KeralaNEWS

കേരളത്തിലെ കാർഷിക മേഖല വിലത്തകർച്ചയും വന്യമൃഗ ആക്രമണവും കൃഷി നാശവും: സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കാത്തത് കർഷകരോടുള്ള വെല്ലുവിളിയെന്ന് കത്തോലിക്ക കോൺഗ്രസ്

കോട്ടയം: കേരളത്തിലെ കാർഷിക മേഖല വിലത്തകർച്ചയും വന്യമൃഗ ആക്രമണവും കൃഷി നാശവും മൂലം മുൻപ് ഒരിക്കലും ഇല്ലാത്ത വിധം പ്രതിസന്ധിയിൽ ആയിട്ടും സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കാത്തത് കർഷകരോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്ക കോൺഗ്രസ്.

1918 ൽ ആരംഭം കുറിച്ച കത്തോലിക്ക കോൺഗ്രസ്, മതസൗഹാർദ്ദവും സമൂഹത്തിന്റെ പൊതു നന്മയും ലക്ഷ്യം വെച്ച് അവഗണിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്നവർക്ക് വേണ്ടി ശക്തമായ നിലപാടുകൾ സ്വീകരിച്ച് പ്രവർത്തിക്കുന്നു. വന്യമ്യഗങ്ങൾ മനുഷ്യ ജീവനുകൾ കവർന്ന് എടുത്തിട്ടും വലിയ തോതിൽ ക്യഷി നശിപ്പിച്ചിട്ടും ശാശ്വത പരിഹാരം കാണുവാൻ സർക്കാരുകൾ തയ്യാറാവുകുന്നില്ല. കർഷകർ കൂട്ടത്തോടെ കൃഷി ഉപേക്ഷിക്കുമ്പോഴും, സംരംഭകരും യുവജനങ്ങളും കേരളം ഉപേക്ഷിച്ച് കൂട്ടത്തോടെ പോകുമ്പോഴും, ദീഘവീക്ഷണത്തോടെ പരിഹാര പദ്ധതികൾ രൂപീകരിക്കുവാൻ സർക്കാരുകളെ പ്രേരിപ്പിക്കുന്നതിനും കർഷകരക്ഷയ്ക്കായും കത്തോലിക്ക കോൺഗ്രസ് നേത്യത്വത്തിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ഡിസംബർ 11 മുതൽ 22 വരെ “അതിജീവന യാത്ര ” സംഘടിപ്പിക്കുന്നു.

കേരളത്തിൽ എട്ട് ലക്ഷം ഏക്കർ ഭൂമിയാണ് വന്യമൃഗശല്യ ത്താൽ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ദിനം പ്രതി വന്യമ്യഗ ങ്ങളാൽ മനുഷ്യർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന വാർത്ത പരിഷ്ക്യത ലോകത്തിനു തന്നെ അപമാനമായിരിക്കുകയാണ്. കാട്ടുപന്നിയും, കുരങ്ങും, കാട്ടാനയും കേരളത്തിന്റെ വനത്തിനു താങ്ങാൻ പറ്റാത്ത വിധം പെറ്റു പെരുകിയിട്ടും ശാസ്ത്രീയമായ പരിഹാരങ്ങൾക്ക് സർക്കാർ തയ്യാറാകുന്നില്ല. വനം വകുപ്പ് കാട്ടുപന്നികളെ ജനവാസ മേഖലയിൽ തുറന്നു വിടുന്നു. വനാതിർത്തിയിൽ നിന്നും 15 കിലോമീറ്റർ വരെ വന്യമ്യഗങ്ങളുടെ സ്വതന്ത്ര വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. തെരുവുനായ്ക്കൾ നാട്ടിലെങ്ങും ഭീകരാന്തരീക്ഷം സ്യഷ്ടിച്ചിട്ടും നോക്കുകുത്തിയായി നിൽക്കുന്ന സർക്കാരിനെയാണ് നമ്മൾ കാണുന്നത്. നിയമ നിർമ്മാണങ്ങളിലൂടെയും വന്യമ്യഗങ്ങളെ വനാതിർത്തിയിൽ തടയുന്നതിനുള്ള ബ്യഹത് പദ്ധതികളിലൂടെയും, ഇത്തരം പ്രതിസന്ധികൾക്ക് സമയ ബന്ധിതമായി പരിഹാരം ഉണ്ടാക്കണം.

നെല്ല് സംഭരണത്തിൽ തുടർച്ചയായി ഉണ്ടാകുന്ന വീഴ്ച മൂലം കർഷകർ ആത്മഹത്യ ചെയ്യുന്നു. 68282 കോടി രൂപ പ്രതി വർഷ ശമ്പള പെൻഷൻ ഇനത്തിൽ സർക്കാർ ചെലവഴിക്കുമ്പോൾ അതിന്റെ 3 % ആകാത്ത തുകയായ 1577 കോടി രൂപ മാത്രം മതി നെല്ല് സംഭരണത്തിന്. എന്നിട്ടും പി ആർ എസ് വായ്പ പദ്ധതി വഴി കർഷകരെ വീണ്ടും കടക്കാരാക്കുകയാണ്. കർഷകരുടെ നെല്ലിന് പണം നേരിട്ട് നൽകുവാൻ സർക്കാർ തയ്യാറാകണം.

250 രൂപയ്ക്ക് റബ്ബർ സംഭരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നാളിതു വരെ റബ്ബർ കർഷകർക്ക് ലഭ്യമാക്കാത്തത് വീഴ്ചയായി കണ്ട് ഉടൻ പരിഹാരമുണ്ടാക്കണം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നും 40 രൂപ വെച്ച് നാളികേരം സംഭരിക്കുവാൻ നടപടി സ്വീകരിക്കണം. റബ്ബർ , നാളികേരം, നെല്ല്, പൈനാപ്പിൾ, ഏലം, കുരുമുളക്, പഴവർഗങ്ങൾ തുടങ്ങിയ ക്യഷികൾ കേരളത്തിൽ സംരക്ഷിക്കപ്പെടുവാൻ അടിയന്തിര തീരുമാനങ്ങൾ ഉണ്ടാകേണ്ടത് കേരളത്തിന്റെ നിലനിൽപ്പിനു തന്നെ ആവശ്യമാണ്.

അർഹതപെട്ട അവകാശങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുവാൻ സർക്കാർ ബാധ്യസ്ഥമാണ്. ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമയബന്ധിതമായി സർക്കാർ നടപ്പിലാക്കണം. കേരളത്തിന്റെ നിലനിൽപ്പിനു തന്നെ ആവശ്യമായ ഈ വിഷയങ്ങൾ ഉന്നയിച്ച് കൊണ്ടാണ് കർഷകന്റെ ശബ്ദമായി കത്തോലിക്ക കോൺഗ്രസ് “അതിജീവന യാത്ര” സംഘടിപ്പിച്ചിരിക്കുന്നത്.

വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ സ്മരണകൾ ഉയർത്തി,സീറോ മലബാർ സഭാ സിനഡ് സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഡിസംബർ 11 നു ഇരിട്ടിയിൽ “അതിജീവനയാത്ര” ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ അഡ്വ. ബിജു പറയന്നിലത്തിനു പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് കാസർഗോഡ് വെള്ളരിക്കുണ്ടിൽ നിന്നും ആരംഭിച്ച് തലശ്ശേരി, മാനന്തവാടി, താമരശ്ശേരി, പാലക്കാട്, തൃശൂർ, ഇരിങ്ങാലക്കുട, എറണാകുളം, കോതമംഗലം, ഇടുക്കി, പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി, ആലപ്പുഴ, പത്തനംതിട്ട, അമ്പൂരി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പൊതു സമ്മേളനങ്ങളും സംവാദങ്ങളും നടത്തി ഡിസംബർ 22 നു 11 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ വമ്പിച്ച ധർണ്ണയോടെ “അതിജീവന യാത്ര” സമാപിക്കും. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം സെക്രട്ടേറിയറ്റ് പടിക്കൽ ധർണ്ണ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ബിഷപ്പുമാർ, സാമൂഹ്യ, രാഷ്ട്രീയ, സമുദായ നേതാക്കൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ അതിജീവന യാത്രയെ അഭിസംബോധന ചെയ്യും. തുടർന്ന് അഞ്ച് ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി സർക്കാരുകൾക്ക് മുമ്പിൽ സമർപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഗ്ലോബൽ ഡയറക്ടർ ഫാ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ ജോബി കാക്കശേരി, ഭാരവാഹികളായ ഡോ.ജോസ്കുട്ടി ജെ ഒഴുകയിൽ,ഡേവിസ് ഇടക്കളത്തൂർ, തോമസ് പീടികയിൽ, രാജേഷ് ജോൺ, ബെന്നി ആന്റണി, ടെസ്സി ബിജു, ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, ഗ്ലോബൽ,രൂപത ഭാരവാഹികൾ എന്നിവർ അടങ്ങുന്ന 501അംഗ സമിതി അതിജീവന യാത്രക്ക് നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഡയറക്ടർ ഫാ. ഡോ.ഫിലിപ്പ് കവിയിൽ,ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ ജോബി കാക്കശേരി, ഭാരവാഹികളായ ഡോ.ജോസ്കുട്ടി ജെ ഒഴുകയിൽ,തോമസ് പീടികയിൽ,രാജേഷ് ജോൺ,ബെന്നി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: