ഒന്നിലധികം കുട്ടികളുള്ള വീടുകളില്‍ തീര്‍ച്ചയായും വഴക്കും ബഹളവും സ്വാഭാവികമാണ്. പ്രത്യേകിച്ച് അധികം പ്രായവ്യത്യാസം പരസ്പരം ഇല്ലാത്ത കുട്ടികളാണെങ്കില്‍. രണ്ടിലധികം കുട്ടികളാണെങ്കില്‍ ഈ ബഹളവും വഴക്കിന്‍റെ തോതുമെല്ലാം ഇനിയും ഉയരാം. എന്നുവച്ച് എല്ലാ വീടുകളിലെയും സാഹചര്യം സമാനമാകണമെന്നില്ല. പൊതുവില്‍ കുട്ടികള്‍ കൂടുതലുള്ള വീടുകളില്‍ ഇങ്ങനെയെല്ലാം ആണ് അവസ്ഥയെന്ന് എന്തായാലും നമുക്ക് പറയാം.
എപ്പോഴും മൂന്നോ നാലോ കുട്ടികളുണ്ടെങ്കില്‍ അതില്‍ രണ്ടാമത്തെ കുട്ടി മാത്രം അല്‍പം പ്രശ്നം കൂടുതലുള്ളവരായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? അല്ലെങ്കില്‍ രണ്ടാമത്തെ കുട്ടിക്ക് ‘കുരുത്തക്കേട്’ കൂടുതലായിരിക്കും എന്ന് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഈ പറച്ചിലില്‍ എന്തെങ്കിലും സത്യമുണ്ടായിരിക്കുമോ!
ഇതാ ഒരു പഠനറിപ്പോര്‍ട്ട് ഈ വിഷയത്തിലൊരു നിഗമനം പങ്കുവയ്ക്കുകയാണ്. യുഎസിലെ ‘യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡ’, ‘നോര്‍ത്ത്‍വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി’, ‘എംഐടി’ തുടങ്ങി പല സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഗവേഷകര്‍ ഒത്തുചേര്‍ന്നാണ് ഈ പഠനം നടത്തിയിരിക്കുന്നത്.
രണ്ടാമത്തെ കുട്ടികള്‍ പൊതുവില്‍ ‘ട്രബിള്‍ മേക്കേഴ്സ്’ അഥവാ പ്രശ്നക്കാര്‍ ആയിരിക്കുമെന്നും അത് ആണ്‍കുട്ടികളാണെങ്കില്‍ തീവ്രത കൂടുമെന്നുമാണ് പഠനം പങ്കുവയ്ക്കുന്ന നിഗമനം. സ്കൂളില്‍ നിന്ന് അച്ചടക്ക നടപടികള്‍ നേരിടുന്ന കാര്യത്തില്‍ രണ്ടാമത്തെ കുട്ടികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് 20-40 ശതമാനം വരെ മുന്നിലാണെന്നും ഇവരായിരിക്കും പില്‍ക്കാലത്ത് ക്രിമിനല്‍ കാര്യങ്ങളില്‍ – എന്നുവച്ചാല്‍ ചെറുതോ വലുതോ ആയ കുറ്റകൃത്യങ്ങളില്‍ മറ്റ് കുട്ടികളെ അപേക്ഷിച്ച് കൂടുതല്‍ പങ്കാളികള്‍ ആകുകയെന്നും പഠനം വിലയിരുത്തുന്നു.
മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് അത്ര ‘കെയര്‍’ അഥവാ ശ്രദ്ധ ലഭിക്കാത്തതാണ് ഇതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യകുഞ്ഞിനോ മൂന്നാമത്തെ കുഞ്ഞിനോ അതിന് ശേഷമുണ്ടാകുന്ന കുഞ്ഞിനോ കിട്ടുന്നയത്ര ‘കെയര്‍’ രണ്ടാമത്തെ കുഞ്ഞിന് കിട്ടാൻ സാധ്യത കുറവാണത്രേ. ഇതൊരു പൊതുവായ കാര്യമായും ഗവേഷകര്‍ വിലയിരുത്തുന്നു.
വികൃതിക്കാരായ കുട്ടികളെ നോക്കാനേല്‍പിക്കുന്ന ഡേ കെയര്‍ സര്‍വീസുകളിലും കൂടുതലെത്തുന്നത് രണ്ടാമത്തെ കുഞ്ഞുങ്ങളാണെന്ന് പഠനം നിരീക്ഷിക്കുന്നു. അതേസമയം എല്ലാ കുടുംബത്തിലും കാര്യങ്ങള്‍ ഇങ്ങനെയാകണമെന്നില്ല- എന്നതും ഗവേഷകര്‍ എടുത്തുപറയുന്നുണ്ട്. ഓരോ കുഞ്ഞിനും ആവശ്യത്തിന് കെയര്‍ നല്‍കേണ്ടതിന്‍റെ പ്രാധാന്യമാണ് പഠനത്തിലൂടെ ഗവേഷകര്‍ നല്‍കാൻ ഉദ്ദേശിക്കുന്നത്.