2023 സെപ്‌റ്റംബര്‍ വരെയുള്ള അക്കൗണ്ടന്റ് ജനറലിന്റെ കണക്കാണിത്. ശമ്ബളത്തിനും സാമൂഹിക പെന്‍ഷനും പോലും പണമില്ലാതെ കേരളം നട്ടംതിരിയുമ്ബോഴാണ് ഇത്തരമൊരു കേന്ദ്രാവഗണന.
പത്താം ധനകാര്യകമ്മിഷന്റെ ശിപാര്‍ശയില്‍ നിന്ന് പതിഞ്ചാം ധനകാര്യകമ്മിഷന്റെ ശിപാര്‍ശയില്‍ എത്തുമ്ബോള്‍ കേരളത്തിനു കിട്ടുന്ന വിഹിതം നേര്‍പകുതിയായി. പതിനഞ്ചാം ധനകാര്യകമ്മിഷന്റെ നികുതിവിഭജനത്തിലെ പാളിച്ചയാണ് സംസ്‌ഥാനത്തിന് ഇത്ര വലിയ തിരിച്ചടിയുണ്ടാക്കിയത്.
എ.ജിയുടെ കണക്കനുസരിച്ച്, കേന്ദ്രവിഹിതം ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിനാണ്. ഇതുവരെ 69,041 കോടി രൂപ കേന്ദ്രവിഹിതമായി ഉത്തർപ്രദേശിന് കിട്ടി. സംസ്‌ഥാനത്തിന്റെ റവന്യുവരുമാനത്തിന്റെ 35.7%.
കേരളത്തിനാകട്ടെ, 10,029 കോടി രൂപ മാത്രമാണ് കിട്ടിയത്. സംസ്‌ഥാനത്തിന്റെ റവന്യുവരുമാനത്തിന്റെ 18 ശതമാനമേയുള്ളൂ ഇത്. ബാക്കി 82% കേരളം തനതു വരുമാനത്തിലൂടെ കണ്ടെത്തണമെന്നു സാരം.
പശ്‌ചിമബംഗാളിന്- 43,778 കോടി രൂപ (റവന്യു വരുമാനത്തിന്റെ 49.4 %), ബിഹാറിന്‌് 26,439 കോടി (42.8 %), രാജസ്‌ഥാന് 36,968 കോടി( 40.8%,) ആന്ധ്രയ്‌ക്ക്-33,018 കോടി (40.2%), ഒഡീഷ-28,144 കോടി (36.3 %), പഞ്ചാബ്-12,955 കോടി (33.8 %), ഗുജറാത്ത്-31,816 കോടി (30.1%), തമിഴ്‌നാട്-29,113 കോടി (26.1%)എന്നിങ്ങനെ പോകുന്നു കേന്ദ്രവിഹിത കണക്കുകള്‍.
സംസ്‌ഥാനങ്ങളുടെ റവന്യുവരുമാനത്തില്‍ 35 മുതല്‍ ഏകദേശം 50ശതമാനം വരെ കേന്ദ്രവിഹിതത്തിന് സ്‌ഥാനമുള്ളപ്പോഴാണ് കേരളത്തില്‍ വെറും പതിനെട്ട് ശതമാനം. ഈ കാലയളവില്‍ കേരളത്തിനുണ്ടായ ആകെ റവന്യു വരുമാനം 45,540 കോടി രൂപയാണ്. ഇതില്‍ 38509 കോടി രൂപയും സംസ്‌ഥാനത്തിന്റെ തനതു സമാഹരണമാണ്. കേന്ദ്ര നികുതിവിഹിതമായി 5588 കോടി രൂപയും ഗ്രാന്റായി 4441 കോടി രൂപയുമാണ് ആകെ കിട്ടിയത്.
സമാനസ്‌ഥിതിയാണ് കര്‍ണാടകയും നേരിടുന്നത്. അവര്‍ക്ക് ഈ കാലയളവില്‍ കേന്ദ്ര കൈമാറ്റത്തിലൂടെ ലഭിച്ചത് വെറും 15,766 കോടി രൂപ. റവന്യുവരുമാനത്തിന്റെ 15%.