IndiaNEWS

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയേയും രാഹുലിനെയും വട്ടമിട്ട് ഇ.ഡി വീണ്ടും

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയേയും രാഹുലിനേയും ഇ.ഡി വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇരുവര്‍ക്കും പുതിയ സമന്‍സ് അയക്കാനാണ് നീക്കം. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ചോദ്യംചെയ്യാന്‍ ഇ.ഡി. ആലോചിക്കുന്നത്.

കേസില്‍ കോണ്‍ഗ്രസ് മുന്‍ ട്രഷറര്‍ പവന്‍ ബന്‍സലിനെ കഴിഞ്ഞ രണ്ട് ദിവസമായി ഇ.ഡി ചോദ്യം ചെയ്യുകയാണ്. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ബന്‍സലിനെ ചോദ്യം ചെയ്യുന്നത്.

Signature-ad

കേസ് അന്വേഷിക്കുന്ന ഇ.ഡി. സംഘം കഴിഞ്ഞ വര്‍ഷം സോണിയ ഗാന്ധിയെ മൂന്ന് ദിവസവും, രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും ചോദ്യം ചെയ്തിരുന്നു. യങ് ഇന്ത്യ എന്ന കമ്പനിയിലേക്ക് 2019 വരെ ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായി ഇ.ഡി. വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു.

2014ലാണ് സംഭവത്തില്‍ ഇ.ഡി അന്വേഷണം തുടങ്ങിയത്. കേസില്‍ രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, അന്തരിച്ച മോത്തിലാല്‍ വോറ, സാം പിട്രോഡ എന്നിവര്‍ക്ക് എതിരെ 2012ലാണ് സുബ്രഹ്‌മണ്യം സ്വാമി കേസ് ഫയല്‍ ചെയ്തത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായിരുന്ന, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള ദി അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്- എജെഎല്‍ എന്ന കമ്പനിയെ യങ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന കമ്പനി വഴി തട്ടിയെടുത്തെന്നാണ് ആരോപണം.

Back to top button
error: