KeralaNEWS

തലശ്ശേരിയിലെ മന്ത്രിസഭാ യോഗം: കൊച്ചിയിൽ 150 കോടി ചെലവിൽ ബയോഗ്യാസ് പ്ലാന്റിന്  അനുമതി; മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം

   തലസ്ഥാനത്തിനു പുറത്ത് ആദ്യമായി മുഴുവന്‍ മന്ത്രിമാരും പങ്കെടുത്ത് നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗം തലശ്ശേരിയില്‍ ചേര്‍ന്നു. നവകേരള സദസ് പര്യടനത്തിനിടെയാണ് അപൂര്‍വ്വ മന്ത്രിസഭ യോഗം ചേര്‍ന്നത്. കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭ അംഗീകാരം നൽകി.

ജനങ്ങളുമായി സംവദിച്ച് ജനകീയ സര്‍ക്കാരിന്റെ മണ്ഡല പര്യടനം തുടരുന്നതിനിടെയാണ് അപൂര്‍വ്വ ചരിത്രമെഴുതി പ്രത്യേക മന്ത്രിസഭാ യോഗത്തിന് തലശ്ശേരി വേദിയായത്.  ഉന്നത പോലീസുദ്യോഗസ്ഥർ  അടക്കമുള്ളവരുടെ സുരക്ഷയിലാണ്  തലസ്ഥാനത്തിന് പുറത്തെ മന്ത്രിസഭ യോഗം ചേർന്നത്.

Signature-ad

കൊച്ചി കോര്‍പ്പറേഷന്റെ കൈവശമുള്ള ബ്രഹ്‌മപുരത്തെ ഭൂമിയില്‍ നിന്നും 10 ഏക്കര്‍ പദ്ധതിക്കായി കൈമാറാന്‍ തീരുമാനിച്ചു. 150 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റിന്റെ നിര്‍മാണം 15 മാസത്തിനകം പൂര്‍ത്തിയാക്കും.

പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവവളം കര്‍ഷകര്‍ക്ക് ലഭ്യമാക്കും. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്‌കരിച്ച് ശുദ്ധമായ ജലം മാത്രമേ പുറത്തുവിടുകയുള്ളൂ. സംസ്‌കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവമാലിന്യം ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് സംസ്‌കരിക്കും. ഏഴ് ലക്ഷത്തിനടുത്ത് ജനസംഖ്യയും 1,61,000 ല്‍ അധികം വീടുകളും ഉള്ള കൊച്ചി കോര്‍പ്പറേഷനിലെ ജൈവമാലിന്യ പ്രശ്നത്തിന് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പരിഹാരമാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 387 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് ദിവസം ആയിരം രൂപ വീതം പ്രചോദന ധനസഹായം അനുവദിച്ചു. സംസ്ഥാന സഹകരണ യൂണിയനിലെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു. ഒപ്പം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികകള്‍ക്ക് സാധൂകരണവും നല്‍കി.

രാജ്യത്ത് തന്നെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനം തുടര്‍ച്ചയായി വ്യത്യസ്ത ജില്ലകളില്‍ മന്ത്രി സഭായോഗങ്ങള്‍ ചേരുന്നത്… അടുത്ത മന്ത്രിസഭ സഭായോഗം 28ന് മലപ്പുറം വള്ളിക്കുന്നിലാണ്. ഡിസംബര്‍ 6ന് തൃശൂരിലും, ഡിസംബര്‍ 12 ന് ഇടുക്കി പീരുമേട്ടിലും, 20ന് കൊല്ലത്തും മന്ത്രിസഭായോഗങ്ങള്‍ ചേരും.

Back to top button
error: