കൊൽക്കത്ത: ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബാവൂമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ലുംഗി എൻഗിഡിക്ക് പകരം തബ്രൈസ് ഷംസി ടീമിലെത്തി. ഓസ്ട്രേലിയ രണ്ട് മാറ്റം വരുത്തി. ഗ്ലെൻ മാക്സ്വെല്ലും മിച്ചൽ സ്റ്റാർക്കും തിരിച്ചെത്തി. സീൻ അബോട്ട്, മാർകസ് സ്റ്റോയിനിസ് പുറത്തായി.
ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, തെംബ ബാവൂമ, റാസ് വാൻ ഡർ ഡസ്സൻ, എയ്ഡൻ മാർക്രം, ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർകോ ജാൻസൻ, കേശവ് മഹാരാജ്, ജെറാൾഡ് കോട്സീ, കഗിസോ റബാദ, തബ്രൈസ് ഷംസി.
ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇൻഗ്ലിസ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആഡം സാംപ, ജോഷ് ഹേസൽവുഡ്.
ബാറ്റിംഗ് ബൗളിംഗ് ബലാബലത്തിൽ ഇരുസംഘവും ഒപ്പത്തിനൊപ്പം. നായകൻ തെംബ ബാവുമ ഒഴികെയുള്ള ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെല്ലാം പൊട്ടിത്തെറിക്കുന്നവർ. 17 വിക്കറ്റ് വീഴ്ത്തിയ ഇടംകൈയൻ പേസർ മാർകോ യാൻസനെയാവും ഓസീസ് കൂടുതൽ പേടിക്കുക. പരിക്കുമാറിയ ഇരട്ട സെഞ്ച്വറിക്കാരൻ ഗ്ലെൻ മാക്സ്വെൽ ടീമിലേക്ക് തിരിച്ചെത്തുന്നത് ഓസീസിന് കരുത്താവും. ബൗളിംഗ് പ്രതീക്ഷ 22 വിക്കറ്റുള്ള ആഡം സാംപയിൽ. ആദ്യ ഫൈനൽ ലക്ഷ്യമിടുന്ന ദക്ഷിണാഫ്രിക്ക സെമിയിൽ കാലിടറി വീണത് നാലുതവണ.
1999ലും 2007ലും പ്രോട്ടീസിന്റെ ഫൈനൽമോഹം തട്ടിത്തെറിപ്പിച്ചത് ഓസീസ്. ഇരുടീമും ഏഴ് മത്സരം വീതം ജയിച്ചു. ദക്ഷിണാഫ്രിക്ക ഇന്ത്യയോടും നെതർലൻഡ്സിനോടും തോറ്റപ്പോൾ, ഓസ്ട്രേലിയയ്ക്ക് ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും അടിതെറ്റി. ഗ്രൂപ്പ് ഘട്ടത്തിൽ ലക്നൗവിൽ ഏറ്റുമുട്ടിയപ്പോൾ 134 റൺസ് വിജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം.