പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ ഉടലെടുത്ത തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. മന്ത്രി എ കെ ശശീന്ദ്രനുമായും മാണി സി കാപ്പൻ എംഎൽഎയുമായും മുഖ്യമന്ത്രി ചർച്ച നടത്തും. എൻസിപി ഇടതുമുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.
പാലാ സീറ്റ് മാണി വിഭാഗത്തിന് വിട്ടു നൽകിക്കൊണ്ടുള്ള ഒത്തുതീർപ്പിന് തയ്യാറല്ലെന്നാണ് എൻസിപി നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിൽ നിന്ന് അവർക്ക് കൃത്യമായ ഉറപ്പും ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ മുന്നണിയിൽ നിന്ന് ഒരു ഘടകക്ഷി വിട്ടു പോവുക എന്നത് എൽഡിഎഫിനെ സംബന്ധിച്ച് തിരിച്ചടിയാണ്.
ഈ സാഹചര്യത്തിലാണ് എൻ സി പി നേതൃത്വവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് തയ്യാറെടുക്കുന്നത്. ഈയാഴ്ച തന്നെ മാണി സി കാപ്പനുമായും എ കെ ശശീന്ദ്രനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.