പത്തനംതിട്ട: ലൈഫ് പദ്ധതിയില്‍ പണിയുന്ന വീട് പൂര്‍ത്തിയാക്കാന്‍ പണം കിട്ടാത്തതിനാല്‍ ജീവനൊടുക്കുന്നതായി വയോധികന്റെ ആത്മഹത്യക്കുറിപ്പ്. ശനിയാഴ്ച റോഡരികില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ ഓമല്ലൂര്‍ ബിജുഭവനില്‍ ഗോപി(73)യാണ് വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ വിഷമം ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നത്. സന്തോഷ്മുക്ക്-മുട്ടുകുടുക്ക റോഡില്‍ പള്ളം ഭാഗത്ത് വീടുപണിക്ക് ഇറക്കിയ മെറ്റല്കൂനയ്ക്കടുത്തായിരുന്നു കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
‘ജീവിതത്തില്‍ പരാജയപ്പെട്ടവന് ജീവിക്കാന്‍ അര്‍ഹതയില്ല. അതുകൊണ്ട് ഞാന്‍ പോകുന്നു. വീട് പണി എങ്ങും എത്തിയില്ല. പണം കിട്ടാത്തതുകൊണ്ട്. ഓണത്തിനുമുമ്പ് വാര്‍പ്പ് വരെ എത്തിച്ചതാണ്. ഇതുവരെയും വാര്പ്പിനുള്ള തുക കിട്ടിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണം’ എന്നാണ് ഗോപി ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
ഭാര്യ ലീല ഒരുവര്‍ഷമായി പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലാണ്. വൃക്കരോഗിയായ അച്ഛനെ, അമ്മയുടെ രോഗവും വീടുപണി തീര്‍ക്കാനാവാത്തതിന്റെ വിഷമവും അലട്ടിയിരുന്നതായി മകള്‍ ബിന്ദുമോള്‍ പറഞ്ഞു. ഒരുവര്‍ഷംമുമ്പാണ് ഓമല്ലൂര്‍ പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഗോപിക്ക് വീട് അനുവദിച്ചത്. ഭാര്യയുടെ രോഗാവസ്ഥ പരിഗണിച്ച് മുന്‍ഗണനയും നല്‍കിയിരുന്നു. ആദ്യ ഗഡുവായ 40,000 രൂപയും രണ്ടാംഗഡുവായ 1,60,000 രൂപയും മാത്രമാണ് ഇതുവരെ കിട്ടിയത്.
ഭാര്യയുടെ പേരിലുള്ള 10 സെന്റിലാണ് വീട് പണിയുന്നത്. ഓണത്തിനുമുമ്പ് പണി തീര്‍ക്കണമെന്ന് അദ്ദേഹം ആശിച്ചിരുന്നു.
പുന്നലത്തുപടി ഭാഗത്ത് ചെറിയ കച്ചവടവും ലോട്ടറി വില്‍പ്പനയുമായിരുന്നു വരുമാന മാര്‍ഗം. താമസിക്കുന്ന വീട് നാശാവസ്ഥയിലായതിനാല്‍ ഭാര്യയെ പ്രമാടത്ത് മകളും മരുമകനും താമസിക്കുന്ന വാടകവീട്ടിലാക്കിയിരുന്നു. പകല്‍ ഇവിടെയെത്തി ഭാര്യയെ ശുശ്രൂഷിച്ചശേഷം രാത്രി സ്വന്തംവീട്ടിലേക്ക് പോകും.
സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മകള്‍ ബിന്ദു. മകന് ബിജു കുടുംബസമേതം പുനലൂരിലാണ് താമസം. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് ഗോപി തീകൊളുത്തി മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.