കണ്ണൂര്‍: പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ കണ്ണൂരില്‍ വെടിവയ്പ്പ്. ചിറക്കലിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാബു ഉമ്മന്‍ തോമസ് എന്നയാളാണ് പൊലീസിനു നേരെ വെടിയുതിര്‍ത്തത്. ഇയാളെയാണ് അറസ്റ്റ് ചെയ്തത്.
വധ ശ്രമക്കേസില്‍ ബാബുവിന്റെ മകന് റോഷനെ തിരക്കി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ പൊലീസിനെ ആക്രമിച്ചത്. പിന്നാലെ റോഷന് പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വീടിനു സമീപം ഒരു കാര്‍ തകര്‍ന്ന നിലയില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ടു ആക്രമിച്ച കേസിലാണ് റോഷന് പ്രതിയായത്. ഇയാളെ പിടികൂടാനായി വളപട്ടണം എസ്ഐ നിധിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം ചിറക്കല്‍ ചിറയ്ക്ക് സമീപത്തുള്ള ഇയാളുടെ വീട്ടിലെത്തിയത്. രണ്ട് നില വീടിന്റെ കോണപ്പടി കയറി പൊലീസ് സംഘം എത്തി വാതിലില്‍ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന് പിതാവ് ബാബു ഉമ്മന്‍ തോമസ് വെടിയുതിര്‍ത്തത്.
എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഘര്‍ഷത്തിനിടെയാണ് പൊലീസിനെ വെട്ടിച്ച് റോഷന് രക്ഷപ്പെട്ടത്. വെടിയുതിര്‍ത്തതിനു പിന്നാലെ ബാബുവിനെ പൊലീസ് സംഘം കീഴ്പ്പെടുത്തി. ഇയാളെ ചോദ്യം ചെയ്യുകയാണെന്നു പൊലീസ് വ്യക്തമാക്കി. തോക്കിനു ലൈസന്‍സുണ്ടെന്നു പൊലീസ് പറഞ്ഞു.
ഒക്ടോബര്‍ 22നാണ് തമിഴ്നാട് സ്വദേശിയെ റോഷന് പേപ്പര്‍ കട്ടര്‍ കൊണ്ടു ആക്രമിച്ചത്. നിരവധി കേസുകള്‍ റോഷന് പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കര്‍ണാടകയില്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്.