KeralaNEWS

ദീപാവലിക്ക് മുന്നേ ദീപപ്രഭയിൽ കുളിച്ച് തിരുവനന്തപുരം നഗരം; വൻ വിജയമായി കേരളീയം

തിരുവനന്തപുരം: ജനത്തിരക്കിന്റെ ഇരമ്പലാണ് തിരുവനന്തപുരം നഗരത്തിലെങ്ങും. ഉച്ച കഴിഞ്ഞതോടെ കേരളീയത്തിന്റെ എല്ലാ വേദികളിലും സൂചി കുത്താന്‍ ഇടമില്ലാത്ത രീതിയിലുള്ള തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.

മഴ പെയ്തിട്ടും തിരക്കിന് കുറവുണ്ടായില്ല.കഴിഞ്ഞ ആറ് ദിവസമായി തിരുവനന്തപുരം നഗരത്തിലെ ഓരോ കോണിലേയും കാഴ്ച ഇതുതന്നെയായിരുന്നു.ശനിയാഴ്ച കെ.എസ് ചിത്രയുടെ ഗാനമേള അരങ്ങേറിയ സെന്‍ട്രല്‍ സ്റ്റേഡിയം, നിശാഗന്ധിയില്‍ നടന്ന ‘മലയാളപ്പുഴ’ മള്‍ട്ടിമീഡിയ വിര്‍ച്വല്‍ റിയാലിറ്റി ഷോ, ടാഗോറില്‍ അരങ്ങേറിയ പല്ലവി കൃഷ്ണന്റെയും സംഘത്തിന്റെയും മോഹിനിയാട്ടം, രാജശ്രീ വാര്യരുടെയും സംഘത്തിന്റെയും നൃത്തം എന്നിവയ്ക്കൊക്കെ ജനം ഇരച്ചുകയറി.

ഭക്ഷ്യമേള പവലിയനുകള്‍ ആയിരുന്നു തിരക്കേറിയ മറ്റിടങ്ങള്‍. സൂര്യകാന്തി ഓഡിറ്റോറിയത്തിലും മാനവീയം വീഥിയിലും യൂണിവേഴ്സിറ്റി കോളേജിലും രുചി മുകുളങ്ങള്‍ നുകരാന്‍ വന്നവരുടെ നീണ്ട നിരയായിരുന്നു.

Signature-ad

ഇല്യൂമിനേഷന്‍ ആസ്വദിക്കാനും വെട്ടിത്തിളങ്ങുന്ന ബഹുവര്‍ണ്ണങ്ങളുടെ പശ്ചാത്തലത്തില്‍ സെല്‍ഫികളെടുക്കാനും ആളുകള്‍ കൂട്ടംകൂടി.സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ നഗരവീഥികള്‍ കയ്യടക്കി. രാവിലെ ആകട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തിരക്കായിരുന്നു ഓരോ വേദിയിലും. സെമിനാര്‍ വേദികളില്‍ പതിവുപോലെ സീറ്റുകള്‍ നിറഞ്ഞനിലയായിരുന്നു.

 

അതേസമയം കേരളത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന `കേരളീയം’ പരിപാടി എല്ലാ വർഷവും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

“കേരളത്തെ അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. എല്ലാ വർഷവും അതാത് വർഷത്തെ അടയാളപ്പെടുത്തുന്ന വിധം കേരളീയം നടത്താനാണ് ആഗ്രഹിക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു.

 

ഈവർഷം ഇതാദ്യമായി സംഘടിപ്പിച്ച കേരളീയം ഇന്ന് അവസാനിക്കും.നവംബർ ഒന്നിനായിരുന്നു മേള ആരംഭിച്ചത്.

Back to top button
error: