്‍ന്നിട്ടും അന്വേഷണ സംഘം ആദ്യം എത്തിയത് രാഹുല്‍ മാങ്കൂട്ടത്തിന്‍റെ നാടായ അടൂരിലാണ്. ചോദ്യം ചെയ്യാനായി ആദ്യം കസ്റ്റഡിയിലെടുത്ത മൂന്നുപേരും രാഹുലിന്‍റെ അടുത്ത അനുയായികളുമാണ്. അന്വേഷണസംഘത്തിന് പ്രതികളുടെ പേരുവിവരങ്ങളും വീട്ടിലേക്കുളള വഴികള്‍ വരെ നല്‍കിയത് പാര്‍ട്ടിക്കാരാണെന്നാണ് വിവരം. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് കോണ്‍ഗ്രസിനകത്തെ, പ്രത്യേകിച്ച് എ ഗ്രൂപ്പിനുള്ളിലെ പോരിലേക്കാണ്.

Signature-ad

സംഘടനാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെല്ലാം എ ഗ്രൂപ്പ് ഭിന്നിച്ചാണ് മത്സരിച്ചത്. ഇതിന്‍റെ വൈരാഗ്യം കൂടിയാണ് കേസിന് പിന്നിലെന്ന് വ്യക്തം. പക്ഷേ അന്വേഷണ സംഘത്തിന് പ്രത്യേക അജണ്ടയുണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രസി‍ഡന്‍റിന്‍റെ ആരോപണം. യൂത്ത് കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് സിപിഎമ്മാണെന്നും അതിന് കൂട്ടുപിടിക്കുന്നത് കെ സുരേന്ദ്രനാണെന്നുമുള്ള രാഷ്ട്രീയവാദങ്ങള്‍ നിരത്തി സംഘടനാ പ്രശ്നങ്ങളെ മറച്ചുപിടിക്കുകയാണ് മുന്‍ അധ്യക്ഷന്‍. ഉള്‍പ്പാര്‍ട്ടി പ്രശ്നം കേസിലേക്ക് നീണ്ടതോടെ പൊട്ടിത്തെറിയുടെ വക്കിലാണ് എ ഗ്രൂപ്പുള്ളത്. കൂടുതല്‍ വ്യാജ നിര്‍മിതികളെക്കുറിച്ചുള്ള വിവരങ്ങളും പിന്നാലെ വന്നേക്കും.

Back to top button
error: