ജനകീയമാദ്ധ്യമങ്ങളും കോർപ്പറേറ്റ് മാദ്ധ്യമങ്ങളും മുഖാമുഖം വരുമ്പോൾ-മനോജ് കെ. പുതിയവിള
സമൂഹമാദ്ധ്യമങ്ങൾ മാദ്ധ്യമലോകത്തെ ഇളംമുറയാണ്. ജനകീയതയുടെയും എഡിറ്റോറിയൽനിയന്ത്രണം ഇല്ലാത്ത ജനാധിപത്യത്തിന്റെയും കരുത്തുള്ള മാദ്ധ്യമം. ജനാധിപത്യത്തിന്റെ തൂണുകളിൽ ഒന്നായ മാദ്ധ്യമങ്ങൾ ഇന്ന് ഇതുകൂടി ഉൾപ്പെടുന്നതാണ്. ഇവ പരസ്പരം പ്രതിപ്രവർത്തിക്കുന്നതിന്റെ സാംഗത്യം പുതിയ ചില സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയാണിവിടെ. ജനാധിപത്യവും ജനങ്ങളുമാണ് അടിസ്ഥാനമെന്നും മനുഷ്യർ രാഷ്ട്രീയജീവികളാണെന്നും ഉള്ള പരികല്പനയിൽ ചോദിക്കട്ടെ, മാദ്ധ്യമരംഗത്തു ജനങ്ങൾ രാഷ്ട്രീയമായി ഇടപെടുന്നതിനെ ഭയക്കുന്നതെന്തിന്?
സംസ്ഥാനത്ത് ഒരു സവിശേഷമാദ്ധ്യമസാഹചര്യം നിലനില്ക്കുന്നു എന്ന പ്രതീതിയും അത്തരം നിരീക്ഷണങ്ങളും ഉണ്ടാകുന്നതായി കാണുന്നു. അതാണ് ഈ എഴുത്തിന്റെ പ്രേരണ. വിഷയത്തിലേക്കു വരുന്നതിനുമുമ്പ് ഒരു ആമുഖം:
ജനാധിപത്യത്തിന്റെ ഇന്നത്തെ മാതൃകയാണ് ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയിലൂടെ പ്രവർത്തിക്കുന്നത്. അതിന്റെ ഈ ചട്ടക്കൂടിനു പുറത്തുള്ള തൂണാണു മാദ്ധ്യമങ്ങൾ. ജനാവബോധവും ജനപങ്കാളിത്തത്തിനുള്ള സംവിധാനങ്ങളും വികസിക്കുന്നതിനനുസരിച്ച് ജനാധിപത്യം കൂടുതൽ ജനാധിപത്യമുള്ള രൂപത്തിലേക്കു പരിണമിച്ചേക്കാം. അഞ്ചുകൊല്ലവോട്ടെടുപ്പു നടത്തി അഞ്ചുകൊല്ലത്തെ എല്ലാ തീരുമാനവും ഭൂരിപക്ഷത്തിനു വിടുന്ന രീതിക്കു പകരം ഓരോ വിഷയവും റഫറണ്ടം നടത്തി അപ്പപ്പോൾ ഭൂരിപക്ഷാടിസ്ഥാനത്തിൽ തീരുമാനിക്കുന്ന രീതിയോ ഗ്രാമസഭപോലുള്ള കീഴ്‌ഘടകങ്ങൾ ചേർന്ന് അവിശ്വാസം രേഖപ്പെടുത്തിയാൽ ജനപ്രതിനിധികളെ തിരികെ വിളിക്കുന്ന രീതിയോ നിയമനിർമ്മാണം തന്നെ മുഴുവൻ സമൂഹത്തിന്റെയും പങ്കാളിത്തമുള്ള പ്രവർത്തനമായി മാറുകയോ മാദ്ധ്യമങ്ങൾ എന്നത് വ്യക്തികളോ സ്വകാര്യസ്ഥാപനങ്ങളോ നടത്തുന്ന രീതിക്കു പകരം സമൂഹമാദ്ധ്യമങ്ങൾ പോലെ എല്ലാ ജനങ്ങളും സംഭാവനചെയ്യുകയും പരസ്പരം സംവദിക്കുകയും ചെയ്യുന്ന രൂപങ്ങൾ ഉണ്ടാകുകയോ ഒക്കെ ചെയ്തേക്കാം. ചുരുക്കത്തിൽ ഇന്നുള്ളതെല്ലാം അവസാനത്തേതല്ല. പരിണാമത്തിന്റെ ഓരോരോ ഘട്ടങ്ങളാണ്. പരമ്പരാഗതമായി ഉള്ളതുമാത്രമാണു പ്രധാനം, പുതിയതായി വരുന്നവയ്ക്ക് ആ പ്രാമാണ്യം ഇല്ല എന്ന മട്ടിലുള്ള പഴഞ്ചൻ ചിന്തയോടെ മാദ്ധ്യമരംഗത്തെ ഇന്ന് – നവമാദ്ധ്യമങ്ങളുടെ കാലത്ത് – സമീപിക്കാനാവില്ല. ഈ അടിസ്ഥാനപരികല്പനയിൽ നിന്നുകൊണ്ടാണ് ആനുകാലികമാദ്ധ്യമസാഹചര്യം വിശകലനം ചെയ്യുന്നത്.
ഇനി വിഷയത്തിലേക്കു വരാം. ആദ്യമേതന്നെ പറയട്ടെ, മാദ്ധ്യമരംഗത്ത് സമീപകാലത്തുണ്ടായ മാറ്റം നമ്മുടെ പരമ്പരാഗതമാദ്ധ്യമങ്ങളിൽ ചിലത് ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയോ സമൂഹമാദ്ധ്യമങ്ങളോ ആയി ഏർപ്പെട്ടിരിക്കുന്ന സംവാദമോ സംഘർഷമോ അല്ല. അതൊക്കെ അടിസ്ഥാനപ്രശ്നത്തിന്റെ ലക്ഷണങ്ങൾ മാത്രമാണ്. അടിസ്ഥാനമാറ്റം കോർപ്പറേറ്റ്‌വത്ക്കരണവും ക്രോണി ക്യാപ്പിറ്റലിസത്തിന്റെ ഭാഗമായി അത് മുതലാളിത്താഭിമുഖ്യമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളോടും അത്തരം ഭരണത്തോടും ചേർന്നുനിന്നു പ്രവർത്തിച്ചുതുടങ്ങിയതുമാണ്. ഇത് ആഗോളപ്രതിഭാസമാണ്. കേരളത്തിലും ഇത് ഉണ്ടായിട്ടുണ്ട് എന്നല്ലാതെ സവിശേഷമായ എന്തെങ്കിലും മാറ്റം കേരളത്തിൽ മാത്രമായി ഉണ്ടായിട്ടില്ല.
സമൂഹമാദ്ധ്യമങ്ങളിൽ ശക്തിപ്പെട്ടുവരുന്ന മാദ്ധ്യമവിമർശനത്തെ സവിശേഷസാഹചര്യമായി കാണുന്നതും ശരിയായ നിരീക്ഷണമായി തോന്നുന്നില്ല. പൊതുവെ പ്രബുദ്ധവും മാദ്ധ്യമസമ്പന്നവും ഒരു പരിധിവരെ മാദ്ധ്യമസ്വാധീനിതവുമായ സമൂഹം എന്ന നിലയിൽ കേരളത്തിലെ മാദ്ധ്യമരംഗം എന്നും മറ്റിടങ്ങളിൽനിന്നു വ്യത്യസ്തമായിരുന്നു. നമ്മുടെ ചായക്കടകളിലും ബാർബർ ഷോപ്പുകളിലും മറ്റു കൂടിച്ചേരലുകളിലുമൊക്കെ എല്ലാക്കാലത്തും മാദ്ധ്യമങ്ങൾ വിലയിരുത്തപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുമായിരുന്നു. അങ്ങനെയാണല്ലോ ഓരോ മാദ്ധ്യമത്തെയും അതിന്റെ ഓരോന്നിന്റെയും രാഷ്ട്രീയത്തെയും അജൻഡകളെയും ഒക്കെപ്പറ്റി കേരളീയർക്കു കൃത്യമായ ധാരണകൾ ഉണ്ടായത്. അതിനെയാണല്ലോ നാം മാദ്ധ്യമസാക്ഷരത എന്നൊക്കെ വിളിച്ചുപോരുന്നത്. അതിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ദൃശ്യമായിത്തുടങ്ങുകമാത്രമാണ് ഉണ്ടായിട്ടുള്ളത്. അതുവരെ മാദ്ധ്യമപ്രവർത്തകർക്ക് അദൃശ്യമായിരുന്ന ഇത്തരം വിലയിരുത്തലുകളും വിമർശങ്ങളും അവർകൂടി അംഗങ്ങളായ സമൂഹമാദ്ധ്യമങ്ങളിൽ എത്തിയപ്പോൾ അവരും അതൊക്കെ അറിയാൻ തുടങ്ങി. അതല്ലാതെ കേരളസമൂഹം ഒരു പുതിയ മാദ്ധ്യമവിമർശനപ്രസ്ഥാനത്തിനൊന്നും തുടക്കം കുറിച്ചിട്ടില്ല.
മാദ്ധ്യമധർമ്മവും സ്വാതന്ത്ര്യവും
ഇനി, വിമർശനം എന്ന പ്രക്രിയ എടുക്കാം. ഏതൊന്നും വിമർശിക്കപ്പെടുന്നത് വിമർശനീയമായ കാര്യങ്ങൾ ഉണ്ടാകുമ്പോഴാണ്. വിമർശനീയമായ കാര്യങ്ങൾ കൂടുതൽ ഉണ്ടാകുമ്പോൾ വിമർശങ്ങളും സ്വാഭാവികമായും കൂടുതൽ ഉണ്ടാകും. അപ്പോൾ, മാദ്ധ്യമവിമർശത്തിന്റെ അളവിൽ വല്ല വർദ്ധനയും അടുത്തിടെ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം വിമർശനീയമായ കാര്യങ്ങൾ മാദ്ധ്യമങ്ങളുടെ ഭാഗത്തു വർദ്ധിച്ചിരിക്കുന്നു എന്നുകൂടിയാണ്. ആ ഭാഗം പരിശോധിക്കാതെ മാദ്ധ്യമധർമ്മം, മാദ്ധ്യമസ്വാതന്ത്ര്യം എന്നിവയുടെ മാത്രം പ്രശ്നമായി അതിനെ കാണാനാവില്ല.
ഇനി മാദ്ധ്യമധർമ്മം, മാദ്ധ്യമസ്വാതന്ത്ര്യം എന്നിവകൂടി നോക്കാം. മാദ്ധ്യമധർമ്മം എന്നത് എന്ത് എന്നതിൽ പൊതുവെ വലിയ അഭിപ്രായവ്യത്യാസം ഉള്ളതായി ഇതുവരെ കണ്ടിട്ടില്ല. ആ ധർമ്മം സമൂഹത്തിന്റെ ഉത്തമതാത്പര്യത്തിനും പുരോഗതിക്കും മെച്ചപ്പെടലിനും വികാസത്തിനും നല്ലതിലേക്കുള്ള പരിവർത്തനത്തിനും ഒക്കെ ആവശ്യമുള്ള ഒന്നാണ്. അതുകൊണ്ടാണ് നാം അതിനെ വിലമതിക്കുന്നതും അതിനെ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാതെ മുന്നിട്ടിറങ്ങുന്നതും പോരാടുന്നതുമൊക്കെ. അത്തരത്തിലുള്ള ധർമ്മം അത്തരത്തിലുള്ള ഉത്തരവാദിത്വബോധത്തോടെ നിർവ്വഹിക്കുക എന്നതാണ് മാദ്ധ്യമങ്ങളുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഉത്തരവാദിത്വം.
എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നീ ജനാധിപത്യസ്തംഭങ്ങളെ നിരന്തരം വാച്ച് ഡോഗിനെപ്പോലെ നിരീക്ഷിക്കുകയും അവ ചെയ്യുന്ന തെറ്റുകൾ കണ്ടെത്തുകയും അവ ജനങ്ങളെ അറിയിക്കുകയും ചെയ്യുക എന്നതാണ് നാലാംതൂണായ മാദ്ധ്യമങ്ങളുടെ ഒരു പ്രധാനധർമ്മം. അതു ചെയ്യുമ്പോൾ മേല്പറഞ്ഞ തൂണുകളിൽ ജനാധിപത്യസ്വഭാവമില്ലാത്തവ ഉണ്ടെങ്കിൽ അവ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനും ഭയപ്പെടുത്തിയോ സ്വാധീനിച്ചോ കൂടെ നിർത്താനും ശ്രമിക്കാം. അത്തരത്തിൽ മാദ്ധ്യമസ്വാതന്ത്ര്യം അപകടപ്പെടുന്ന സാഹചര്യം വരുമ്പോൾ അതു സംരക്ഷിക്കാൻ രംഗത്തിറങ്ങി പോരാടുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതാണ് അതുസംബന്ധിച്ച അടിസ്ഥാനധാരണ. അതുകൊണ്ടാണ് മാദ്ധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് പ്രധാനമാണ് എന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
എന്നാൽ, അതിൽനിന്നു വ്യതിചലിച്ചുള്ള പ്രവർത്തനം മാദ്ധ്യധർമ്മപ്രകാരമുള്ളതല്ല. അതുകൊണ്ടാണ് പണം വാങ്ങി വാർത്ത എഴുതുന്നതിനെയും എഴുതിക്കളയും എന്നു ഭീഷണിപ്പെടുത്തി ബ്ലായ്ക്ക് മെയിൽ ചെയ്യുന്നതിനെയും എന്തെങ്കിലും അത്തരം താത്പര്യത്തിന്റെ പേരിൽ എന്തെങ്കിലും വാർത്ത എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യുന്നതിനെയും നാം നല്ല മാദ്ധ്യമപ്രവർത്തനമായി അംഗീകരിക്കാത്തത്. അത്തരം പത്രക്കാരോടു പത്രക്കാർക്കുതന്നെ മുമ്പു പുച്ഛമായിരുന്നു. കൂട്ടത്തിൽ കൂട്ടുകതന്നെ ഇല്ലായിരുന്നു. ചുരുക്കത്തിൽ മാദ്ധ്യമത്തിൽ നടക്കുന്നു എന്നതുകൊണ്ടുമാത്രം എല്ലാ പ്രവർത്തനവും മാദ്ധ്യമപ്രവർത്തനം ആകുന്നില്ല. അത്തരം പ്രവർത്തനങ്ങൾക്കു മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ സംരക്ഷണയല്ല, ക്രിമിനൽ നടപടിക്രമം അനുശാസിക്കുന്ന തടവ് അടക്കമുള്ള ശിക്ഷകളാണു ലഭിക്കുന്നത്.
മുമ്പെല്ലാം അത്തരം പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്നത് ചില ചെറുകിടപത്രങ്ങളും ചില കുറ്റാന്വേഷണപ്രസിദ്ധീകരണങ്ങളും ഒക്കെ മാത്രമായിരുന്നു. ഒരു നിമിഷം ഒന്ന് ആലോചിച്ചാൽ അവയിൽ പലതിന്റെയും പേരുകൾ നമ്മുടെ മനസിലൂടെ കടന്നുപോകും. ഇന്നും അത്തരം ചില പ്രസിദ്ധീകരണങ്ങൾ ഓൺലൈനിലടക്കം ഉണ്ട്. അവയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടു വരുമ്പോൾ ശക്തരായ മാദ്ധ്യമസ്വാതന്ത്ര്യവാദികൾപോലും ഇടപെടാറില്ലെന്നതും നാം കാണുന്നുണ്ട്. നമുക്കിതിനെ ‘മാദ്ധ്യമാധർമ്മം’ എന്നു പേരിട്ടു വിളിക്കാം. അധർമ്മത്തിന്റെ അ-കൂടി ചേർന്നു നടുവിലെ മ-യ്ക്കു നീട്ടു വന്നതേയുള്ളൂ വാക്കിൽ വ്യത്യാസമെങ്കിലും ആശയതലത്തിൽ രണ്ടും നേർവിപരീതമാണ് എന്ന് ഓർക്കണം.
കരിഞ്ചന്തയോ പൂഴ്ത്തിവെപ്പോ ചെറുകിടത്തട്ടിപ്പോ കൈക്കൂലിയോ വ്യഭിചാരമോ ഒക്കെ നടത്തുന്നവരോടു നക്കാപ്പിച്ച വാങ്ങി വാർത്ത എഴുതുന്നതും എഴുതാതിരിക്കുന്നതും അധർമ്മമായി കാണുന്ന നാം ഇതേ കാര്യങ്ങളെ വലിയൊരു ക്യാൻവാസിലേക്കു വികസിപ്പിച്ചാൽ എങ്ങനെയിരിക്കും? രാജ്യത്തിന്റെ വിഭവങ്ങൾ കൊള്ളയടിക്കുകയും വിറ്റുമുടിക്കുകയും ഇതിനൊക്കെ കളമൊരുക്കുമാറു ജനങ്ങളെ ഭിന്നിപ്പിക്കുകയും ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ അസംഗതമായ വിവാദങ്ങൾ സൃഷ്ടിക്കുകയും ഒക്കെ ചെയ്യുന്ന ക്രോണി ക്യാപിറ്റലിസത്തിന്റെ കുതന്ത്രങ്ങൾക്കു മാദ്ധ്യമസ്ഥാപനങ്ങളും മാദ്ധ്യമപ്രവർത്തകരും പണം വാങ്ങിയോ വാങ്ങാതെയോ മാദ്ധ്യമത്തിന്റെകൂടി മുതലാളിയായ കോർപ്പറേറ്റ് മുതലാളിയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയോ രാഷ്ട്രീയാജൻഡകൾക്കുവേണ്ടിയോ പ്രവർത്തിക്കുമ്പോൾ അതും അധർമ്മംതന്നെ ആണ് – കുറേക്കൂടി വിപത്ക്കരമായ മാദ്ധ്യമധർമ്മം.
രാജ്യത്തിന്റെ നിലനില്പുതന്നെ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകൾ ജനങ്ങൾക്കു ബോദ്ധ്യപ്പെടുമ്പോൾ രാജ്യത്തിന്റെ നിലനില്പിലും വളർച്ചയിലും താത്പര്യമുള്ള ജനങ്ങൾ ആ അധർമ്മത്തെ സ്വാഭാവികമായും വിമർശിക്കുക മാത്രമല്ല, പ്രതിരോധിക്കുകപോലും ചെയ്യും. കാരണം, ജനാധിപത്യമാണു പ്രധാനം. ജനാധിപത്യത്തിന്റെ ഒരു അനൗദ്യോഗികതൂണു മാത്രമാണു മാദ്ധ്യമം. മാദ്ധ്യമസ്വാതന്ത്ര്യം പ്രധാനമാകുന്നതുതന്നെ അതു ജനാധിപത്യത്തിന്റെ തൂണുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നതുകൊണ്ടാണ്.
അപ്പോൾ ജനാധിപത്യത്തിനുതന്നെ വെല്ലുവിളി ഉയർത്തുന്നനിലയിലേക്കു മാദ്ധ്യമങ്ങൾ മാറിയാൽ ആ അധർമ്മവും അതിനുള്ള (ദുഃ)സ്വാതന്ത്ര്യവും ഏതുനിലയിൽ അംഗീകരിക്കാനാകും? ഇതാണ് ഏറ്റവും പ്രധാനവസ്തുത. അത് അംഗീകരിച്ചുകൊണ്ടേ ഈ വിഷയം ചർച്ച ചെയ്യാനാകൂ. അല്ലാതെ, വളരെ ഐഡിയലായ സാഹചര്യത്തിലെ നിർവ്വചനങ്ങൾ മാത്രം വച്ച് ആശയതലത്തിൽ മാത്രം മാദ്ധ്യമസ്വാതന്ത്ര്യം ചർച്ച ചെയ്താൽ അത് അംഗീകരിക്കപ്പെടില്ല.
ഇൻഡ്യൻ വാർത്താമാദ്ധ്യമരംഗം ഇന്ന്
മതഫാഷിസ്റ്റ് രീതികൾക്കു ഭരണനിർവ്വഹണസംവിധാനവും വിലയ്ക്കെടുക്കലുകൾക്കും മതവർഗ്ഗീയാടിസ്ഥാനത്തിലുള്ള നിലപാടുകൾക്കും കൂറുമാറലുകൾക്കുമൊക്കെ പാർലമെന്റും വിമർശമേല്ക്കുന്നതരം പക്ഷപാതിത്വത്തിനു ജുഡീഷ്യറിയും പോലും വഴിപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെയെല്ലാം നേർവഴിക്കു നയിക്കാൻ ഉണർന്നുപോരാടേണ്ട മാദ്ധ്യമങ്ങളും അതേ അജൻഡയുമായി കളത്തിലിറങ്ങിക്കളിക്കുന്ന കാഴ്ചയാണു നാം കാണുന്നത്. അത്തരമൊരു അവസ്ഥയിൽ സാധാരണസാഹചര്യങ്ങളിൽ മാദ്ധ്യമങ്ങൾക്കു കിട്ടിയിരുന്ന സ്വാതന്ത്ര്യസംരക്ഷണവും പരിലാളനയുമെല്ലാം സമൂഹത്തിൽനിന്നു കിട്ടണമെന്നു വ്യാമോഹിക്കുന്നതും ശഠിക്കുന്നതും സ്വീകരിക്കപ്പെടില്ല. അതു മാദ്ധ്യമപ്രവർത്തകരും മാദ്ധ്യമധർമ്മം പാലിക്കപ്പെടണമെന്നും അതിനായി മാദ്ധ്യമസ്വാതന്ത്ര്യം പരിപാലിക്കപ്പെടണമെന്നും ആഗ്രഹിക്കുന്ന നാമോരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്.
ഇന്നു ദേശീയമാദ്ധ്യമങ്ങൾ മിക്കതും കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതിനുപകരം അവരുടെയും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയത്തിന്റെയും പ്രൊപ്പഗാൻഡാമാദ്ധ്യമങ്ങളായി മാറിയതുപോലുള്ള സാഹചര്യം ഇവിടെയില്ല. അതു മറ്റൊരു പ്രതിഭാസമാണ്. വർഗ്ഗീയഫാഷിസ്റ്റ് രാഷ്ട്രീയവും കോർപ്പറേറ്റ് മൂലധനവും തമ്മിലുള്ള ആപത്ക്കരമായ കൂട്ടുകെട്ടാണത്. ഇവിടെയും ബിജെപി നയിക്കുന്ന ഭരണമായിരുന്നു എന്നു സങ്കല്പിച്ചാലേ അങ്ങനെ വന്നാൽ നമ്മുടെ മാദ്ധ്യമങ്ങളുടെ സമീപനം എന്തായിരിക്കും എന്നു മനസിലാക്കാനാകൂ. ഭാഗ്യവശാൽ ഇവിടെ അങ്ങനെ ഒരു ഭരണമല്ല. അതേസമയം ദേശീയമാദ്ധ്യമങ്ങളുടെ അതേ രാഷ്ട്രീയ, സാമ്പത്തിക സമീപനങ്ങൾ ഇൻഡ്യയുടെ ഭാഗമായ കേരളത്തിലെ മാദ്ധ്യമങ്ങളെ മാത്രം ബാധിച്ചിട്ടില്ല എന്നു ചിന്തിക്കുന്നത് മൗഢ്യമായിരിക്കും. സ്വാഭാവികമായും ആ പ്രവണതകൾ വലിയതോതിൽത്തന്നെ കേരളത്തിലെയും ചില മാദ്ധ്യമങ്ങൾ പ്രകടിപ്പിക്കുന്നു എന്നത് തർക്കമുള്ള കാര്യമല്ല. കേരളമായതുകൊണ്ടുമാത്രം അല്പസ്വല്പം ഒതുക്കി ചെയ്യൽ ഉണ്ടാകുന്നുണ്ടാകാം എന്നു മാത്രം. ഏതായാലും ആ വർഗ്ഗീയ അജൻഡ എല്ലാ മറയും നീക്കി വന്നു സർവ്വനിയന്ത്രണവും വിട്ട് അഴിഞ്ഞാടിയത് ശബരിമലക്കലാപങ്ങളുടെ കാലത്തു നാം കണ്ടതാണ്. അപ്പോൾ ആ സ്വഭാവവും നിലപാടുമുള്ള മാദ്ധ്യമങ്ങളെ സ്വതന്ത്ര, നിഷ്പക്ഷ മാദ്ധ്യമങ്ങളായി കാണാനാവില്ല; അവരുടെ സർക്കാർവിരുദ്ധ ആക്രമണങ്ങളെ സ്വാഭാവികമായ സർക്കാർവിമർശനമായും മാദ്ധ്യമധർമ്മമായും കാണാനാവില്ല. ഈ സവിശേഷസാഹചര്യംകൂടി മനസിലാക്കിക്കൊണ്ടേ ഇപ്പോഴത്തെ മാദ്ധ്യമവിമർശങ്ങളെ വിശകലനം ചെയ്യാനാകൂ.
കേരളത്തിലെ മാദ്ധ്യമസ്വാതന്ത്ര്യം
കേരളത്തിലെ സാഹചര്യം അല്പംകൂടി പരിശോധിക്കാം. ജനാധിപത്യത്തിന്റെ മൂന്നു തൂണുകളിൽ ഒന്നായ എക്സിക്യൂട്ടീവ് എന്നത് സർക്കാരുകളാണല്ലോ. കേരളത്തിലെ സർക്കാരിനെ വിമർശിക്കുന്ന കാര്യത്തിൽ നമ്മുടെ മാദ്ധ്യമങ്ങൾ എല്ലാക്കാലത്തും വളരെ ജാഗരൂകരായിരുന്നു. മാദ്ധ്യമങ്ങൾ വീഴ്ത്തിയ സർക്കാരുകൾ പോലും ഉണ്ട്. എന്നാൽ, ചില മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരിൽ ഒരു വിഭാഗവും എന്നാൽ, മാദ്ധ്യമങ്ങളുടെ ഈ പ്രാധാന്യം മനസിലാക്കി സർക്കാരുകൾ മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും ധാരാളം ആനുകൂല്യങ്ങൾ അവകാശം എന്നവണ്ണംതന്നെ അനുവദിച്ചിട്ടുണ്ട്. മറ്റെവിടെയും ഇല്ലാത്ത മാതൃകകളായാണ് പത്രപ്രവർത്തകപ്പെൻഷനും പത്രപ്രവർത്തകരുടെ പ്രതിവർഷടൂറും പത്രപ്രവർത്തകർക്കുള്ള ഭവനപദ്ധതിയും കെ.എസ്.ആർ.റ്റി.സി. ബസിലെ സൗജന്യയാത്രയും പത്രപ്രവർത്തകരുടെ കൂട്ടായ്മകളായ പ്രസ് ക്ലബ്ബുകൾക്കു പലപ്പോഴായി ബജറ്റിലൂടെത്തന്നെ അനുവദിച്ചിട്ടുള്ള ധനസഹായങ്ങളുമടക്കം പലതും. തൊഴിൽദാതാക്കളായ മാദ്ധ്യമയുടമകളുടെ സംഭാവനയും പങ്കാളിത്തവുമില്ലാതെ നടക്കുന്ന ഏക പെൻഷൻ പദ്ധതിയാണ് പത്രപ്രവർത്തകപ്പെൻഷൻ എന്നതും എടുത്തുപറയണം.
അതൊന്നും മാദ്ധ്യമപ്രവർത്തകരെ സ്വാധീനിക്കാനുള്ള ഉപാധികളായി ഒരു സർക്കാരും കണ്ടിട്ടില്ല. മറിച്ച്, തെറ്റുകൾ ചെയ്യുന്നതിൽനിന്നു തങ്ങളെ തിരുത്തുന്ന വലിയ ദൗത്യത്തിനുള്ള പ്രോത്സാഹനമായാണു കണ്ടിട്ടുള്ളത്. അത്രയ്ക്ക് മാതൃകാബന്ധമാണ് ഇവിടെ സർക്കാരും മാദ്ധ്യമലോകവും തമ്മിൽ നിലനിന്നുവരുന്നത്. അതിൽ ഇപ്പോഴും മാറ്റമൊന്നും ഉണ്ടായിട്ടില്ല. മറിച്ച് ഇപ്പോഴത്തെ സർക്കാർ പെൻഷനും പ്രസ് ക്ലബ്ബുകൾക്കുള്ള സഹായങ്ങളുമൊക്കെ ഗണ്യമായി ഉയർത്തുകയും അദാലത്തുകൾ വച്ചുപോലും ധാരാളം പത്രപ്രവർത്തകരെ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുകയുമാണു ചെയ്തിട്ടുള്ളത്. ഇതൊക്കെ ഉയർത്തിയതും എന്തെങ്കിലും അനുഭാവം ആഗ്രഹിച്ചുകൊണ്ടോ പ്രതീക്ഷിച്ചുകൊണ്ടോ അല്ല. നമ്മുടെ മാദ്ധ്യമപവർത്തകരും അതിനെ അങ്ങനെയൊന്നും കാണുന്നവരുമല്ല.
പ്രതിവാരപത്രസമ്മേളനങ്ങൾ വേണ്ടെന്നുവയ്ക്കുകയും മന്ത്രിസഭാതീരുമാനങ്ങളും മറ്റ് അറിയിപ്പുകളും വാർത്താക്കുറിപ്പുകളായി ലഭ്യമാക്കുകയും ചെയ്യാനുള്ള പിണറായി വിജയന്റെ തീരുമാനമാണ് തുടക്കത്തിൽ മാദ്ധ്യമവിരുദ്ധതയായി ചിത്രീകരിക്കപ്പെട്ടത്. എന്നാൽ, ആവശ്യമുള്ള സന്ദർഭങ്ങളിൽ ഒരു ലോപവുമില്ലാതെ, പ്രതിവാരമല്ല പ്രതിദിനംതന്നെ, പത്രസമ്മേളനം വളരെ സൗഹാർദ്ദപൂർണ്ണമായ അന്തരീക്ഷത്തിൽ നടത്തുക എന്ന അദ്ദേഹത്തിന്റെ രീതി പിന്നീട് അംഗീകരിക്കപ്പെടുകയും ചെയ്തു. മാദ്ധ്യമപ്രവർത്തകർ വാർത്തയ്ക്കുവേണ്ടി മറ്റുള്ളവരുടെ അനുമതി കൂടാതെ പ്രതികരണങ്ങൾക്കു ശ്രമിക്കുന്നതും പലയിടത്തും കാത്തുകെട്ടിക്കിടക്കുന്നതുമൊക്കെ അവരുടെ അന്തസ്സിനു ചേർന്നതല്ലെന്നും അത് ഒഴിവാക്കണമെന്നും സർക്കാരിലെങ്കിലും അതിനൊക്കെ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ ഉണ്ടാക്കണമെന്നുമുള്ള അഭിപ്രായമുള്ളയാളാണു താനെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിനുവിരുദ്ധമായ പെരുമാറ്റം ഉണ്ടായ സന്ദർഭങ്ങളിൽ മാത്രമാണ് അദ്ദേഹം മാദ്ധ്യമപ്രവർത്തകരെ ഒഴിവാക്കുന്ന സമീപനം എടുത്തിട്ടുള്ളത്. ഇതിലൊന്നും മാദ്ധ്യമപ്രവർത്തകർക്കു പരാതി ഉണ്ടാകേണ്ട കാര്യമില്ലല്ലോ.
ഏതായാലും, കേരളത്തിൽ ഇപ്പോൾ ഒരു മാദ്ധ്യമസ്വാതന്ത്ര്യത്തിനും കുറവുവന്നതായി കാണുന്നില്ല. മുഖ്യന്ത്രിയടക്കം അധികാരസ്ഥാനങ്ങളിൽ ഉള്ളവരോടൊക്കെ എക്കാലത്തെയും സ്വാതന്ത്ര്യത്തോടെ ചോദ്യങ്ങൾ ചോദിക്കുന്നതൊക്കെ മുൻകാലങ്ങളെക്കാൾ വ്യക്തതയോടെ ജനങ്ങൾ ഇന്നു കേൾക്കുന്നുണ്ട്. അത്തരം ചോദ്യങ്ങൾതന്നെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നു. കേന്ദ്രസർക്കാർ ചെയ്തതുപോലെ ഏതെങ്കിലും മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുകയോ അവരുടെ വീടോ ഓഫീസോ റെയ്‌ഡു ചെയ്യുകയോ ഒന്നും ചെയ്യുന്ന സാഹചര്യം ഇവിടെ ഇല്ല.
വ്യക്തിഹത്യയും നിയമവും
ഇതിനിടെ ഒരു പ്രത്യേകസാഹചര്യത്തിലാണ് മാദ്ധ്യമനിയന്ത്രണം എന്നൊരു വിഷയം ചർച്ചയിൽ വരുന്നത്. മാദ്ധ്യമപ്രവർത്തകർക്കു നേരെ വ്യക്തിഹത്യ നടക്കുന്നു എന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകർ പരാതിപ്പെട്ടപ്പോൾ അതു തടയാൻ നിയമങ്ങൾ ശക്തിപ്പെടുത്തുന്ന കാര്യം ആലോചിക്കാം എന്നു മുഖ്യമന്ത്രി നല്കിയ വാഗ്ദാനമാണ് ഈ ചർച്ചയ്ക്കു വഴിതുറന്നത്. സമൂഹമാദ്ധ്യമങ്ങളിൽ മാത്രമല്ല വ്യക്തിഹത്യ ഉള്ളത് എന്നകാര്യം അതിന്റെ ഇരയായ ഒരു കുടുംബത്തിന്റെ പ്രതിനിധികൂടിയായ മുഖ്യമന്ത്രി സൂചിപ്പിച്ചതാണ് ആശങ്കയ്ക്കു കാരണമായത്. പരമ്പരാഗതമാദ്ധ്യമങ്ങളിലെ വ്യക്തിഹത്യയും വ്യക്തിഹത്യതന്നെയാണ് എന്നാണ് അദ്ദേഹം ഓർമ്മിപ്പിച്ചത്. അതു ശരിയുമാണ്.
പക്ഷേ, ഇത്തരം നിയമഭേദഗതികൾ മാദ്ധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണത്തിനു കളമൊരുക്കുന്നതായി ഭവിച്ചേക്കാം. സ്വതന്ത്രമായ മാദ്ധ്യമപ്രവർത്തനം നടത്താനാവാത്ത സാഹചര്യവും അതു സൃഷ്ടിച്ചേക്കാം. എന്നാൽ, ഇക്കാര്യം പൊതുസമൂഹത്തിനു പെട്ടെന്നു ബോദ്ധ്യപ്പെട്ടെന്നുവരില്ല. വ്യക്തിഹത്യ തടയാനല്ലേ നിയമം, വ്യക്തിഹത്യ മാദ്ധ്യമസ്വാതന്ത്ര്യത്തിൽ പെടുന്നതല്ലല്ലോ എന്ന ചോദ്യം ന്യായമായി അവർ ഉയർത്താം. പക്ഷേ, അത്തരം നിയമത്തിന്റെ അപകടം അവരെ ബോദ്ധ്യപ്പെടുത്തേണ്ടിവരും. അത്തരം നിയമഭേദഗതികൾ മറ്റു തരത്തിലൊക്കെ മാദ്ധ്യമങ്ങൾക്കെതിരെ പരാതി നല്കാനോ കേസ് എടുക്കാനോ പഴുതുകൾ സൃഷ്ടിക്കാം. അവിടെയാണ് അതു മാദ്ധ്യമസ്വാതന്ത്ര്യത്തിനു വിഘാതമാകുക. നിയമഭേദഗതിയിലേക്കു പോകുന്ന നില ഉണ്ടായാൽത്തന്നെ അത്തരം ദുരുപയോഗസാദ്ധ്യതകൾ ഇല്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത എല്ലാവരും പുലർത്തേണ്ടതുണ്ട്.
വിപുലമായ ആശയവിനിമയത്തിലൂടെയേ നിയമഭേദഗതിയുടെ കാര്യം തീരുമാനിക്കൂ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിയമം കൊണ്ടുള്ള നിയന്ത്രണത്തേക്കാൾ ഉചിതം മാദ്ധ്യമങ്ങൾ സ്വയം വ്യക്തിഹത്യയ്ക്കെതിരായ നയം നടപ്പാക്കുക എന്നതാനെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതിന്റെ അപകടത്തെപ്പറ്റി ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ നല്ല ബോദ്ധ്യമുള്ളതുകൊണ്ടുകൂടി ആകണം അദ്ദേഹം അതു പറഞ്ഞത്. ഏതായാലും, അങ്ങനെയൊരു നിയമഭേദഗതി ആവശ്യമാകാതിരിക്കാനും വന്നാൽത്തന്നെ അതിന്റെ പരിധിയിൽ വരാതിരിക്കാനും ഇപ്പോൾമുതൽതന്നെ പരമ്പരാഗതമാദ്ധ്യമങ്ങൾ അതൊരു പെരുമാറ്റച്ചട്ടമായി, നയമായി സ്വയം സ്വീകരിക്കുകയും അതു പരസ്യമായി എത്രയും വേഗം പ്രഖ്യാപിക്കുകയും പാലിക്കുകയും ചെയ്യാൻ തയ്യാറാകണം. അപ്പോൾ, ആ നിയമം സമൂഹമാദ്ധ്യമത്തിനു മാത്രമുള്ളതായി പരിമിതപ്പെടുത്താൻ ആവശ്യപ്പെടാൻ നമുക്കാകും.
പക്ഷേ, കാലം മാറിയിരിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിലെ പൗരസമൂഹവും ശക്തരാണ്. വ്യക്തിഹത്യ മുഖ്യധാരാമാദ്ധ്യമങ്ങൾതന്നെ ഒരു മര്യാദയുമില്ലാതെ തുടരുന്നിടത്തോളം അത്തരമൊരു ആവശ്യം ഉന്നയിച്ചാൽ ശക്തമായ സമൂഹമാദ്ധ്യമലോകവും അതിലൂടെ ശാക്തീകൃതമായ കേരളസമൂഹവും അത് അംഗീകരിക്കില്ല എന്നു നാം ഓർക്കണം. ശക്തമായ ജനഹിതത്തിനെതിരെ തീരുമാനമെടുക്കാൻ സർക്കാരുകൾ മടിക്കുമെന്നും നാം ഓർക്കണം. മാദ്ധ്യമപ്രവർത്തകനായ എനിക്കുപോലും അത്തരമൊരു നിയമഭേദഗതിയെ എതിർക്കാൻ കഴിയാത്ത നിലയിലാണല്ലോ നമ്മുടെ മുഖ്യധാരാമാദ്ധ്യമങ്ങൾ അനുദിനം നടത്തുന്ന വ്യക്തിഹത്യകൾ.
വ്യക്തിഹത്യയുടെ കാര്യത്തിൽ ലക്ഷക്കണക്കിനു പ്രേക്ഷകരും പരമ്പരാഗതമായി കൈവന്നിട്ടുള്ള വിശ്വാസ്യതയുമുള്ള മാദ്ധ്യമങ്ങൾ അതു നടത്തുന്നതാണ് വ്യക്തികളെ കൂടുതൽ ബാധിക്കുക. സമൂഹമാദ്ധ്യമത്തിൽ ഏതെങ്കിലും വ്യക്തി നടത്തുന്ന വ്യക്തിഹത്യയെ നിലവാരമില്ലാത്ത ആരുടെയോ പ്രതികരണമായേ ജനങ്ങൾ കാണൂ. അതിന്റെ ദൃശ്യതയും നന്നേ തുച്ഛമാണ്. അപ്പോൾ അത് അതിന്റെ ഇരകളായ വ്യക്തികളെ താരതമ്യേന ചെറിയതോതിലേ സ്വാധീനിക്കൂ. ഏതുനിലയിലായാലും വ്യക്തിഹത്യ തെറ്റാനെന്നു പറയുമ്പോൾത്തന്നെ പരമ്പരാഗതമാദ്ധ്യമങ്ങൾ അതു ചെയ്യുന്നതാണു വലിയതെറ്റ് എന്നു നാം അംഗീകരിക്കണം. അത്തരം മാദ്ധ്യമങ്ങൾ നടത്തിയിട്ടുള്ള വ്യക്തിഹത്യകളുടെയും വ്യാജവാർത്തകളുടെയും പട്ടിക പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുള്ളവ മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിലാകെ അവ ഒഴുകിനടക്കുന്നുണ്ട്. ആ രീതിക്കും അന്ത്യം ഉണ്ടാകേണ്ടതുണ്ട്.
മറ്റൊന്നുകൂടിയുണ്ട്. സമൂഹമാദ്ധ്യമവും ഒരു മാദ്ധ്യമമല്ലേ? അവിടെയും നിയമത്തിന്റെ നിയന്ത്രണം വരുന്നത് പരമ്പരാഗതമാദ്ധ്യമരംഗത്തു നിയന്ത്രണം വരുന്നതുപോലെയോ അതിലേറെയോ ജനാധിപത്യവിരുദ്ധമല്ലേ? തീർച്ചയായും ആണ്. അപ്പോൾ, ആ മേഖലയിലും സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ പൊതുസമൂഹം സന്നദ്ധമാകുകയാണു വേണ്ടത്. ചുരുക്കത്തിൽ, ഏതു മാദ്ധ്യമത്തിലൂടെയും അല്ലാതെയും വ്യക്തിഹത്യ നടത്തുന്നതു കേരളസമൂഹം അവസാനിപ്പിക്കുക എന്നതാണ് ആവശ്യം. അതിനുള്ള ശക്തവും വിപുലവുമായ ബോധവത്ക്കരണം നവ-പരമ്പരാഗതമാദ്ധ്യമങ്ങളും സർക്കാരും എല്ലാം ചേർന്നു സംഘടിപ്പിക്കുക എന്നതാണ് ഇന്നത്തെ ആവശ്യം. അതിലൂടെ കൂടുതൽ പരിഷ്കൃതവും സംസ്ക്കാരസമ്പന്നവുമായ ഒരു കേരളസമൂഹവും മാദ്ധ്യമലോകവും നമുക്കു സൃഷ്ടിക്കാനാകും.
ഇനി മാദ്ധ്യമബഹിഷ്ക്കരണത്തിന്റെ കാര്യം എടുക്കാം. കഴിഞ്ഞദിവസം സി.പി.ഐ.(എം.) പ്രതിനിധി എം. സ്വരാജ് ഒരു റ്റി.വി. ചർച്ചയിൽ വിശദീകരിക്കുന്നതുകേട്ടത് ചാനൽബഹിഷ്ക്കരണമൊന്നും ഇല്ല, ജനാധിപത്യവിരുദ്ധത തുടരുന്നിടത്തോളം പങ്കെടുക്കില്ലെന്നേ തീരുമാനിച്ചിട്ടുള്ളൂ എന്നാണ്. അതൊരു തെറ്റായി പറയാനാവില്ല. അല്ലെങ്കിൽത്തന്നെ, ബഹിഷ്ക്കരണം ഗാന്ധിയൻ രീതിയിലുള്ള ഒരു സമരം ആണല്ലോ.
വസ്തുതകൾ ഇതൊക്കെ ആയിരിക്കെ, സമൂഹമാദ്ധ്യമത്തിലെ ഇടപെടലുകൾ കാരണം സ്വതന്ത്രമാദ്ധ്യമപ്രവർത്തനം അപകടത്തിലാകുന്നു എന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾ ചിലർ പ്രത്യേകരാഷ്ട്രീയതാത്പര്യം നിഷ്പക്ഷമുഖംമൂടി വച്ചു മറച്ചു നടത്തുന്ന പ്രചാരണം മാത്രമായേ കാണാനാകൂ. സ്വതന്ത്രവും മാദ്ധ്യമധർമ്മം പാലിച്ചുള്ളതുമായ ഏതു മാദ്ധ്യമപ്രവർത്തനത്തിനെതിരെയാണ് സമൂഹമാദ്ധ്യമം ആക്രമണം നടത്തുന്നത് എന്നു വിശദീകരിക്കാനുള്ള ഉത്തരവാദിത്വവും അവർക്കുണ്ട്.
റ്റി.വി. ചർച്ചയും ജനാധിപത്യവും
സമൂഹമാദ്ധ്യമങ്ങളിൽ വിമർശവും പ്രതിരോധവും മുമ്പത്തെക്കാൾ ഉയരുന്നു എന്നതുമാത്രമാണ് കേരളത്തിൽ ഇന്ന് ആകെയുള്ള വ്യത്യാസം. അതിന്റെ അടിസ്ഥാനകാരണം നേരത്തേ പരിശോധിക്കുകയും ചെയ്തു. അതു കൂടുതൽ വിശകലനം ചെയ്യണമെങ്കിൽ വീണ്ടും മാദ്ധ്യമസമീപനത്തിലേക്കു വരേണ്ടിവരും. അവിടെ വിഷയം രാഷ്ട്രീയമാണ്.
ഒരു ചാനലിലെ ചർച്ചയിൽ പങ്കെടുക്കേണ്ടെന്ന് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയപ്പാർട്ടിയായ സി.പി.ഐ.(എം.) തീരുമാനിച്ച സാഹചര്യവുമായി ഇതിനു തീർച്ചയായും ബന്ധമുണ്ട്. മാദ്ധ്യമങ്ങളിലെ ചർച്ചകൾ പാർട്ടികൾക്കു കിട്ടുന്ന നല്ല അവസരമാണ്. അതു പരമാവധി പ്രയോജനപ്പെടുത്താനാണ് എല്ലാ പാർട്ടിയും ആഗ്രഹിക്കുക. അപ്പോൾ, ആ ഘട്ടത്തിൽ ഏറ്റവുമധികം പ്രേക്ഷകർ ഉണ്ടായിരുന്ന ഒരു ചാനലിലെ ആ അവസരം ഒരു പാർട്ടി വേണ്ടെന്നുവയ്ക്കണമെങ്കിൽ മതിയായ കാരണം വേണം. പരസ്യമായി അത്തരം ഒരു നിലപാടെടുക്കാൻ ആ പാർട്ടിയെ നിർബ്ബന്ധിതമാക്കിയ സാഹചര്യം എന്താണ്? അത് അവർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് ഒരു പാർട്ടിയുടെ നിലപാട് എന്നതിലപ്പുറം മാദ്ധ്യമസമൂഹവും മാദ്ധ്യമങ്ങളെപ്പറ്റി ഗൗരവപൂർവ്വം ചിന്തിക്കുന്നവരും പരിശോധിക്കേണ്ട ഒന്നാണ്. ഞാനും അതിനെ രാഷ്ട്രീയപക്ഷപാതിത്വം കൂടാതെ പരിശോധിക്കാനാണു താത്പര്യപ്പെടുന്നത്. സി.പി.ഐ.(എം.)യുടെ സ്ഥാനത്ത് ഏതു പാർട്ടിയായാലും ഒരേസമീപനം ഇക്കാര്യത്തിൽ ഉണ്ടാകണം എന്ന നിലപാടോടെതന്നെ നാം അതിനെ പരിശോധിക്കണം. അതേസമയം, സി.പി.ഐ.(എം.) ഒരു ഇടതുപക്ഷപ്പാർട്ടിയാണ് എന്നതു സൃഷ്ടിക്കുന്ന സവിശേഷസാഹചര്യം കണക്കിലെടുക്കാതിരിക്കാനുമാവില്ല. അപ്പോൾ ആ രാഷ്ട്രീയം അവലോകനത്തിൽനിന്നു മാറ്റിവയ്ക്കാനുമാവില്ല.
ഇക്കാര്യത്തിൽ സി.പി.ഐ.(എം.) വ്യക്തമാക്കിയ നിലപാട് എന്തെന്നു നോക്കാം: ചാനൽച്ചർച്ചകളിൽ ജനാധിപത്യം പാലിക്കപ്പെടുന്നില്ല എന്നതാണ് അത്. ചാനൽച്ചർച്ചകൾ വാർത്തയല്ല. വാർത്തയാണ് മാദ്ധ്യമങ്ങളുടെ ഉത്പന്നവും സേവനവും. അത് അഭിപ്രായങ്ങൾ കലർത്താത്ത ശുദ്ധമായ വിവരങ്ങൾ ആയിരിക്കണമെന്നതാണ് പരമ്പരാഗതനിർവ്വചനം. ഉന്നതമൂല്യസങ്കല്പങ്ങൾ പരിപാലിച്ചുവന്ന മാദ്ധ്യമങ്ങൾ ഇതു പാലിച്ചുപോന്നിട്ടുണ്ട്. എന്നാൽ മാദ്ധ്യമങ്ങൾ ബിസിനസ് എന്ന നിലയിൽ ലാഭത്തിനും മുതലാളിയുടെ മറ്റു താത്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള ഉപാധിയായി മാറിയതോടെ അത്തരം സ്ഥാപനങ്ങളിൽ വാർത്ത അഭിപ്രായങ്ങൾ ചേർത്തു മലിനീകരിക്കപ്പെട്ടു. ഇതു പരക്കെ ചർച്ചചെയ്യപ്പെട്ടുവരുന്ന കാര്യമാണ്. ചാനലുകൾ വന്നതോടെ വാർത്തകൾ വിശകലനം ചെയ്തു വിദഗ്ദ്ധാഭിപ്രായങ്ങളും ചേർത്തു വാർത്താധിഷ്ഠിതപരിപാടികൾ നല്കുന്ന രീതിയും തുടങ്ങി. അതിൽ ചാനലുകളുടെ നിലപാട് പ്രതിഫലിക്കാറുണ്ട്. എന്നാൽ ചർച്ച അത്തരത്തിലുള്ള ഒന്നല്ല.
ചർച്ച മാദ്ധ്യമത്തിലായാലും പൊതുമണ്ഡലത്തിലെ മറ്റ് ഏതു പ്ലാറ്റ് ഫോമിലായാലും ജനാധിപത്യപ്രക്രിയയാണ്. പ്രത്യേക നിലപാടുകളുള്ള സംഘടനകളുംമറ്റും നടത്തുന്ന ചർച്ചകളിൽ അവരുടെ നിലപടിനെ പിൻതാങ്ങുന്നവരെ കൂടുതലായി പങ്കെടുപ്പിക്കാറൊക്കെയുള്ളതു നമുക്കറിയാം. അത്തരം ചർച്ചയെ നിഷ്പക്ഷമായി നാം കണക്കാക്കാറുമില്ല. മാദ്ധ്യമങ്ങളിലെ ചർച്ചയിൽ നാം പക്ഷപാതിത്വം പ്രതീക്ഷിക്കുന്നില്ല. മാദ്ധ്യമങ്ങൾ നിഷ്പക്ഷമായിരിക്കണം എന്ന താത്വികനിലപാടിൽനിന്ന് ഉണ്ടാകുന്നതാണാ പ്രതീക്ഷ. പ്രധാനമായും മൂന്നു മുന്നണികൾ ഉള്ള നമ്മുടെ രാഷ്ട്രീയസാഹചര്യത്തിൽ ചർച്ചയ്ക്കെടുക്കുന്ന വിഷയം ഏതു പാർട്ടിക്ക് എതിരെയുള്ളതാണോ മറ്റു രണ്ടു പാർട്ടികളും അവർക്കെതിരെ വാദങ്ങൾ നിരത്തും. ആങ്കർ ചിലപ്പോൾ നിഷ്പക്ഷത പാലിക്കുകയോ ഏതെങ്കിലും പക്ഷത്തിന് അനുകൂലമായ നിലപാട് എടുക്കുകയോ ചെയ്യാം. അത് ആങ്കറുടെയോ മാദ്ധ്യമസ്ഥാപനത്തിന്റെയോ ആ വിഷയത്തിലെ നിലപാടിന് അനുസരിച്ചിരിക്കും. ഇതാണ് പൊതുവിൽ റ്റി.വി. ചർച്ചകളുടെ സ്വഭാവം.
എന്നാൽ, ആ പ്രതീക്ഷയ്ക്കു വിരുദ്ധമായാണ് രാജ്യത്തെ മഹാഭൂരിപക്ഷം ചാനലുകളിലെയും ചർച്ചകൾ സംഘടിപ്പിക്കപ്പെടുന്നത്. ചർച്ച നയിക്കുന്നയാളും മൂന്നോ നാലോ പാനലിസ്റ്റുകളിൽ ഒരാളൊഴികെയുള്ളവരും ഒരേ നിലപാടു പറയുന്നവരും ഒരാൾ മാത്രം ചാനൽ ആങ്കറിന്റെ നിലപാടിന് എതിരായ നിലപാടു പറയുന്ന ആളും എന്നതാണ് പൊതുവിലുള്ള പാറ്റേൺ. കേരളത്തിലും മാദ്ധ്യമങ്ങൾ ഒട്ടുമിക്കതും വലതുപക്ഷമായതിനാൽ അവയിൽ ഈ ഒറ്റയാൾ മിക്കപ്പോഴും ഇടതുപക്ഷം [പൊതുവിൽ സി.പി.ഐ.(എം.)] ആയിരിക്കും. ഇതിനുപുറമെ, കേരളത്തിൽ അടുത്തകാലത്തായി വല്ലാതെ തുറന്നുകാട്ടപ്പെട്ട മറ്റൊരു പ്രവണതകൂടിയുണ്ട്. നിരീക്ഷകർ, മാദ്ധ്യമപ്രവർത്തകർ, വിദഗ്ദ്ധർ, ചിന്തകർ, പൊതുപ്രവർത്തകർ തുടങ്ങി പലപല ലേബലുകളിൽ വലതുപക്ഷത്തെ പ്രചാരണങ്ങളുടെ ബുദ്ധികേന്ദ്രങ്ങളെന്ന് ഇടതുപക്ഷക്കാർ ചൂണ്ടിക്കാട്ടുന്നവർ അടക്കമുള്ള ഇടതുപക്ഷവിരുദ്ധരെ ചർച്ചകളിൽ അണിനിരത്തുന്നതാണത്.
ഇടതുപക്ഷമാദ്ധ്യമങ്ങളിൽ സ്ഥിതി നേരെ മറിച്ചല്ലേ എന്നു നാം കരുതുമെങ്കിലും ബി.ജെ.പി., യു.ഡി.എഫ്. എന്നിവയുടെ പ്രതിനിധികൾ ഉണ്ടാകുമെന്നതിനാൽ അവിടെയും 2:1 എന്നതാകും അനുപാതം. ഇവിടെ ആങ്കറുടെ പിന്തുണ ഇടതുപക്ഷത്തിനു കിട്ടാമെങ്കിലും ഇടതുപക്ഷച്ചാനൽ എന്ന പ്രതിച്ഛായയെപ്പറ്റിയുള്ള ഉത്ക്കണ്ഠകാരണം ആങ്കർമാർ നിഷ്പക്ഷത കാണിക്കാൻ ഇടതുപക്ഷവിമർശകർക്കു കൂടുതൽ സമയം നല്കാൻ നിർബ്ബന്ധിതരാകാറുള്ളതായാണു നാം കാണുന്നത്. ചിലപ്പോഴെങ്കിലും ചർച്ച ഇടതുപക്ഷത്തിനു വിരുദ്ധമായി ഭവിക്കുകയും സമൂഹമാദ്ധ്യമങ്ങളിൽ ഇടതുപക്ഷത്തേതന്നെ ചിലർ ആ ആങ്കർക്കും ചാനലിനുമെതിരെ പ്രതികരിക്കുകയുമൊക്കെ ചെയ്യുന്നതും കാണാറുണ്ട്. ചാനൽച്ചർച്ചയിലെ നിഷ്പക്ഷതയും ജനാധിപത്യവും എന്ന വിഷയം മാദ്ധ്യമരംഗത്തോ രാഷ്ട്രീയരംഗത്തോ ആരും പഠനം നടത്തിയതായി അറിയില്ല.
വലതുപക്ഷമാദ്ധ്യമങ്ങളിലെ ചർച്ചകളിൽ ആളെണ്ണത്തിൽ മഹാന്യൂനപക്ഷം ആയിരിക്കുമ്പോഴും സ്വന്തം നിലപാടു പറയാൻ ആനുപാതികമായ സമയം നല്കുകയെങ്കിലും ചെയ്താൽ മതിയെന്നു സി.പി.ഐ.(എം.) പ്രതിനിധികൾ കെഞ്ചുന്നതൊക്കെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. ആനുപാതികമായ സമയം നല്കാറില്ലെന്നും നല്കുന്ന സമയംതന്നെ ആങ്കർ അടിക്കടി തടസപ്പെടുത്തുകയും തടസപ്പെടുത്താൻ പ്രതിയോഗികൾക്ക് മൈക്ക് മ്യൂട്ട് ചെയ്യാതെ അവസരം നല്കുകയും ചെയ്യുന്നുവെന്നും അവർ ചർച്ചകൾക്കിടയിൽത്തന്നെ പരാതിപ്പെടുന്നതും കണ്ടിട്ടുണ്ട്. (ഇത്തരം ഭാഗങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ധാരാളം പ്രചരിക്കുന്നുണ്ട്.)
ഈ മാദ്ധ്യമങ്ങൾ നിഷ്പക്ഷമാദ്ധ്യമങ്ങളല്ല എന്ന് എല്ലാവർക്കും അറിയുമ്പോൾത്തന്നെ ഈ കൂട്ടായ ആക്രമണത്തിന് ഇരകളായി ഇരുന്നുകൊടുക്കുകയാണ് അവർ ചെയ്തുവന്നത്. തങ്ങളുടെ നിലപാടുകൾ അത്രയെങ്കിലും പറയാൻ അവസരം കിട്ടുമല്ലോ എന്ന ചിന്തയിലാകണം അവർ പോകുന്നത്. എന്നാൽ, അത് എല്ലാ സീമയും ലംഘിക്കുകയും ‘ദേശാഭിമാനി ചീഫ് എഡിറ്റർ എന്നെ മാദ്ധ്യമപ്രവർത്തനം പഠിപ്പിക്കേണ്ടാ’ എന്നൊക്കെ ധാർഷ്ട്യത്തോടെ അധിക്ഷേപിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ജനാധിപത്യവിരുദ്ധത അത്രത്തോളം ഹിംസാത്മകമായപ്പോഴാണ് ഒരു ചാനലിലെ മാത്രം ചർച്ച ബഹിഷ്ക്കരിക്കാൻ ആ പാർട്ടി തീരുമാനിച്ചത് എന്നാണ് അതിന്റെ സെക്രട്ടറി അടക്കമുള്ളവർ വ്യക്തമാക്കിയത്. ആ നിലപാട് എടുക്കാനുള്ള സ്വാതന്ത്ര്യം ആ പാർട്ടിക്കുണ്ട് എന്നുതന്നെയാണ് ഈ രംഗത്തെ പ്രമുഖരെല്ലാം വിലയിരുത്തിയതും.
സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണങ്ങൾ
ജനാധിപത്യവ്യവസ്ഥിതിയിൽ ഒരു പാർട്ടി ഒരു നിലപാടു പ്രഖ്യാപിച്ചാൽ അണികൾ അത് ഏറ്റെടുക്കുന്നതു സ്വാഭാവികം. മറ്റെല്ലാ പൊതുവിടവുംപോലെ സൈബർ ഇടവും കേരളീയർക്കു രാഷ്ട്രീയസംവാദങ്ങൾക്കും രാഷ്ട്രീയപ്രവർത്തനത്തിനും ആശയപ്രചാരണത്തിനുമുള്ള വേദികളാണ്. ഇക്കാര്യത്തിലും സംവാദം സമൂഹമാദ്ധ്യമത്തിൽ കാര്യമായിത്തന്നെ നടന്നു. അതിലും എന്താനു തെറ്റ്? ജനാധിപത്യരീതിയിലുള്ള അഭിപ്രായപ്രകടനങ്ങളോ സംവാദങ്ങളോ ആയിരുന്നു ധാരാളം. വ്യക്തികളെ ആധിക്ഷേപിക്കുന്നതരത്തിൽ ചില പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ ഉണ്ടായതാണ് അതിൽ തെറ്റായി ഉള്ളത്. അത്തരം പ്രവൃത്തികളെ സി.പി.ഐ.(എം.) അപലപിച്ചിട്ടുണ്ട്. പാർട്ടിയുമായി ബന്ധമുള്ള ആരും അപ്രകാരം പ്രവർത്തിക്കരുതെന്നു നിർദ്ദേശം നല്കിയതായും അത്തരം പ്രവർത്തനം തടയുമെന്നും പാർട്ടിസെക്രട്ടറിതന്നെ പത്രസമ്മേളനത്തിൽ പറയുന്നതും കേട്ടു. അത്തരം പോസ്റ്റുകൾ ഇട്ടവരുടെ പേരിൽ നടപടി എടുക്കുമെന്നു സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ആ പാർട്ടിയുടെ ഭാഗത്തുനിന്ന് അത് ആവർത്തിക്കില്ല എന്നുതന്നെ കരുതാം. മറ്റു പാർട്ടികളും അത്തരത്തിൽ തീരുമാനം എടുത്തു നടപ്പാക്കാൻ തയ്യാറാകണം.
സമൂഹമാദ്ധ്യമങ്ങളും സ്വകാര്യമാദ്ധ്യമങ്ങളും
നവ-പരമ്പരാഗതമാദ്ധ്യമങ്ങളെപ്പറ്റി ചർച്ച ചെയ്യുമ്പോൾ മൂന്നു കാര്യങ്ങൾ നാം കാണണം: ഒന്ന്, സമൂഹമാദ്ധ്യമവും മാദ്ധ്യമമാണ്. യഥാർത്ഥ ജനവികാരം അതിലാണു പ്രതിഫലിക്കുന്നത്. സിറ്റിസൺ ജേർണലിസത്തിന്റെ കാലത്ത് ഗുണമേന്മയുള്ള സാക്ഷരതയും രാഷ്ട്രീയസാക്ഷരതയും മാദ്ധ്യമസാക്ഷരതയും ജനാധിപത്യസാക്ഷരതയുമുള്ള ഒരു സമൂഹത്തിൽ പരമ്പരാഗതമാദ്ധ്യമങ്ങളുടെ പഴയ അപ്രമാദിത്വം ഇനി നിലനില്ക്കില്ല. രണ്ട്, വ്യക്തിയുടെയോ ഏതാനും വ്യക്തികളുടെയോ നിയന്ത്രണത്തിൽ നടക്കുന്ന പരമ്പരാഗതമാദ്ധ്യമങ്ങളും നിലവിൽ സ്വതന്ത്രമായി ജനങ്ങൾക്ക് ഉടനുടൻ പ്രതികരിക്കാൻ കഴിയുന്ന സമൂഹമാദ്ധ്യമവും മുഖാമുഖം വരുമ്പോൾ ബഹുസ്വരതയും ജനാധിപത്യവും അവമൂലം ഉണ്ടാകുന്ന നിഷ്പക്ഷതയും വ്യാജവാർത്തകൾ പൊടുന്നനെ തുറന്നുകാട്ടപ്പെടാനുള്ള സാദ്ധ്യതയുമൊക്കെ നവമാദ്ധ്യമങ്ങൾക്കുള്ള മേൽക്കൈകൾ ആകുന്നു. മൂന്ന്, സമൂഹമാദ്ധ്യമരംഗത്തെക്കാൾ ആപത്ക്കരമായ പ്രവണതകളാണ് പരമ്പരാഗതമാദ്ധ്യമരംഗത്തു നിലനില്ക്കുന്നത്. അതു പരിഹരിക്കപ്പെടേണ്ടതുണ്ട്.
ഇൻഡ്യപോലെ ഒരു രാജ്യത്ത് വൈകിമാത്രം ആരംഭിച്ച വാർത്താച്ചാനലുകൾ ഇനിയും പക്വത കൈവരിച്ചിട്ടില്ല. അച്ചടിമാദ്ധ്യമങ്ങളിലെ പാകം വന്ന പ്രവർത്തകരാണ് ആദ്യമെല്ലാം ദൃശ്യമാദ്ധമങ്ങളെ നയിച്ചിരുന്നത്. അവരുടെ പ്രാമുഖ്യം ആ രംഗത്തു കുറയുകയും ദൃശ്യമാദ്ധ്യമം വമ്പിച്ച മുതൽമുടക്കും നടത്തിപ്പുചെലവുമുള്ള വ്യവസായമായി മാറുകയും അവയുടെ ഉടമാവകാശം കോർപ്പറേറ്റുകളിൽ എത്തിച്ചേരുകയും ചെയ്തതോടെ എന്തും ചെയ്യുന്ന, ചെയ്യാവുന്ന ഒരു മാദ്ധ്യമമായി അധഃപതിച്ചു. ഇനി അതു വീണ്ടും പാകത കൈവരിക്കണമെങ്കിൽ സാമൂഹികയിടപെടൽ ഒന്നുകൊണ്ടുമാത്രമേ സാധിക്കൂ.
പുതിയത് എന്തു രംഗത്തു വരുമ്പോഴും അതിന്റെ അപകടങ്ങൾ തുടക്കത്തിൽ തിരിച്ചറിയണമെന്നില്ലല്ലോ. എന്നാൽ, തിരിച്ചറിയുന്നതോടെ അവ പരിഹരിക്കാനുള്ള സംവിധാനങ്ങളും സമൂഹം വികസിപ്പിക്കും. വ്യാജവാർത്തകൽ എന്ന സത്യാനതരയുത്പന്നം വന്നപ്പോൾ ഫാക്റ്റ് ചെക്ക് വികസിച്ചുവന്നതുപോലെ. അതുപോലെതന്നെയാണ് ദൃശ്യമാദ്ധ്യമത്തിന്റെയും കാര്യം. അതു വലിയ സ്വീകാരം നേടുകയും സമാന്തരമായി നേരത്തേ ചർച്ച ചെയ്തതരം പ്രവണതകൾ വളർന്നുവരികയും ചെയ്തപ്പോൾ ഉദയം ചെയ്തതാണു പക്ഷം ചേർന്നുള്ള മീഡിയ ആക്റ്റിവിസവും പല സ്ഥാപനങ്ങൾ സംഘടിച്ചു നടത്തുന്ന പ്രൊപ്പഗാൻഡയും. ഇതൊക്കെക്കാരണം നമ്മുടെ പരമ്പരാഗതമാദ്ധ്യമരംഗത്ത് ഒരു പാകപ്പെടൽ ആവശ്യമാണ് എന്ന ചിന്ത പൊതുസമൂഹത്തിൽ കാര്യമായി ഉണ്ട് എന്നാണു പല പ്രതികരണങ്ങളും കാണിക്കുന്നത്.
ഐ.എസ്.ആർ.ഒ. ചാരക്കേസിന്റെയടക്കം വലിയ അനുഭവങ്ങൾ ഉണ്ടായിട്ടും അവ സ്വയം പാഠം പഠിക്കാത്ത സ്ഥിതിക്ക് ആ പാകപ്പെടൽ ബാഹ്യമായ ശക്തികളിലൂടെയാകാം സംഭവിക്കുന്നത്. അതിന് ഉപകരണമാകാൻ ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള സംവിധാനമാണ് സമൂഹമാദ്ധ്യമങ്ങൾ എന്നു കാണണം. ആ രംഗത്തെ ജനകീയയിടപെടലുകളാകാം റ്റെലിവിഷൻ മാദ്ധ്യമരംഗത്തെ ദുഷ്പ്രവണതകൾ തുറന്നുകാട്ടി അവയെ നേർവഴിക്കു നയിക്കാനും പാകപ്പെടുത്താനും പോകുന്നത്. പരമ്പരാഗതമാദ്ധ്യമങ്ങൾ പ്രസിദ്ധം ചെയ്യുന്ന വ്യാജവാർത്തകൾ മണിക്കൂറുകൾക്കകം വെളിപ്പെടുത്തപ്പെടുന്നത് ആ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ നിരന്തരം ഇടിക്കുകയും അത് അവയുടെ സ്വീകാര്യത കുറയ്ക്കുകയും ചെയ്യുമല്ലോ. അപ്പോൾ അവയുടെ റേറ്റിങ്ങിനെയും പരസ്യവരുമാനത്തെയും ബാധിക്കും. അവർ വിശ്വാസ്യതയും സ്വീകാരവും നേടാൻ ശ്രമിക്കും. ഇതൊരു തിരുത്തൽ മെക്കാനിസമാണ്. ഇതുപോലെയുള്ള ഓരോ ഇടപെടലിനും ഇത്തരം മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും.
സത്യാനന്തരകാലത്തെ ജനകീയ ഓഡിറ്റ്
സത്യാനതരകാലത്തു വിശേഷിച്ചും മാദ്ധ്യമങ്ങൾ പറയുന്നതൊക്കെ ജനങ്ങൾ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. ഓഡിറ്റ് ചെയ്യാനും ശരിയെന്നു കാണുന്നതു പ്രചരിപ്പിക്കാനും തെറ്റു ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും ജനങ്ങൾക്കു കൈവന്നിരിക്കുന്ന മാദ്ധ്യമമാണു സമൂഹമാദ്ധ്യമം. അപ്പോൾ, വലിയതോതിൽ രാഷ്ട്രീയവത്ക്കരണത്തിന് ഇരയാകുന്ന കാസർകോട്ടെ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ നിയുക്ത വി.സി.ക്ക് 14 പിഎച്ഛ്.ഡി.യും അഞ്ച് എം.ഫിലും ഇല്ല എന്നു ജനങ്ങളെ അറിയിക്കേണ്ടിവരും. അതിൽ വല്ല ട്രോളോ എരിവുള്ള ഭാഷയോ ഒക്കെ കടന്നുകൂടിയാൽ നമുക്കു വിമർശിക്കാം. പക്ഷേ, ആ വിമർശനം നടത്താൻ, സോളാർ കേസിലെ യഥാർത്ഥ കുറ്റവാളിയുടെ പ്രേരണയാൽ മാത്രം കുറ്റവാളിയായ ഒരു സ്ത്രീയുടെ ശരീരവും സ്വകാര്യതയുംപോലും അന്യായമായി മുതലാക്കിയ, പരമ്പരാഗതമാദ്ധ്യമങ്ങൾക്ക് അവകാശമുണ്ടോ എന്നു നാം ചിന്തിക്കണം.
സത്യാനന്തരകാലത്തിന്റെ ഒരു സമസ്യ ദിവസങ്ങളായി എന്റെ മനസിൽ പരിഹരിക്കാതെ കിടക്കുന്നതുകൂടി പറയട്ടെ. ഇപ്പോഴത്തെ സ്വർണ്ണക്കള്ളക്കടത്തുകേസിന്റെ വാർത്താദിശയെ കുറ്റകൃത്യത്തിൽനിന്നു വഴിതിരിച്ചു രാഷ്ട്രീയത്തിലേക്കു വിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കസ്റ്റംസിലേക്ക് വിളിച്ചു എന്ന ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവം ആണല്ലോ. എന്നാൽ, പിന്നീടു വ്യക്തമായത് അങ്ങനെയൊരു വിളി ഉണ്ടായിട്ടില്ല എന്നാണ്. മാദ്ധ്യമങ്ങൾ തന്നെ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്, ശിവശങ്കറോട് കസ്റ്റംസിൽ വിളിക്കാൻ പ്രതിയായ സ്വപ്ന ആവശ്യപ്പെട്ടെന്നും അദ്ദേഹം വിളിക്കാൻ കൂട്ടാക്കിയില്ല എന്നും എന്തുകൊണ്ടു വിളിച്ചില്ല എന്നതാണ് അന്വേഷണയേജൻസി അന്വേഷിക്കുന്നത് എന്നുമാണ്. (ഒരു വിവരവും പുറത്തു കൊടുക്കാറു പതിവില്ലാത്ത അന്വേഷണയേജൻസികളെ ഉദ്ധരിച്ചു വന്ന ഈ വാർത്തയും വസ്തുതയാണോ എന്നു വ്യക്തമാകുക ഇതുസംബന്ധിച്ച തെളിവുകൾ കോടതിയിൽ വരുമ്പോൾ മാത്രമാണ്.) ഇതു വസ്തുതയാണെങ്കിൽ, വിളിച്ചില്ലെങ്കിലും വിളിക്കാൻ ആവശ്യപ്പെടുകയെങ്കിലും ചെയ്തു എന്നത് അക്കാര്യം അന്വേഷണയേജൻസിയോടു പ്രതി പറയുന്നതുവരെ കള്ളക്കടത്തുമായി ബന്ധപ്പെട്ടവർക്കു മാത്രം അറിയാവുന്ന ഒന്ന് ആയിരിക്കണമല്ലോ. അത് കെ. സുരേന്ദ്രൻ എങ്ങനെ അറിഞ്ഞു! വിളി സംഭവിച്ചിരുന്നെങ്കിൽ കസ്റ്റംസുകാർ പറഞ്ഞു എന്നെങ്കിലും കരുതാമായിരുന്നു. അതും ഇല്ല. ഇക്കാര്യം ആരും ആലോചിച്ചതായിപ്പോലും കാണുന്നില്ല! ഇതിൽ അസത്യത്തിനപ്പുറം എന്തൊക്കെയോ ദുരൂഹതകൾകൂടി തോന്നുന്നതുപോലെ പല വ്യാജവാർത്തകളും കേവലം അബദ്ധങ്ങളോ കൗതുകത്തിന് ഉണ്ടാക്കുന്നവയോ മാത്രം ആയിരിക്കില്ലല്ലോ. അതു കൂടുതൽ ഗൗരവാവഹമായ സാഹചര്യമാണ്.
സമൂഹമാദ്ധ്യമങ്ങളിലും സത്യാനന്തരത്തിന്റെ ദോഷങ്ങൾ ഉണ്ടാകാം. അവയെ തിരുത്താനുള്ള ശക്തിയും അവയിലെ ജനാധിപത്യത്തിനുണ്ട്. സമൂഹമാദ്ധ്യമങ്ങളുടെ ഉടമാവകാശം കുത്തകവത്ക്കരിക്കപ്പെടുന്നുണ്ടെങ്കിലും, അതിൽ അനുവദനീയമായ സ്വാതന്ത്ര്യത്തിന്മേൽ ഭരണകൂടങ്ങളുടെ ചാരക്കണ്ണുകൾ വീണിട്ടുണ്ടെങ്കിലും, ജനങ്ങൾക്കുള്ള അഭിപ്രായസ്വാതന്ത്ര്യം വിപുലമായിത്തന്നെ നിലനില്ക്കുന്നു. അത്തരം അപാകങ്ങളും നാളെ പരിഹരിക്കപ്പെടാം. സ്വതന്ത്രതാമൂല്യങ്ങളിൽ അധിഷ്ഠിതമായ സമൂഹമാദ്ധ്യമങ്ങൾ ഉയർന്നുവന്നേക്കാം. കാരണം, ഏതുതരം ജനാധിപത്യവത്ക്കരണശ്രമവും അതിന്റെനിലയിൽ ഗുണഫലം ഉണ്ടാക്കുകതന്നെ ചെയ്യും. ഇതൊക്കെ പുതിയകാലനിരീക്ഷണങ്ങൾ എന്ന നിലയിൽ വ്യാപിക്കുമ്പോഴും, മാദ്ധ്യമപരിണാമത്തിലെ പുതിയ പിറവിയായ സമൂഹമാദ്ധ്യമത്തെ മാദ്ധ്യമമായി അംഗീകരിക്കാൻ പോലും ചിലരുടെ യാഥാസ്ഥിതികമനസ് അനുവദിക്കുന്നില്ല എന്നതാണ് അത്ഭുതകരം. ഒരുപക്ഷേ, നാളെയുടെ മാദ്ധ്യമംതന്നെ സമൂഹമാദ്ധ്യമം ആകാം. വൻമുതൽമുടക്കുള്ള പരമ്പരാഗതമാദ്ധ്യമങ്ങൾ അപ്രധാനങ്ങളോ അപ്രസക്തങ്ങളോ ഒക്കെയായി ഒടുങ്ങിയെന്നും വരാം. അതൊക്കെ കാലം തീരുമാനിക്കട്ടെ!
ജനാധിപത്യത്തെ അംഗീകരിക്കുന്നവർ മാദ്ധ്യമങ്ങളെ ജനങ്ങൾ വിശകലനം ചെയ്യുകയും വിമർശിക്കുകയും ചെയ്യുന്നതിൽ വ്യാകുലചിത്തരാകുന്നത് എന്തിനാണ്? ജനങ്ങളല്ലേ, അവർ ഇടപെടട്ടെ. നമ്മുടെ നാട്ടിലെ ഒട്ടെല്ലാ ഇടപെടലുകളും രാഷ്ട്രീയമായാണല്ലോ. അരിസ്റ്റോട്ടിൽ പണ്ടേ പറഞ്ഞതുപോലെ മനുഷ്യർ പ്രകൃത്യാതന്നെ രാഷ്ട്രീയജീവികളും ആണ്. ജനാധിപത്യവും അതിന്റെ തൂണുകളും അതിലൊന്നായ മാദ്ധ്യമവുമെല്ലാം രാഷ്ട്രീയമാണല്ലോ. അപ്പോൾ രാഷ്ട്രീയമായിത്തന്നെ ജനങ്ങൾ ഇടപെടട്ടെ. ഭരണസംവിധാനമോ നിയമനിർമ്മാണസഭയോ ജുഡീഷ്യറിയോ മറ്റാരെങ്കിലുമോ ഒരു സ്വാതന്ത്ര്യവും ഹനിക്കുന്നില്ലല്ലോ. മൂന്നു തൂണുകളെയും ‘വിചാരണ’ചെയ്യുന്ന നാലാം തൂണിനെയും എല്ലാറ്റിന്റെയും അടിസ്ഥാനമായ ജനങ്ങൾ വിചാരണചെയ്യട്ടെ! വിചാരണകളെ ഭയക്കുന്നതെന്തിന്? ജനങ്ങളെ ഭയക്കുന്നതെന്തിന്?
(മുതിർന്ന മാധ്യമ പ്രവർത്തകൻ ആണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം )