കൊച്ചി: അപകടം പതിയിരിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കാൻ നിർമിത ബുദ്ധി. കൊച്ചി ആസ്ഥാനമായുള്ള പേളീ ബ്രൂക്ക് ലാബ്സ് എന്ന സ്റ്റാർട്ട് അപ്പ് സംരംഭത്തിന്‍റെ ആശയത്തിന് ആഗോള കമ്പനികൾ ഉൾപ്പെടെ ആണ് ആവശ്യക്കാർ. കൊച്ചി സ്റ്റാർട്ട് അപ്പ് മിഷനിലെ ചെറിയ തുടക്കത്തിൽ നിന്ന് രാജ്യാന്തര തലത്തിലേക്കുള്ള വളർച്ചയിലാണ് മലയാളികളുടെ ഈ സംരംഭം.
അമേരിക്കയിൽ വീഡിയോ സെക്യൂരിറ്റി മാനേജ്മെന്‍റ് മേഖലയിൽ നിന്നാണ് കേരളത്തിൽ ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങണമെന്ന ആഗ്രഹവുമായി പാലക്കാട്ടുകാരൻ രഞ്ജിത്ത് ആന്‍റണി എത്തുന്നത്. ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു കൊച്ചി സ്റ്റാർട്ട് അപ്പ് വില്ലേജിൽ തുടക്കം. കൊവിഡ് കാലത്ത് നേരിട്ട പ്രതിസന്ധിക്കിടെ കിട്ടിയ ഒരു അവസരമാണ് വഴിത്തിരിവായത്.
ആഗോള ശൃംഖലകളുള്ള സെയിന്‍റ് ഗൊബേയ്ന്‍റെ അനുബന്ധ സ്ഥാപനം ഒരു ആവശ്യം ഉന്നയിച്ചു. ഉത്പന്നങ്ങൾ ഫോർക്ക് ലിഫ്റ്റ് ചെയ്യുന്നതിനിടയിലെ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം. സോഫ്റ്റ് വെയർ മേഖയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സ്റ്റാർട്ട് അപ്പ് അന്ന് മുതൽ ഹാർഡ് വെയർ ഉത്പാദന സാധ്യതകളും തേടി. വ്യവസായ സുരക്ഷ എന്ന അധികമാരും കടന്ന് ചെന്നിട്ടില്ലാത്ത മേഖലയിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആവശ്യക്കാരെത്തി.
ഉത്പാദന സമയത്ത് അപകടങ്ങൾ ഒഴിവാക്കുന്നത് ആഗോള ബ്രാൻഡുകൾക്ക് ഓഹരി വിപണിയിലടക്കം മെച്ചപ്പെട്ട മൂല്യം ഉറപ്പാക്കും. കൂടുതൽ കമ്പനികളെത്തിയതോടെ പേളീ ബ്രൂക്ക് ലാബ്സ് കൊച്ചിയിൽ നിന്ന് അമേരിക്ക, ചിലി, ഫ്രാൻസ്, ദുബായ് എന്നിവടങ്ങളിലേക്കും വളര്‍ന്നു. അപ്പോഴും ആസ്ഥാനം കൊച്ചി തന്നെ.
അമേരിക്കയിൽ വെച്ച് ഭാവി സ്വപ്നം കാണുന്നതിനിടെ രഞ്ജിത്ത് ആന്‍റണിയുടെ കണ്ണിലുടക്കിയ ഒരു തടാകമാണ് പേളി ബ്രൂക്സ്. എന്നാൽ ആ സ്വപ്നം യാഥാർത്ഥ്യമായത് കൊച്ചിയിൽ വെച്ചും. കൊച്ചിയിൽ തന്നെ തുടർന്ന് ഇനിയും വലിയ സ്വപ്നങ്ങളുമായി മുന്നോട്ടാണ് ഈ സംരംഭം.