കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും നല്ല ബുദ്ധി തോന്നിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബുധനാഴ്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇത് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണെങ്കില്‍ നല്ലത്. വിവേകം വൈകിയുദിച്ചാലും നല്ലകാര്യമാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.
”നവകേരളസദസ്സ് ബഹിഷ്കരിച്ചു എന്നുമാത്രമല്ല, തെരുവില്‍ നേരിടുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ആ നിലയില്‍നിന്ന് പിന്മാറമണെന്നാണ് ആവര്‍ത്തിച്ച് പറഞ്ഞത്. ഇന്ന് കാലത്തും പത്രസമ്മേളനത്തിലൂടെ അഭ്യര്‍ഥിച്ചു. കുറച്ച് നല്ല ബുദ്ധി അവര്‍ക്ക് തോന്നിയിട്ടുണ്ട് എന്നാണ് കാണുന്നത്. ഇന്ന് ഞങ്ങളുടെ വാഹനത്തിന് മുന്നിലേക്ക് കൊടിയുമായൊന്നും ആരും ചാടിവരുന്നത് കണ്ടില്ല. അത് നേതൃത്വം നല്കിയ നിര്‍ദേശത്തിന്റെ ഭാഗമാണെങ്കില്‍ നല്ലത്. വിവേകം വൈകിയുദിച്ചാലും നല്ല കാര്യമാണല്ലോ?” -മുഖ്യമന്ത്രി പറഞ്ഞു
”പ്രഖ്യാപനങ്ങള്‍ നിങ്ങള്‍ തന്നെ മനസിരുത്തി നോക്കണം. തെരുവില്‍ നേരിടുമെന്നാണ് ഒരു നേതാവ് പ്രഖ്യാപിച്ചത്. ആരെ ഞങ്ങളെയല്ലല്ലോ, തെരുവില്‍ നേരിടേണ്ടത് പരിപാടിയില്‍ വരുന്ന ജനങ്ങളയല്ലേ. ജനലക്ഷങ്ങളെ തെരുവില്‍ നേരിടുമെന്നാണോ നിങ്ങള്‍ പറയുന്നത്?” – പിണറായി പ്രതിപക്ഷത്തോട് ആരാഞ്ഞു.
”മറ്റൊരു നേതാവ് പറഞ്ഞത് തലസ്ഥാനംവരെ യാത്രയുടെ മുന്നില്‍ കരിങ്കൊടികള്‍ വരാന്‍ പോവുകയാണെന്നാണ്. അതും മറ്റൊരു മോഹമാണ്. എന്നാല്‍, ഇന്ന് പകല്‍ ഇതിനെല്ലാം പുനര്‍വിചിന്തനം ഉണ്ടായിട്ടുണ്ടെങ്കില്‍ നല്ലത്” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.