കോട്ടയം നഗരാതിർത്ഥിയിലെ എലിപ്പുലിക്കാട് പാലത്തിനു സമീപം കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാംഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ ജോയേല്‍ വില്യംസ് എന്ന 21കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തിന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജോയലും മൂന്ന് സുഹൃത്തുക്കളും എലിപ്പുലിക്കാട് കടവിന് സമീപത്തെ ഹോം സ്റ്റേയിൽ എത്തിയത്. ഇവിടെ നിന്നും ഇക്കരെ എത്തി വസ്ത്രങ്ങൾ അഴിച്ച് വച്ച ശേഷം മീനന്തറയാറ്റിൽ ജോയൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. രണ്ടു യുവാക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കുളി കഴിഞ്ഞ് കയറിയ ശേഷം ജോയേല്‍ വീണ്ടും വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു എന്നും പറയപ്പെടുന്നു. ഈ സമയത്താണത്രേ യുവാവ് ഒഴുക്കില്‍പ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങി താഴുകയായിരുന്നു.
തുടർന്ന് സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഇതുവഴി പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് , അഗ്നിരക്ഷാ സേനാ സംഘവും കോട്ടയം ഈസ്റ്റ് പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തി. ഉച്ചയ്ക്ക് 12.50 ഓടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.