KeralaNEWS

പൊരിവെയിലത്ത് മുഖ്യമ്രന്തിക്ക് അഭിവാദ്യമര്‍പ്പിച്ച് കൊച്ചുകുട്ടികളും; ബാലാവകാശ കമ്മിഷന് പരാതി

കണ്ണൂര്‍: നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാന്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളെയടക്കം ഒരു മണിക്കൂറോളം പൊരിവെയിലത്തു നിര്‍ത്തി. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ വിദ്യാര്‍ഥികളെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണിത്. സ്‌കൂള്‍ അസംബ്ലിയില്‍ പോലും 7 മിനിറ്റില്‍ കൂടുതല്‍ നിര്‍ത്തരുതെന്നു നിബന്ധനയുണ്ട്.

തലശ്ശേരിയില്‍നിന്നു കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലേക്കു പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് 32, 33 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ കുട്ടികളെ രാവിലെ 11 മുതല്‍ വഴിയരികില്‍ നിരത്തിനിര്‍ത്തിയത്. മുഖ്യമന്ത്രി ഇതുവഴി പോയതാകട്ടെ പന്ത്രണ്ടോടെയും.

Signature-ad

ആരും കൂത്തുപറമ്പ് മണ്ഡലത്തിലെ വിദ്യാര്‍ഥികളല്ല; സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പ്രതിനിധാനം ചെയ്യുന്ന തലശ്ശേരി മണ്ഡലത്തിലെ മീത്തലെ ചമ്പാട്ടുള്ള ചമ്പാട് എല്‍.പി. സ്‌കൂള്‍, ചമ്പാട് വെസ്റ്റ് യു.പി. സ്‌കൂള്‍, താഴെ ചമ്പാട്ടെ പന്ന്യന്നൂര്‍ ഗവ. ഐ.ടി.ഐ., അരയാക്കൂലിലെ ചോതാവൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ്. പുഷ്പവൃഷ്ടിക്കും ആളുകളെ നിര്‍ത്തിയിരുന്നു.

സ്പീക്കര്‍ ആവശ്യപ്പെട്ടതുപ്രകാരം നവകേരള സദസ്സില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കണമെന്ന് തലശ്ശേരി കോളജ് ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ നേരത്തേ നോട്ടിസ് ഇറക്കിയിരുന്നു. അധ്യാപകര്‍ക്കും നിര്‍ദേശമുണ്ടായിരുന്നു. കുട്ടികളെ വെയിലത്തു നിര്‍ത്തിയതിനെതിരെ എംഎസ്എഫ് സംസ്ഥാന ബാലാവകാശ കമ്മിഷനും എബിവിപി ദേശീയ ബാലാവകാശ കമ്മിഷനും പരാതി നല്‍കി. കെ.എസ്.യു.വും സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചു.

അതേസമയം, കുട്ടികള്‍ക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിട്ട് കാണാനുള്ള അവസരമൊരുക്കുകയാണ് ചെയ്തതെന്ന് ചമ്പാട് എല്‍.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ജയകൃഷ്ണന്‍ മനയത്ത് പറഞ്ഞു. കുട്ടികളെ സ്‌കൂളിനുമുന്നിലെ മരത്തണലിലാണ് നിര്‍ത്തിയത്. കുട്ടികളെ റോഡരികിലേക്ക് ഇറക്കിനിര്‍ത്താന്‍ പഞ്ചായത്ത് പ്രസിഡന്റ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പന്ന്യന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ആവശ്യപ്പെട്ടത് പ്രകാരമാണ് കുട്ടികളെ റോഡില്‍നിര്‍ത്തി അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളിപ്പിച്ചതെന്ന് ചോതാവൂര്‍ ഹൈസ്‌കൂള്‍ പ്രഥമാധ്യാപകന്‍ കെ.പി. ജയരാജന്‍ അറിയിച്ചു.

 

 

 

 

 

Back to top button
error: