രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും അറിയാൻ,കോൺഗ്രസും ബിജെപിയും ഭരിക്കുന്ന 8 സംസ്ഥാനങ്ങൾ എങ്കിലും കോവിഡ് ട്രെയ്സിങ്ങിന് ഫോൺ രേഖകൾ പരിശോധിക്കുന്നുവെന്നതിന് തെളിവ്
കോവിഡ് രോഗികളുടെ കോൺടാക്ട് ഹിസ്റ്ററി അറിയാനും ട്രേസ് ചെയ്യാനും ഫോൺ രേഖകൾ പരിശോധിക്കാനുള്ള കേരള സർക്കാർ നീക്കം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഒടുവിൽ കോടതിയിൽ സർക്കാരിന് നിലപാട് തിരുത്തേണ്ടിയും വന്നു. ടവർ ലൊക്കേഷൻ മാത്രമാണ് ശേഖരിക്കുന്നത് എന്നിങ്ങനെ സർക്കാർ നിലപാട് തിരുത്തി. എന്നാൽ കേരളം മാത്രമല്ല, കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങൾ രോഗിയുടെ ഫോൺ രേഖകൾ പരിശോധിക്കുന്നുണ്ട് എന്നാണ് വസ്തുത.
ഡൽഹിയെ തബ്ലീഗി ജമാഅത് സമ്മേളനത്തിൽ പങ്കെടുത്തവരുടെ കോൺടാക്ട് ലിസ്റ്റ് കൃത്യമായി അറിയാൻ ആണ് മിക്ക സംസ്ഥാനങ്ങളും ഫോൺ രേഖകൾ പരിശോധിക്കാൻ ആരംഭിച്ചത്. കൃത്യമായ വിവരങ്ങൾ ലഭിക്കാതെ വന്നപ്പോൾ ആണിത്. ചിലർ കോൺടാക്ട് ലിസ്റ്റ് നൽകാൻ തയ്യാറാവാതെ വന്നപ്പോൾ ചിലർ ഒളിവിൽ പോയി. ഇതാണ് പശ്ചാത്തലം.
കേരളം, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ജാർഖണ്ഡ്, തമിഴ്നാട് തുടങ്ങിയവയാണ് ഇപ്പോൾ ഏതെങ്കിലും വിധത്തിൽ രോഗിയുടെ ഫോൺ രേഖകൾ പരിശോധിക്കുന്ന സംസ്ഥാനങ്ങൾ. മധ്യപ്രദേശും രാജസ്ഥാനും ആദ്യഘട്ടത്തിൽ ഫോൺ രേഖകൾ പരിശോധിച്ചിരുന്നെങ്കിലും പിന്നീട് അത്യാവശ്യത്തിനു മാത്രമാക്കി.
സഹകരിക്കാത്തവരുടെ രേഖകൾ ആണ് പരിശോധിക്കുന്നത് എന്ന് ഹിമാചൽ പ്രദേശ് സർക്കാർ വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇതൊരു പൊതു പ്രാക്ടീസ് അല്ല. തബ്ലീഗ് ജമാഅത് സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ ഹിമാചൽ പ്രദേശ് ഇത് നന്നായി ഉപയോഗിച്ചിരുന്നു.
രാജസ്ഥാനിലും തുടക്കത്തിൽ രോഗികളുടെ കോൺടാക്റ്റ് ലിസ്റ്റ് ലഭിക്കാൻ സി ഡി ആർ രേഖകൾ പരിശോധിച്ചിരുന്നു.എന്നാൽ ജൂൺ 1 മുതൽ അൺലോക്ഡൗൺ തുടങ്ങിയതോടെ രാജസ്ഥാൻ ഇത് നിർത്തി.
ജൂലൈ 30 വരെ മധ്യപ്രദേശും സി ഡി ആർ രേഖകളെ ആശ്രയിച്ചിരുന്നു. “ചില പ്രത്യേക സാഹചര്യങ്ങളിൽ രോഗികൾക്ക് അസുഖ തീവ്രത മൂലം അവരുടെ കോൺടാക്ട് ലിസ്റ്റ് പറയാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും. അപ്പോൾ നിർബന്ധമായും ഫോൺ രേഖകൾ പരിശോധിക്കേണ്ടി വരും. പക്ഷെ കാൾ റെക്കോർഡിങ് നടത്താറില്ല. “മധ്യപ്രദേശിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല. ജാർഖണ്ഡിൽ കണ്ടെത്താൻ ആകാത്ത രോഗികളെ കണ്ടുപിടിക്കാൻ ആണ് ഫോൺ രേഖകൾ പരിശോധിക്കുന്നത്. “കോവിഡ് പോസിറ്റീവ് രോഗികളെ കാണാതാകുമ്പോൾ ഫോൺ രേഖകൾ പരിശോധിക്കേണ്ടി വരും. അവർ എവിടെയാണ്, ആരെയൊക്കെ വിളിച്ചു, ആരൊക്കെ തിരിച്ചു വിളിച്ചു എന്നൊക്കെ അറിയേണ്ടി വരും ” റാഞ്ചി സബ്ഡിവിഷണൽ മജിസ്ട്രേറ്റ് ലോകേഷ് ശർമ വ്യക്തമാക്കി.
“ആദ്യ മൂന്ന് മാസങ്ങളിൽ പോലീസ് സഹായം ധാരാളമായി തേടിയിരുന്നു. അവർ ഫോൺ രേഖകൾ അടക്കം പരിശോധിച്ചാണ് രോഗികളെ കണ്ടെത്തിയിരുന്നത്. ഇപ്പോൾ 90 %രോഗികളെയും കണ്ടെത്തുന്നത് ആരോഗ്യ പ്രവർത്തകർ തന്നെയാണ്. “തമിഴ്നാട് ആരോഗ്യ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ ഔദ്യോഗിക ഉത്തരവ് ഇറക്കിയില്ലെങ്കിലും കോവിഡ് രോഗികളെ കണ്ടെത്താൻ ഫോൺ രേഖകൾ പരിശോധിച്ചിരുന്നു. പ്രത്യേകിച്ചും നിസാമുദ്ധീൻ മർകസ് വ്യാപന സമയത്ത്. സർക്കാർ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്ന് ഭയന്ന് പലരും വിവരങ്ങൾ മറച്ചു വച്ച കാലം ആയിരുന്നു അത്.
കർണാടകയിലും ഫോൺ ട്രെയ്സിംഗ് ഉണ്ട്. “ഇപ്പോൾ ഓരോ വീടുകളിലും ആരോഗ്യ പ്രവർത്തകർ കയറി ഇറങ്ങിയാണ് രോഗികളെ കണ്ടെത്തുന്നത്. പ്രയാസമുള്ള ഘട്ടങ്ങളിൽ ഫോൺ രേഖകൾ പരിശോധിക്കും “കോവിഡ് രോഗികളെ കണ്ടെത്താൻ ചുമതലപ്പെട്ട ഒരു കർണാടക ഐ എ എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വെറും 14 ദിവസത്തെ രേഖകൾ ആണ് പരിശോധിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.