ചെന്നൈ: ക്ഷേത്ര പരിസരത്തെ പെരിയാർ പ്രതിമകൾ നീക്കുമെന്ന പരാമർശം വിവാദമായതോടെ മലക്കം മറിഞ്ഞ് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ.
സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദം ഉയർത്തിയ ആളായിരുന്നു പെരിയാറെന്ന് അണ്ണാമലൈ പറഞ്ഞു.പെരിയാർ പ്രതിമകളോടു ബിജെപിക്കു വലിയ ആദരവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരിയാർ വിരുദ്ധ പരാമർശം വലിയ രീതിയിൽ വിമർശിക്കപ്പെട്ടതിന് പിന്നാലെയാണ് അണ്ണാമലൈ വാക്കുകൾ തിരുത്തി രംഗത്തെത്തിയത്.
തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിൽ വന്നാൽ ക്ഷേത്രങ്ങൾക്കു സമീപത്തെ പെരിയാർ പ്രതിമകളും നിരീശ്വരവാദ സന്ദേശങ്ങളും നീക്കം ചെയ്യുമെന്നായിരുന്നു അണ്ണാമലൈ കഴിഞ്ഞ ദിവസം പ്രസംഗത്തിനിടെ പറഞ്ഞത്. ശ്രീരംഗം ക്ഷേത്രത്തിൽ സംസാരിക്കവെയാണ് ക്ഷേത്ര പരിസരത്തെ പെരിയാർ സന്ദേശങ്ങൾ കൊത്തിവെച്ചതും പെരിയാർ പ്രതിമയും നീക്കം ചെയ്യുമെന്നും അണ്ണാമലൈ പറഞ്ഞത്.