IndiaNEWS

സ്‌കൂളിന്റെ പടി ചവിട്ടിയിട്ടില്ല, ഒമ്പതാം ക്ലാസ് പോലും പാസായിട്ടില്ല; തേജസ്വിയുടെ ‘തൊലിയുരിച്ച്’ പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിവാദ പരാമര്‍ശങ്ങളെ അനുകൂലിച്ച ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ മുന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.തേജസ്വി സ്‌കൂളില്‍ പോകാത്തതിനാല്‍ ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് അറിവില്ലെന്നും ഒമ്പതാം ക്ലാസ് പോലും പാസായിട്ടില്ലെന്നും ആളുകള്‍ക്ക് അറിയാമെന്ന് കിഷോര്‍ പറഞ്ഞു.

ജനസംഖ്യ നിയന്ത്രിക്കുന്നതിന് സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള നിതീഷ് കുമാറിന്റെ പരാമര്‍ശം വലിയ വിവാദത്തിന് കാരണമായിരുന്നു. നിതീഷ് കുമാറിന്റെ പരാമര്‍ശത്തെ ന്യായീകരിച്ചുകൊണ്ട് തേജസ്വി യാദവ്, പറയുന്ന കാര്യങ്ങളെ ശരിയായ വീക്ഷണകോണില്‍ നിന്ന് കാണണമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കിഷോറിന്റെ പ്രതികരണം. പരാമര്‍ശം വിവാദമായതിന് പിന്നാലെ നിതീഷ് കുമാര്‍ ക്ഷമാപണം നടത്തിയിരുന്നു.

Signature-ad

താന്‍ ഏത് സ്‌കൂളിലാണ് പഠിച്ചതെന്നും എവിടെ നിന്നാണ് ലൈംഗിക വിദ്യാഭ്യാസം നേടിയതെന്നും യാദവ് പരസ്യമായി വെളിപ്പെടുത്തണമെന്നും കിഷോര്‍ പറഞ്ഞു. ”അദ്ദേഹം ഒമ്പതാം ക്ലാസ് പോലും പാസായിട്ടില്ല, അതിനാല്‍, ഏത് സ്‌കൂളിലാണ് പഠിച്ചതെന്നും എവിടെ നിന്നാണ് ലൈംഗിക വിദ്യാഭ്യാസം നേടിയതെന്നും വെളിപ്പെടുത്തണം. നിതീഷ് കുമാറിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള തേജസ്വി യാദവിന്റെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ അറിവില്ലായ്മയാണ് കാണിക്കുന്നത്” -കിഷോര്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചത് പോലെ അശ്ലീലമായ ഭാഷയില്‍ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കുന്നില്ലെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു. ”തേജസ്വി യാദവ് വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കണം. അപ്പോള്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് നോക്കാം” – അദ്ദേഹം പറഞ്ഞു. ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും വിദ്യാസമ്പന്നയായ സ്ത്രീക്ക് ലൈംഗിക ബന്ധത്തില്‍ ഭര്‍ത്താവിനെ നിയന്ത്രിക്കാനാകുമെന്നായിരുന്നു നിതീഷ് കുമാര്‍ നിയമസഭയില്‍ നടത്തിയ വിവാദ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: