മമ്മൂട്ടിയുടെ ‘കാതല്‍’ നാളെ മുതൽ, രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഉടൻ
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കാതല്‍’ നവംബര്‍ 23 ന് തീയേറ്ററുകളിലെത്തും. മമ്മൂട്ടിയുടെ മാത്യു ദേവസിയും ജ്യോതികയുടെ ഓമനയും തമ്മിലുള്ള ആത്മബന്ധം ആണ് ചിത്രത്തിന്റെ പ്രി-റിലീസ് ടീസറിൽ നിന്നു വ്യക്തമാകുന്നത്. ഇരുവരും ഡിവോഴ്സിന്റെ വക്കില്‍ നില്‍ക്കുന്നവരാണ്. ഇമോഷന് പ്രധാന്യമുള്ളതാകും ‘കാതല്‍’ എന്ന് വ്യക്തമാണ്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ വരുന്നു
രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ന്നാ താന്‍ കേസ് കൊട്.’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ചിത്രത്തിലെ വളരെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സ്പിന്‍ ഓഫ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. രാജേഷ് മാധവനും ചിത്ര നായരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.