CrimeNEWS

വീടുകയറി ആക്രമണം, അരിവാൾ കൊണ്ട് ഗൃഹനാഥനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഒളിവിലായിരുന്ന നാലു പേരെ ഈരാറ്റുപേട്ട പോലീസ് പൊക്കി

ഈരാറ്റുപേട്ട: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് ചിറപ്പാറയിൽ വീട്ടിൽ സബീർ സി.എസ്(35) ആർപ്പൂക്കര ഈസ്റ്റ് പള്ളത്ത് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന മോഹിത് കൃഷ്ണ (41), കോട്ടയം പുലിയന്നൂർ തെക്കുംമുറി ഭാഗത്ത് കാരത്തറ വീട്ടിൽ മുരളി (50), കോതമംഗലം നെല്ലിമറ്റം ഭാഗത്ത് വടക്കേടത്ത്പറമ്പിൽ വീട്ടിൽ സച്ചു (30) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് ഈരാറ്റുപേട്ട കുറ്റിപ്പാറ സ്കൂളിന് സമീപമുള്ള വീട്ടിൽ കഴിഞ്ഞമാസം 27 ആം തീയതി രാത്രി 11:45 മണിയോടുകൂടി അതിക്രമിച്ചുകയറി വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു പൊട്ടിക്കുകയും, വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് കയ്യിലുണ്ടായിരുന്ന അരിവാൾ കൊണ്ട് ഗൃഹനാഥനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവർക്ക് ഗൃഹനാഥന്റെ കുടുംബത്തോട് കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.

Signature-ad

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ സാജിദ് നസീർ, അൻസാരി എം.ബി , ശ്രീനി യോഹന്നാൻ എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന മറ്റു പ്രതികളെ പിടികൂടുന്നതിനു വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ തിരച്ചിലിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു വി.വി, ഷാബുമോൻ ജോസഫ്, അംശു പി. എസ്, അനിൽ വർഗീസ്, സി.പി.ഓ മാരായ അനീഷ് കെ.സി, ജിനു കെ.ആർ, ജോബി ജോസഫ്, അജിത് എം.ചെല്ലപ്പൻ സന്ദീപ് രവീന്ദ്രൻ, രാജേഷ് എൻ.ആർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സബീർ ഈരാറ്റുപേട്ട, ആലപ്പുഴ,പള്ളിക്കത്തോട്, കടുത്തുരുത്തി, പൊൻകുന്നം, തൊടുപുഴ എന്നീ സ്റ്റേഷനുകളിലും, മോഹിത് കൃഷ്ണ ഏലൂർ സ്റ്റേഷനിലെയും. മുരളി കിടങ്ങൂർ സ്റ്റേഷനിലെയും ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇവരെ കോടതിയിൽ ഹാജരാക്കി.

Back to top button
error: