എറണാകുളം: ആലുവയില്‍ അഞ്ചുവയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട് 35ാം ദിവസം കുറ്റപത്രം, രണ്ടുമാസത്തിന് ശേഷം വിചാരണ, 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി നൂറാം ദിവസം വിധി.
ഈ ദിവസം ആലുവ റൂറല്‍ എസ്പി ഓഫീസിലെ കൗണ്ട് ഡൗണ്‍ ബോര്‍ഡിലും പോലീസ് ‘100’ എന്നെഴുതിയിട്ടുണ്ട്. കേസില്‍ പ്രതി അസ്ഫാക്ക് ആലം അറസ്റ്റിലായത് മുതല്‍ പോലീസ് ആരംഭിച്ച കൗണ്ട് ഡൗണിന്റെ അവസാന ദിനമാണ് ഇന്ന്. പ്രതിയെ അറസ്റ്റ് ചെയ്ത ജൂലൈ 28 നാണ് ആലുവ റൂറല്‍ എസ്പി ഓഫീസില്‍ പോലീസ് ഈ ബോര്‍ഡ് സ്ഥാപിച്ചത്.
ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം എല്ലാ നടപടിക്രമങ്ങളും നടത്തിയത് അതിവേഗത്തിലായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പഴുതടച്ചുള്ള കുറ്റപത്രം തയ്യാറക്കല്, പ്രതിക്കെതിരെ തെളിവുകള്‍ ശേഖരിക്കല്‍ തുടങ്ങിയവ വേഗത്തിലാക്കാന്‍ റൂറല്‍ എസ്പി വിവേക് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായി കൗണ്ട് ഡൗണ്‍ ബോര്‍ഡ് എസ്പി ഓഫീസില്‍ സ്ഥാപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്ന ഉദേശത്തോടെയാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് റൂറല്‍ എസ്പി വിവേക് കുമാര്‍ വ്യക്തമാക്കിയത്.
അഞ്ചുവയസുകാരിയെ ക്രൂരബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. കേസില്‍ 35 ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണ 26 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി അതിവേഗത്തിലാണ് വിധി ഇന്ന് പറയുന്നത്. ബിഹാര്‍ സ്വദേശി അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 28 നാണ് നാടിനെ നടുക്കിയ ക്രൂരകൊലപാതകം ആലുവ മാര്‍ക്കറ്റില്‍ വച്ച് നടന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ അഞ്ചുവയസുകാരിയായ മകളെ പ്രതി തട്ടിക്കൊണ്ട് പോയി ജ്യൂസ് വാങ്ങി നല്കി മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം കുട്ടി ധരിച്ചിരുന്ന ബനിയന് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ശേഷം കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയിലകള്‍ക്കുള്ളില്‍ മൂടി. എന്നാല്‍, സിസിടിവി പരിശോധനയിലൂടെ പ്രതിയെ പോലീസ് അന്നുതന്നെ പിടികൂടിയിരുന്നു.