കാസർകോട് ജില്ലയിലെ ചിറ്റാരിക്കാല്‍ കോട്ടമല സ്കൂളിൽ ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസിൽ പ്രധാനാധ്യാപിക ഷേർളി ജോസഫിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കാനായി മാറ്റിയിരുന്നു. ഇരയായ കുട്ടിക്ക് വേണ്ടി അഭിഭാഷകരെ ഏർപ്പാടാക്കാൻ ജില്ലാ നിയമ സഹായ വേദിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പൊലീസിന് വേണ്ടി പ്രോസിക്യൂഷനും മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് രംഗത്ത് വന്നിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അധ്യാപികയ്ക്ക് ഇനി ഹൈകോടതിയെ സമീപിക്കേണ്ടി വരും.
ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടമല എം ജി എം എ യു പി സ്കൂളിൽ ഒക്ടോബർ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ അസംബ്ലി കഴിഞ്ഞ ശേഷം ദളിത് വിദ്യാർഥിയുടെ മുടി മുറിച്ചു എന്നാണ് പരാതി.
അഞ്ചാം ക്ലാസ് വിദ്യാർഥിയെ പ്രധാനാധ്യാപിക ഷേർളി ജോസഫ് സ്കൂൾ അസംബ്ലി കഴിഞ്ഞ ശേഷം സ്റ്റാഫ് റൂമിന് മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പരസ്യമായി മുടി മുറിച്ചുവെന്നാണ് പൊലീസ് കേസ്. കേസിൽ പ്രധാനാധ്യാപികയ്ക്കെതിരെ പട്ടികജാതി – പട്ടിക വർഗ അതിക്രമം തടയൽ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരുന്നത്.
കേസെടുക്കുകയും സംഭവം മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തതോടെ ഒളിവിൽ പോയ ശേഷമാണ് പ്രാധാനാധ്യാപിക ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായെത്തിയത്. സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.