പാലക്കാട്: പാലക്കാട് കൊടുവായൂരിൽ കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് മൂന്ന് ബൾബ് കത്തിച്ച കർഷകന് വൻ പിഴ ചുമത്തി കെഎസ്ഇബി. 60,000 രൂപ വെള്ളിയാഴ്ചക്കകം അടയ്ക്കക്കണമെന്നാണ് നിർദേശം. അതേസമയം നിയമവിധേയമായ നടപടി മാത്രമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ബൾബ് കത്തിച്ചത് അനധികൃതമാണെന്നാണ് കൃഷി വകുപ്പിൻ്റെയും കണ്ടെത്തൽ. ഇതിൻ്റെ പേരിൽ സൗജന്യ വൈദ്യുതി കണക്ഷൻ നിർത്തലാക്കുമോയെന്ന ആശങ്കയിലാണ് സുന്ദരനുള്ളത്.
കൊടുവായൂർ ഒടുകൻ പാറയിൽ ഒരേക്കർ തെങ്ങിൻത്തോട്ടവും, രണ്ടരയേക്കർ നെൽകൃഷിയും ഒരേക്കർ കുളത്തിൽ മത്സ്യകൃഷിയുമുണ്ട് സുന്ദരന്. മത്സ്യകൃഷി തുടങ്ങിയിട്ട് 20 വർഷമായി. ഈ കുളത്തിൽ നിന്നാണ് മോട്ടോർ ഉപയോഗിച്ച് തെങ്ങിനും നെല്ലിനും വെള്ളമെത്തിക്കുന്നത്. രാത്രികാലങ്ങളിൽ ചില പ്രദേശവാസികൾ കുളത്തിൽ നിന്ന് മീൻപിടിക്കാൻ തുടങ്ങിയതോടെ സുന്ദരൻ 3 മാസം മുമ്പ് കുളക്കരയിൽ മൂന്ന് ബൾബുകൾ കത്തിച്ചു. ഇതാണ് പുലിവാലായത്.
അതേസമയം കാർഷികവശ്യത്തിനുള്ള സൗജന്യ വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് ബൾബ് കത്തിക്കാൻ അനുവാദമില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. ഇങ്ങനെ ദുരുപയോഗം ചെയ്തത് മൂലം വലിയ നഷ്ടം കെഎസ്ഇബിയ്ക്ക് ഉണ്ടായെന്നും നോട്ടീസിൽ പറയുന്നു. കർഷകൻ്റെ പരാതിയിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.