മലയാളികളുടെ ഗാനഗന്ധര്വന് യേശുദാസിന് ഇന്ന് 80-ാം പിറന്നാള്‍. അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെയും മനസിലെയും ഈണമാണ് യേശുദാസ്. ഒന്‍പതാം വയസില്‍ ആലാപന രംഗത്തെത്തിയ യേശുദാസ് എണ്‍പതാം വയസിലെത്തി നില്‍ക്കുമ്പോഴും മലയാള ചലച്ചിത്ര സംഗീത ലോകത്തിന്റെ ഉച്ചസ്ഥായിയിലാണ്. പിറന്നാള്‍ ദിനം പതിവുപോലെ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദാസേട്ടന് ചെലവഴിക്കുന്നു. ഗായകന് ഗാനാര്‍ച്ചന ദേവിക്ക് പിറന്നാള്‍ നിവേദ്യമായി അര്‍പ്പിക്കും.
ഇരുപത്തി രണ്ടാം വയസിലാണ് ‘കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തിലടെ ‘ജാതിഭേദം മതദ്വേഷം…’ എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്. ഇന്നും ഏതു പൊതുപരിപാടിയിലും യേശുദാസ് ആദ്യം പാടുന്ന ഗാനം ഇതുതന്നെ. അന്ന് തുടങ്ങിയ സംഗീത സപര്യയില്‍ പിന്നീടിന്നുവരെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീത രംഗത്തും ഈ ഗായകന് സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലര്‍ത്താത്ത അദ്ദേഹത്തെ ചിലവേളകളില്‍ ആരാധകര്‍ ദാര്‍ശനികനായിപ്പോലും കാണുന്നു. ജനപ്രിയ ഗാനങ്ങളാണ് ഏറ്റവുമധികം ആലപിച്ചിട്ടുള്ളതെങ്കിലും യേശുദാസ് ശുദ്ധസംഗീതത്തെ അങ്ങേയറ്റം വിലമതിക്കുകയും അതിന്റെ ഉദാത്ത മേഖലകളെ സ്പര്ശിക്കുവാന് പരിശ്രമിക്കുകയും ചെയ്യുന്നയാളാണ്. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകള്‍ നേടി.
കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസിന്റെ ആദ്യ ഗുരു അച്ഛന് തന്നെയായിരുന്നു. പിന്നീട് ആര്.എല്‍.വി സംഗീത സ്കൂളില്‍ പഠിച്ചു. നിരവധി തവണ മികച്ച പിന്നണിഗായകനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു. യുനസ്കോ പുരസ്കാരം, വിവിധ സര്‍വ്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിങ്ങനെ അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങള്‍ നിരവധിയാണ്.