NEWSSports

ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈംഡ് ഔട്ട്;ശ്രീലങ്കയെ തോൽപ്പിച്ച് ബംഗ്ലാദേശ്

ന്യൂഡൽഹി:ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈംഡ് ഔട്ടിന്  സാക്ഷിയായ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് ബംഗ്ലാദേശ്.

അര്‍ധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്യാപ്റ്റൻ ഷാകിബുല്‍ ഹസന്റേയും നജ്മുല്‍ ഹൊസൈൻ ഷാന്റോയുടേയും തകര്‍പ്പൻ പ്രകടനങ്ങളുടെ മികവിലും ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശ് തകര്‍ത്തത്.

ശ്രീലങ്ക ഉയര്‍ത്തിയ 280 റണ്‍സ് വിജയ ലക്ഷ്യം ബംഗ്ലാദേശ് 53 പന്ത് ബാക്കി നില്‍ക്കേ മറികടന്നു. ഷാകിബുല്‍ ഹസൻ 82 റണ്‍സ് എടുത്തപ്പോള്‍ ഷാന്റോ 90 റണ്‍സുമായി ബംഗ്ലാദേശ് വിജയത്തിന് അടിത്തറ പാകി.

Signature-ad

നേരത്തേ ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ചരിത് അസലങ്കയുടെ മികവിലാണ് ലങ്ക ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്.

ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈംഡ് ഔട്ടിനും മത്സരം സാക്ഷിയായി. ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസാണ് നിര്‍ഭാഗ്യം കൊണ്ട് പുറത്തായത്. ശ്രീലങ്കന്‍ ഇന്നിങ്സിലെ 25-ാം ഓവറിലായിരുന്നു ആരാധകരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ബംഗ്ലാ ക്യാപ്റ്റൻ ഷാക്കിബുല്‍ ഹസൻ എറിഞ്ഞ ഓവറിലെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്ത്. അഞ്ചാമനായി എയ്ഞ്ചലോ മാത്യൂസ് ഗ്രൗണ്ടിലെത്തുന്നു. എന്നാല്‍, ഹെല്‍മെറ്റില്‍ എന്തോ അസ്വാഭാവികത തോന്നി പുതിയത് കൊണ്ടുവരാൻ ആവശ്യപ്പെടുന്നു. കേടായ ഹെല്‍മെറ്റുമായായിരുന്നു താരം ക്രീസിലെത്തിയത്. എന്നാല്‍, അംപയറോടോ ബംഗ്ലാദേശ് ക്യാപ്റ്റനോടോ അനുവാദം തേടാതെയായിരുന്നു മറ്റൊരു ഹെല്‍മെറ്റ് എത്തിക്കാൻ മാത്യൂസ് ആവശ്യപ്പെട്ടത്.

സബ്സ്റ്റിറ്റ്യൂട്ട് താരം ഹെല്‍മെറ്റുമായി എത്താൻ വൈകിയതോടെ അംപയര്‍ ഇടപെട്ടു. പിന്നാലെ ബംഗ്ലാദേശ് ‘ടൈം ഔട്ടി’നായി അപ്പീല്‍ ചെയ്തു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പുതിയ ബാറ്റര്‍ ക്രീസിലെത്തേണ്ട നിശ്ചിതസമയമായ രണ്ടു മിനിറ്റും കഴിഞ്ഞിട്ടുണ്ടെന്നു വ്യക്തമായതോടെ അംപയര്‍ ഔട്ട് വിളിക്കുന്നു. അംപയറുമായും ബംഗ്ലാ താരങ്ങളുമായും വാക്കുതര്‍ക്കമുണ്ടായെങ്കിലും താരത്തിനു തിരിച്ചുമടങ്ങേണ്ടിവന്നു. സംഭവത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയിലടക്കം നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം പുകയുകയാണ്.

Back to top button
error: