നടി തൃഷയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വില്ലന്‍ വേഷം ചെയ്ത ലിയോയില്‍ മുന്‍കാല സിനിമകളിലേതുപോലെയുള്ള ചില രംഗങ്ങളൊക്കെ ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെന്നും നായികയായ തൃഷയെ കട്ടിലിലേക്ക് എടുത്ത് ഇടാന്‍ സാധിച്ചില്ലെന്നും അതില്‍ നിരാശയുണ്ടെന്നുമാണ് മന്‍സൂര്‍ പറഞ്ഞത്.
മുന്‍പ് ഒരു വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചതിന്‍റെ വീഡിയോ ആണ് വൈറല്‍ ആയത്. പിന്നാലെ ഇതിനെ നിശിതമായി വിമര്‍ശിച്ചും മന്‍സൂറിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞുകൊണ്ടും തൃഷ രംഗത്തെത്തിയിരുന്നു. പിന്തുണയുമായി ലിയോ സംവിധായകന്‍ ലോകേഷ് അടക്കമുള്ളവരും എത്തി. ഇപ്പോഴിതാ മലയാളി താരം ഹരിശ്രീ അശോകന്‍ മുന്‍പൊരിക്കല്‍ മന്‍സൂര്‍ അലി ഖാനെക്കുറിച്ച് പറഞ്ഞ വാക്കുകളും പുതിയ സാഹചര്യത്തില്‍ വൈറല്‍ ആയിരിക്കുകയാണ്.
താന്‍ കൂടി അഭിനയിച്ച സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ മന്‍സൂര്‍ അലി ഖാനുമൊത്തുള്ള ഷൂട്ടിംഗ് അനുഭവമാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. അത് ഇങ്ങനെ- “സത്യം ശിവം സുന്ദരം എന്ന് പറയുന്ന പടത്തില്‍ ബസ് സ്റ്റാന്‍ഡില്‍ ഇട്ട് ഞങ്ങളെ തല്ലുന്നുണ്ട് മന്‍സൂര്‍ അലി ഖാന്‍. വില്ലനായി അഭിനയിക്കുന്നത് അയാളാണ്. എന്നെയും ഹനീഫ് ഇക്കയെയും (കൊച്ചിന്‍ ഹനീഫ) ആണ് തല്ലുന്നത്. അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന് കണ്ണ് കാണാം. ഞങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് കണ്ണ് കാണില്ല. കണ്ണിന്‍റെ കൃഷ്ണമണി മുകളിലേക്ക് പിടിച്ചാണ് ഞങ്ങള്‍ അഭിനയിക്കുന്നത്. അതുകൊണ്ട് ഫൈറ്റ് സീനില്‍ എതിരെ നില്‍ക്കുന്ന ആളുടെ കൈ എങ്ങനെ വരുന്നു എന്നൊന്നും ഞങ്ങള്‍ക്ക് കാണാന്‍ പറ്റില്ല. ഇയാള്‍ രണ്ട് മൂന്ന് പ്രാവശ്യം കൈക്ക് ഇട്ട് ഇടിച്ചു, പിന്നെ നെഞ്ചിന് രണ്ട് പ്രാവശ്യം ചവിട്ടി. ഞാന്‍ ഒരു പ്രാവശ്യം പറഞ്ഞു, ചവിട്ടരുത്, നോക്കണം എന്ന്. ഇതിന്‍റെ ടൈമിംഗ് നിങ്ങളുടെ കൈയിലാണ് ഇരിക്കുന്നത്. അതിനനുസരിച്ച് ചെയ്യണം എന്ന്. പക്ഷേ അയാള്‍ അത് മൈന്‍ഡ് ചെയ്തില്ല. രണ്ടാമത് വീണ്ടും ചവിട്ടി. ചവുട്ടിക്കഴിഞ്ഞപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞു. നിന്നോട് ഒരു പ്രാവശ്യം പറഞ്ഞതാണ്, ചെയ്യരുതെന്ന്. ഇനി എന്‍റെ ദേഹത്ത് തൊട്ടാല്‍ നീ മദ്രാസ് കാണില്ല എന്ന് പറഞ്ഞു. പിന്നെ കുഴപ്പം ഉണ്ടായില്ല. കാരണം അപ്പോള്‍ പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല. എന്‍റെ നാലിരട്ടിയുണ്ട് ഇയാള്‍. ഒരു ബോധമില്ലാത്ത നടനാണ് ഈ മന്‍സൂര്‍ അലി ഖാന്‍”, ഹരിശ്രീ അശോകന്‍ പറയുന്നു.
പുതിയ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ട്രേഡ് അനലിസ്റ്റുകളും പ്രേക്ഷകരുമൊക്കെ ഈ വീഡിയോ സമൂഹമാധ്യമ പ്ലാറ്റ്‍ഫോമുകളില്‍ പങ്കുവെക്കുന്നുണ്ട്.