കേരളം കാത്തിരിക്കുന്ന ആലുവയിലെ അഞ്ച് വയസുകാരിയുടെ ക്രൂര കൊലപാതകത്തിൽ വിചാരണ കോടതി ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് വിധി പറയുന്നത്. പ്രതി അസഫാക് ആലമിന്റെ ശിക്ഷയിന്മേല്‍ വ്യാഴാഴ്ചയാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്നാണ് ശിക്ഷ പ്രഖ്യാപിക്കൽ ശിശുദിനത്തിലേക്ക് മാറ്റിയത്.
പ്രതിക്ക് വധശിക്ഷ നല്‍കന്നം എന്നാണ് പ്രൊസിക്യൂഷന്റെയും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെയും ആവശ്യം. എന്നാൽ പ്രായവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് ഡിഫന്‍സ് കോണ്‍സല്‍ ആവശ്യപ്പെട്ടത്. കുറ്റകൃത്യം നടന്ന് നൂറാം ദിവസം തന്നെ അതിവേഗ വിചാരണയിലൂടെ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. നൂറ്റി പത്താം ദിവസമാണ് ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്.
ഇതിനിടെ ആലുവ കൊലപാതകക്കേസിൽ മലയാളം അറിയാത്ത പ്രതി അസഫാക് ആലമിന്റെ പരിഭാഷക
അഡ്വ. ബിനി എലിസബത്ത് പറയുന്നത് വിചാരണവേളയില്‍ ഒരിക്കലും പ്രതിയുടെ മുഖത്ത് ഭവഭേദങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ്. പൂമ്പാറ്റയെ പോലെ പാറിനടന്നിരുന്ന ഒരു കുഞ്ഞിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ പരിഭാഷകയുടെ റോള്‍ അണിഞ്ഞപ്പോള്‍ തനിക്ക് പലപ്പോഴും വാക്കുകള്‍ ഇടറിയെന്ന് അവര്‍ പറഞ്ഞു. കോടതി നടപടികൾ പ്രതിക്ക് പരിഭാഷപ്പെടുത്തി നല്‍കണമായിരുന്നു. അത്തരം സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ പലപ്പോഴും വാക്കുകള്‍ ഇടറി.
പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയ വകുപ്പുകള്‍
201 ഐ.പി.സി- തെളിവു നശിപ്പിക്കല്‍
297 ഐ.പി.സി- മൃതശരീരത്തോടുള്ള അതിക്രമം
364 ഐ.പി.സി- കൊല്ലാനായി തട്ടിക്കൊണ്ടുപോകുക
367 ഐ.പി.സി- വലിയതോതില്‍ മുറിവേല്‍പ്പിക്കാനായി തട്ടിക്കൊണ്ടുപോകുക
366 എ.ഐ.പി.സി- പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരേയുള്ള ലൈംഗികാതിക്രമം
328 ഐ.പി.സി- ഉപദ്രവിക്കുന്നതിനായി ലഹരി നല്‍കുക
376 (2) (എന്‍) ഐ.പി.സി- നിരന്തരമായി ബലാത്കാരം ചെയ്യുക
376 (2) (എം) ഐ.പി.സി- 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിക്ക് നേരേയുള്ള ലൈംഗികാതിക്രമം
376 എബി ഐ.പി.സി- 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ ബലാത്കാരം ചെയ്യുക
376 (2) (ജെ) ഐ.പി.സി- ലൈംഗികാതിക്രമം
377 ഐ.പി.സി- പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം
302 ഐ.പി.സി- കൊലപാതകക്കുറ്റം-(വധശിക്ഷ കിട്ടുന്ന കുറ്റം)
പോക്സോ നിയമം 5 (എം)- സംരക്ഷകര്‍ ആകേണ്ടവര്‍ കുട്ടിക്കെതിരേ നടത്തുന്ന ലൈംഗികാതിക്രമം
പോക്സോ നിയമം 5 (ഇ)- കുട്ടിക്കെതിരായ ക്രൂരമായ ലൈംഗികാതിക്രമം
പോക്സോ നിയമം 5 (ജെ)- കുട്ടിയുടെ മരണത്തിന് കാരണമായ ലൈംഗികാതിക്രമം
77 ജെ.ജെ. ആക്ട്- കുട്ടിക്ക് ലഹരിവസ്തു നല്‍കുക