KeralaNEWS

കേരളീയം സമാപനം ഇന്ന്; അനന്തപുരിയില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷത്തിന്റെ സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ശങ്കര്‍മഹാദേവനും കാര്‍ത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ പിന്നാലെ അരങ്ങേറും.

സമാപനത്തോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം 3.30 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു. സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനുള്ളവര്‍ മൂന്നരയോടെ പ്രധാനവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തേണ്ടതാണ്. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം സീറ്റ് എന്ന നിലയിലാണ് സീറ്റുകള്‍ അനുവദിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിലേക്ക് എത്തുന്നവരെ സുരക്ഷാ പരിശോധനക്ക് ശേഷമേ കടത്തിവിടൂ. പ്രധാന റോഡുകളില്‍ വാഹനപാര്‍ക്കിങ് അനുവദിക്കില്ല.

Signature-ad

സമാപന പരിപാടി നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്താന്‍ വിവിധ പാര്‍ക്കിങ് സെന്ററുകളില്‍നിന്ന് ഓരോ 10 മിനിട്ടിലും കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തും. പനവിള, ഹൗസിങ് ബോര്‍ഡ് – പ്രസ് ക്ലബ് റോഡ് എന്നിവ വഴിയും ആസാദ് ഗേറ്റ്, വൈഎംസിഎ പ്രസ് ക്ലബ് റോഡ് വഴിയും സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് വിഐപി വാഹനങ്ങള്‍, എമര്‍ജന്‍സി വാഹനങ്ങള്‍, കേരളീയം സംഘാടകരുടെ വാഹനങ്ങള്‍, നിശ്ചിത പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവ മാത്രമേ അനുവദിക്കൂ. ഇത്തരം വാഹനങ്ങള്‍ക്കായി പനവിള – ഹൗസിങ് ബോര്‍ഡ് റോഡിലും സെന്‍ട്രല്‍ സ്റ്റേഡിയം പരിസരത്തുമായി പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

പബ്ലിക് ഓഫീസ് ഗ്രൗണ്ട്, സംസ്‌കൃത കോളേജ് പാളയം, ഗവ. മോഡല്‍ എച്ച്എസ്എസ് തൈക്കാട്, ശ്രീസ്വാതി തിരുനാള്‍ സംഗീത കോളേജ്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തമ്പാനൂര്‍, ഐരാണിമുട്ടം ഗവ. ഹോമിയോ ഹോസ്പിറ്റല്‍ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ബിഎസ്എന്‍എല്‍ ഓഫീസ്, കൈമനം, ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്റര്‍ നാലാഞ്ചിറ എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

Back to top button
error: