ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. നെതർലൻഡ്സ് ബൗളർമാരെ അനായാസം നേരിട്ട ഇരുവരും 12-ാം ഓവറിൽ തന്നെ ടീം സ്കോർ 100-ൽ എത്തിച്ചു.. ഗില്ലായിരുന്നു കൂടുതൽ അപകടകാരി. താരം അർധസെഞ്ചുറി നേടുകയും ചെയ്തു. എന്നാൽ ടീം സ്കോർ 100-ൽ നിൽക്കെ ഗിൽ പുറത്തായി.
32 പന്തിൽ മൂന്ന് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ 51 റൺസെടുത്ത ഗില്ലിനെ പോൾ വാൻ മീകെറെനാണ് പുറത്താക്കിയത്.പിന്നാലെ 54 പന്തിൽ എട്ട് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 61 റൺസെടുത്ത രോഹിത്തിനെ ബാസ് ഡി ലീഡ് പുറത്താക്കി. ഇതോടെ ഇന്ത്യ 129 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി.
56 പന്തിൽ അഞ്ചുഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 51 റൺസെടുത്ത കോലിയെ വാൻ ഡെർ മെർവ് ക്ലീൻ ബൗൾഡാക്കുമ്പോൾ ഇന്ത്യ 200- ന് മൂന്ന് വിക്കറ്റ് എന്ന നിലയായിരുന്നു.പിന്നീടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദീപാവലി വെടിക്കെട്ട്.
ആളിക്കത്തിയ രാഹുലും ശ്രേയസും നെതർലൻഡ്സ് ബൗളർമാരെ അക്ഷരാർത്ഥത്തിൽ അടിച്ചൊതുക്കുകയായിരുന്നു. ഒടുവിൽ ശ്രേയസ് ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറി സ്വന്തമാക്കി. 84 പന്തിലാണ് താരം മൂന്നക്കം കണ്ടത്. പിന്നാലെ കണ്ടത് രാഹുലിന്റെ വെടിക്കെട്ടാണ്. രാഹുലും സെഞ്ചുറിയിലേക്ക് കുതിച്ചു. വെറും 62 പന്തുകളിൽ നിന്ന് രാഹുൽ സെഞ്ചുറി നേടി. ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്.
സെഞ്ചുറിയ്ക്ക് പിന്നാലെ രാഹുൽ പുറത്തായി. 64 പന്തിൽ 11 ഫോറും നാല് സിക്സുമടക്കം 102 റൺസെടുത്ത രാഹുലിനെ ഡി ലീഡ് പുറത്താക്കി. ശ്രേയസ്സിനൊപ്പം 208 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താനും രാഹുലിന് സാധിച്ചു. മറുവശത്ത് ശ്രേയസ് 94 പന്തിൽ 10 ഫോറിന്റെയും അഞ്ച് സിക്സിന്റെയും അകമ്പടിയോടെ 128 റൺസെടുത്ത് പുറത്താവാതെ നിന്നു.